ചക്കവീണ് മുയലിനെ കിട്ടിയ സന്തോഷത്തില്‍ നിന്നും കോണ്‍ഗ്രസ് ഇനിയും കരകയറിയിട്ടില്ല. അതുകൊണ്ടാണല്ലൊ ഇന്നത്തെ ആഹ്ലാദം. കേരളത്തിലെ 20 സീറ്റും നേടുമെന്നാണ് പറയുന്നത്. കഴിഞ്ഞതവണ 19 സീറ്റ് നേടിയത് സംഘടനാ മിടുക്കുകൊണ്ടാണെന്ന സങ്കല്പത്തിലാണിന്നും. എഐസിസിയുടെ സംഘടനാമൊയന്ത് വേണുഗോപാലാണ് അതാവര്‍ത്തിച്ചത്. ജയശങ്കരന്‍ വക്കീലിന്റെ വാക്കുകള്‍ കടമെടുത്താല്‍ എട്ടുംപൊട്ടുംവശമില്ലാത്ത വേണുഗോപാലിന്റെ തട്ടിനൊത്ത് താളംപിടിക്കാന്‍ നിന്നാല്‍ എട്ടുനിലക്കുപൊട്ടുമെന്നറിയാത്തവരായാലെന്തുചെയ്യും.
രാഹുലിന്റെ മോദിപരാമര്‍ശ വിഷയത്തിലെ കേസ് സ്റ്റേ ചെയ്ത വിഷയത്തില്‍ വേണുഗോപാല്‍ പറയുന്നത് നോക്കുക.
കേന്ദ്രസര്‍ക്കാരിനെതിരെ ആര് ശബ്ദിച്ചാലും അവരെ അയോഗ്യനാക്കുക, ജയിലില്‍ അടയ്‌ക്കുക തുടങ്ങിയവയാണ് ഇന്നത്തെ ഭരണകൂടം ഉപയോഗിച്ചരുന്ന മാര്‍ഗം. സുപ്രീംകോടതി വിധി കേന്ദ്രസര്‍ക്കാരിനെതിരായിട്ടുള്ള വ്യക്തമായ സന്ദേശമാണ്. തെറ്റുകള്‍ക്കെതിരെ ശബ്ദിക്കുന്നവര്‍ക്ക് അവരുടെ ശബ്ദം ന്യായമെങ്കില്‍ കോടതിയുടെ സംരക്ഷണമുണ്ടാകും എന്നതാണ് വിധി ചൂണ്ടിക്കാട്ടുന്നത്. കോടതി ഉത്തരവിന്റെ പകര്‍പ്പ് വന്നാലുടനെ എംപി സ്ഥാനം പുനഃസ്ഥാപിക്കാന്‍ ആവശ്യപ്പെടും.
അദാനി-മോദി ബന്ധം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്ത അന്നു മുതല്‍ തുടങ്ങിയതാണ് കേസിന്റെ ഗതി. ഗുജറാത്തിലെ കോടതികള്‍ ചെയ്ത കാര്യമാണ് സുപ്രീംകോടതി പറഞ്ഞത്. നിയമവ്യവസ്ഥയില്‍ വിശ്വാസമുള്ള കോണ്‍ഗ്രസ് പാര്‍ട്ടി കേസുകളെ നിയമപരമായി നേരിടുമെന്നും കെ.സി.വേണുഗോപാല്‍ പറയുന്നു.
നീതിപീഠത്തിന്റെ ഉറപ്പ് ജനങ്ങളിലെത്തിക്കുന്നതാണ് കോടതി വിധിയെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. സുപ്രീംകോടതി വിധി മതേതര പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകരും. ബിജെപി വര്‍ഗീയത ആയുധമാക്കുകയാണ്. ഇത് ജനങ്ങള്‍ക്ക് ബോധ്യമായി. രാജ്യത്തെ സംഭവവികാസങ്ങളില്‍ ജനങ്ങള്‍ക്ക് ഭയപ്പാടുണ്ട്. ജനാധിപത്യപ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകരുന്നതാണ് വിധിയെന്നും കേരളത്തിന്റെ നമ്പര്‍ വണ്‍ മതേതരന്‍ പറയുന്നു.
നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം തകരാതെ കാത്തുസൂക്ഷിക്കുന്നതാണ് സുപ്രീംകോടതി വിധിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പ്രതികരിച്ചു. ഭരണകൂടത്തെ വിമര്‍ശിച്ചതിന്റെ പേരില്‍ രാഷ്‌ട്രീയനേതാവിനെ വേട്ടയാടുന്ന സമീപനമാണ് ഉണ്ടായത്. വളരെ വിചിത്രമായ വിധിയായിരുന്നു ഗുജറാത്ത് കോടതിയില്‍നിന്നുണ്ടായത്. ഇത് ഭരണകൂടത്തെ പിന്തുണയ്!ക്കുന്നതാണെന്ന് സംശയമില്ലായിരുന്നു. ഫാഷിസത്തിനും വര്‍ഗീയതയ്‌ക്കുമെതിരെ ജനങ്ങളെ ഒന്നിപ്പിക്കാന്‍ ശക്തിപകരുന്നതാണ് വിധിയെന്നും സതീശന്‍ പറയുമ്പോള്‍ വായില്‍ തോന്നുന്നതെല്ലാം കോതയ്‌ക്ക് പാട്ടാകാമോ എന്ന സംശയം ബാക്കിനില്‍ക്കുന്നു.
തെരഞ്ഞെടുപ്പിനിറങ്ങുമ്പോള്‍ സംസ്ഥാനത്തു പാര്‍ട്ടിക്കു പുതിയൊരു രാഷ്‌ട്രീയ ആഖ്യാനം മുന്നോട്ടുവയ്‌ക്കാനുണ്ടാകണമെന്ന നിര്‍ദേശവും കോണ്‍ഗ്രസിന്റെ നേതൃയോഗത്തില്‍ ഉയര്‍ന്നത്രെ. തെരഞ്ഞെടുപ്പു സമിതികള്‍ ഉടന്‍ തീരുമാനിക്കാനും ധാരണയായി. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ യുഡിഎഫ് സംസ്ഥാനത്തു മുഴുവന്‍ സീറ്റുകളും നേടുമെന്നു യോഗത്തിനു ശേഷം നേതാക്കള്‍ പ്രതികരിക്കുമ്പോള്‍ ഒരു സംശയം ബാക്കി ‘ഇന്ത്യ’ സഖ്യം കേരളത്തിലില്ലെ? യോഗത്തില്‍ സംഘടനാപ്രശ്‌നങ്ങള്‍ ഉന്നയിക്കപ്പെട്ടെങ്കിലും കുറ്റപ്പെടുത്തലുകള്‍ക്കുള്ള വേദിയല്ല ഇതെന്നു സംഘടന ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പറഞ്ഞതോടെ നേതാക്കള്‍ സംയമനം പാലിച്ചു. എന്‍എസ്എസ് വിഷയവും ഉയര്‍ന്നെങ്കിലും കാര്യമായ ചര്‍ച്ചയിലേക്കു കടന്നില്ല. വര്‍ഗീയത പടര്‍ത്തുന്ന നീക്കങ്ങള്‍ക്കെതിരെ ശക്തമായ നിലപാടു വേണമെന്നു രാഹുല്‍ ഗാന്ധി പറഞ്ഞു. കര്‍ണാടകയിലെ തെരഞ്ഞെടുപ്പു വിജയവും അദ്ദേഹം ഓര്‍മിപ്പിച്ചു. കര്‍ണാടക മാതൃകയാക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചതായി കേള്‍ക്കുന്നു. അധികാരം പിടിക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. എന്തിനാണ് അധികാരം പിടിക്കുന്നത്? അഴിമതി നടത്താനോ? ഇപ്പോള്‍ തൊഴില്‍ മേള നടക്കുന്നത് തടയാനോ? ലക്ഷക്കണക്കിന് ചെറുപ്പക്കാര്‍ക്കാണ് തൊഴില്‍മേള വഴി ജീവിതവഴി തുറക്കുന്നത്. കോണ്‍ഗ്രസിന് അത്യാഗ്രഹമാണ്. അത്യാഗ്രഹിക്ക് ഉള്ളതും നശിക്കുമെന്നുണ്ടല്ലൊ.
ദേശീയതലത്തില്‍ ന്യായവും സുതാര്യവുമായ റിക്രൂട്ട്‌മെന്റ് സംഘടിപ്പിക്കുന്ന റോസ്ഗാര്‍ മേള ഇപ്പോള്‍ കേന്ദ്ര ഗവണ്മെന്റിന്റെ പുതിയ അടയാളമായി മാറിയിരിക്കുന്നു. റോസ്ഗാര്‍ മേളയുടെ കീഴില്‍ കേന്ദ്രഗവണ്മെന്റും സംസ്ഥാന ഗവണ്മെന്റുകളും ഓരോ മാസവും ആയിരക്കണക്കിന് നിയമന കത്തുകള്‍ കൈമാറുന്നു. യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള ഗവണ്മെന്റിന്റെ പ്രതിബദ്ധതയാണ് ഈ മേളകള്‍ പ്രതിഫലിപ്പിക്കുന്നത്. റോസ്ഗാര്‍ മേളകളിലൂടെ യുവാക്കള്‍ ശാക്തീകരിക്കപ്പെടുകയും ദേശീയ വികസനത്തില്‍ അവര്‍ക്ക് പങ്കാളിത്തത്തിന് അര്‍ത്ഥവത്തായ അവസരങ്ങള്‍ ലഭിക്കുകയും ചെയ്യുന്നു.
മികവ് പുലര്‍ത്താനുള്ള അഭിലാഷം, ഉത്സാഹം, ചൈതന്യം എന്നിവ ഇന്ത്യയിലെ യുവാക്കളെ നിര്‍വചിക്കുന്നു. നമ്മുടെ യുവശക്തി ലോകമെമ്പാടും പ്രത്യാശയും വിശ്വാസവും പ്രചോദിപ്പിക്കുന്നു. ഇന്ന്, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍, നൈപുണ്യ വികസനം മുതല്‍ നൂതനാശയവും സ്റ്റാര്‍ട്ടപ്പുകള്‍ വരെയും, രാജ്യം യുവാക്കളുടെ അഭിലാഷങ്ങളെയും ഊര്‍ജ്ജത്തെയും ആവേശത്തെയും അവസരങ്ങളുമായി നിരന്തരം ബന്ധിപ്പിക്കുന്നു. കഴിഞ്ഞ ഒമ്പത് വര്‍ഷങ്ങളില്‍, സര്‍വതോന്മുഖവും സമ്പൂര്‍ണവുമായ വികസനം എന്ന കാഴ്ചപ്പാടോടെ, അത്തരം നയങ്ങള്‍ രൂപീകരിക്കുകയും തീരുമാനങ്ങള്‍ എടുക്കുകയും ചെയ്തു. ഇത് തൊഴില്‍, സ്വയം തൊഴില്‍, ബിസിനസ്, സംരംഭകത്വം എന്നിവയ്‌ക്ക് വലിയ അവസരങ്ങള്‍ സൃഷ്ടിച്ചു. ഗവണ്മെന്റ് ജോലിയില്‍ വരുന്നവര്‍ക്ക് ഇത് വളരെ പ്രധാനപ്പെട്ട സമയമാണ്. അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയെ വികസിത രാഷ്‌ട്രമാക്കി മാറ്റുകയാണ് ലക്ഷ്യം. വര്‍ത്തമാനകാലത്തോടൊപ്പം, രാജ്യത്തിന്റെ ശോഭനമായ ഭാവിക്കായി കഠിനാധ്വാനം ചെയ്യണം.
തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച ഡിജിറ്റല്‍ അടിസ്ഥാന സൗകര്യം മുതല്‍ ഭൗതിക അടിസ്ഥാന സൗകര്യങ്ങള്‍ വരെ, അഭൂതപൂര്‍വമായ വേഗത്തിലും അളവിലും മാറ്റങ്ങള്‍ സംഭവിച്ചു. 9 വര്‍ഷത്തിനുള്ളില്‍ പത്താം സ്ഥാനത്ത് നിന്ന് കുതിച്ച്, ഇന്ത്യ ഇന്ന് ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറിയിരിക്കുന്നു. ആഗോള സ്ഥാപനങ്ങള്‍ ഇന്ത്യയുടെ ശക്തിയും കഴിവും തിരിച്ചറിയുന്നു.
ലോകത്തെ പ്രമുഖ കമ്പനികള്‍ ഇന്ത്യയില്‍ തങ്ങളുടെ യൂണിറ്റുകള്‍ സ്ഥാപിക്കുന്നു. കഴിഞ്ഞ 9 വര്‍ഷത്തിനിടെ 600 ദശലക്ഷം ഡോളറിന്റെ അഭൂതപൂര്‍വമായ എഫ്ഡിഐ നിക്ഷേപം ഉണ്ടായി. ഇന്ന്, ഇന്ത്യയിലെ സ്വകാര്യ, പൊതുമേഖലകളില്‍ പുതിയ തൊഴിലവസരങ്ങള്‍ നിരന്തരം സൃഷ്ടിക്കപ്പെടുന്നു. നമ്മുടെ യുവാക്കളില്‍ വലിയൊരു വിഭാഗം സ്വയം തൊഴിലിനായി മുന്നോട്ടുവരുന്നുണ്ട്. ബാങ്ക് ഗ്യാരണ്ടി ഇല്ലാതെ സാമ്പത്തിക സഹായം നല്‍കുന്ന മുദ്ര യോജന കോടിക്കണക്കിന് യുവാക്കളെ സഹായിച്ചിട്ടുണ്ട്. സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ, സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ തുടങ്ങിയ പദ്ധതികള്‍ യുവാക്കളുടെ കഴിവുകള്‍ കൂടുതല്‍ വര്‍ധിപ്പിച്ചു. ഗവണ്മെന്റിന്റെ സഹായം ലഭിച്ച ഈ യുവാക്കള്‍ ഇപ്പോള്‍ നിരവധി യുവാക്കള്‍ക്ക് ജോലി നല്‍കുന്നുണ്ട്. അതൊക്കെ ഇല്ലായ്മ ചെയ്യാനാണോ ഭരണമാറ്റം. ആഭ്യന്തരമന്ത്രി പറഞ്ഞതുപോലെ എന്ത് സഖ്യമുണ്ടാക്കിയാലും അടുത്തതവണയും വന്‍ ഭൂരിപക്ഷത്തോടെ നരേന്ദ്രമോദി അധികാരത്തിലെത്തുക തന്നെ ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: