ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഇല്ലംനിറ ആഗസ്ത് 21ന് രാവിലെ 6.19 മുതല്‍ എട്ട് വരെയും തൃപ്പുത്തരി 23ന് രാവിലെ 6.19 മുതല്‍ എട്ട് വരെയുമുള്ള മുഹൂര്‍ത്തത്തിലും ആഘോഷിക്കും. ഇല്ലംനിറയുടെ തലേദിവസം കതിര്‍കറ്റകള്‍ വയ്ക്കുന്നതിന് ക്ഷേത്രം കിഴക്കേനടയില്‍ താല്‍ക്കാലിക സ്റ്റേജ് ഒരുക്കും. പുത്തരി നിവേദ്യത്തിനായി 1200 ലിറ്റര്‍ പുത്തരി പായസമാണ് തയാറാക്കുന്നത്. ഒരു ലിറ്ററിന് 220 രൂപയാണ്. മിനിമം കാല് ലിറ്റര്‍ പായസത്തിന് 55 രൂപ. ഒരാള്‍ക്ക് പരമാവധി രണ്ട് ടിക്കറ്റ് അനുവദിക്കും.
ഉത്രാടം കാഴ്ചക്കുല സമര്‍പ്പണം 28ന്
ഗുരുവായൂര്‍: ഓണ വരവറിയിച്ചുള്ള പ്രസിദ്ധമായ ‘ഉത്രാടം കാഴ്ചക്കുല സമര്‍പ്പണം’ 28ന് രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടക്കും. സ്വര്‍ണക്കൊടിമര ചുവട്ടില്‍ അരിമാവണിഞ്ഞ തറയില്‍ നാക്കില വച്ച്, നിലവിളക്കിനെ സാക്ഷിയാക്കിയാണ് കണ്ണനു മുന്നില്‍ കാഴ്ച്ചക്കുല സമര്‍പ്പണം. ക്ഷേത്രം മേല്‍ശാന്തി തോട്ടം ശിവകരന് നമ്പൂതിരി ആദ്യകാഴ്ച്ചക്കുല സമര്‍പ്പിക്കും.
തുടര്‍ന്ന് ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന് നമ്പൂതിരിപ്പാട്, ശാന്തിയേറ്റ നമ്പൂതിരിമാര്‍, ദേവസ്വം ചെയര്മാന് ഡോ. വി.കെ. വിജയന്, ദേവസ്വം ഭരണസമിതി അംഗങ്ങള്‍, അഡ്മിനിസ്ട്രേറ്റര്‍ കെ.പി. വിനയന് തുടങ്ങിയവരും നൂറുകണക്കിന് ഭക്തജനങ്ങളും കാഴ്ച്ചക്കുല സമര്‍പ്പിക്കും. തിരുമുല്‍ക്കാഴ്ച്ചയായി ലഭിച്ച പഴക്കുലകളില്‍ ഒരു വിഹിതം ഭഗവാന്റെ ആനകള്‍ക്കും, ഭക്തര്‍ക്ക് തിരുവോണ നാളില്‍ നല്കുന്ന തിരുവോണ സദ്യക്ക് പഴപ്രഥമനുമായി നീക്കിവയ്ക്കും. ബാക്കി ലേലംചെയ്യും.
തിരുവോണത്തിന് 10,000 പേര്‍ക്ക് പ്രസാദഊട്ട്
ഗുരുവായൂര്‍: തിരുവോണത്തിന് ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്കായി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒരുക്കുന്നത് വിഭവസമൃദ്ധമായ ഓണസദ്യ. 10,000 ഭക്തര്‍ക്ക് പ്രസാദഊട്ട് നല്‍കും. കാളനും ഓലനും പച്ചക്കൂട്ടും കായ വറവും മോരും പപ്പടത്തിനുമൊപ്പം തിരുവോണ വിശേഷാല്‍ വിഭവമായി പഴം പ്രഥമനും ഉണ്ടാകും. കാലത്ത് 10ന് ക്ഷേത്രം അന്നലക്ഷ്മി ഹാളിലും ചേര്‍ന്നുള്ള പന്തലിലും പ്രസാദഊട്ട് ആരംഭിക്കും. അന്നലക്ഷ്മി ഹാളിലേക്കുള്ള പൊതുവരി ഒമ്പതിന് തുടങ്ങും. രണ്ടിന് അവസാനിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: