തിരുവനന്തപുരം: പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനെതിരെ പ്രതിഷേധവുമായി എബിവിപി. തിരുവനന്തപുരം ജില്ലയില്‍ കഴിഞ്ഞ ഒരാഴ്ച്ചയായി ഇടത് നേതാക്കളുടെ നിര്‍ദ്ദേശപ്രകാരം വ്യാപകമായ രീതിയില്‍ പ്രവര്‍ത്തകര്‍ക്കെതിരെ കള്ളകേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയാണെന്ന് എബിവിപി നേതാക്കള്‍ കുറ്റപ്പെടുത്തി.
നെയ്യാറ്റിന്‍കരയില്‍ വിദ്യാര്‍ത്ഥിനിയുടെ വീട് എബിവിപി പ്രവര്‍ത്തകര്‍ അക്രമിച്ചു എന്നതരത്തില്‍ പ്രചരിപ്പിക്കുന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് എബിവിപി ജില്ലാ കമ്മിറ്റി അറിയിച്ചു.
ധനുവച്ചപുരം കോളേജില്‍ പഠിക്കുന്ന ഇതേ വിദ്യാര്‍ത്ഥിനി അജേഷ് എന്നയാളുടെ കഞ്ചാവ് മാഫിയയിലെ അംഗമാണ്, കോളേജിന് പുറത്തും പ്രാദേശികമായും കഞ്ചാവ് വില്‍പ്പന സഹിതം നടത്തിവരുന്ന അജേഷും സംഘവും കഴിഞ്ഞ ദിവസം ധനുവച്ചപുരം കോളേജിലെ അനന്ദു എന്ന വിദ്യാര്‍ത്ഥിയുടെ വീടിനു നേരെ ആയുധങ്ങളുമായി അക്രമം അഴിച്ചു വിട്ടിരുന്നു. ഇതു മറച്ചുവെക്കാനും കേസില്‍ നിന്ന് രക്ഷപ്പെടാനും വേണ്ടി മുന്‍ പോലിസ് ഉദ്യോഗസ്ഥനായ പിതാവിന്റെ സ്വാധീനം ഉള്‍പ്പെടെ ഉപയോഗിച്ച് കെട്ടിച്ചമച്ച നാടകമാണ് ഈ ആക്രമണമെന്ന് എബിവിപി നേതാക്കള്‍ പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളില്‍ എം.ജി കോളേജിലും വഞ്ചിയൂര്‍ സംസ്കൃത കോളേജിലും വട്ടിയൂര്‍ക്കാവ് പോളിടെക്നിക്കില്‍ അടക്കമുള്ള ക്യാമ്പസുകളിലും എബിവിപി പ്രവര്‍ത്തകര്‍ക്ക് നേരെ SFI, DYFI, CPM ഗുണ്ടകളുടെ നേതൃത്വത്തില്‍ ആക്രമണം നടന്നിരുന്നു. ഈ സംഭവങ്ങളില്‍ നടപടി സ്വീകരിക്കാതെ പോലീസിനെ ഉപയോഗിച്ച് എബിവിപി പ്രവര്‍ത്തകരെ വേട്ടയാടാനും കള്ളക്കേസുകളില്‍ കുടുക്കാനുമുള്ള നീക്കത്തെ വിദ്യാര്‍ത്ഥി സമൂഹത്തെ അണിനിരത്തി ചെറുക്കുമെന്ന് എബിവിപി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: