ചാലക്കുടി: വിദ്യാര്‍ത്ഥികളുടെയും, അധ്യാപകരുടെയും ആരോഗ്യസംരക്ഷണത്തിനായി കര്‍ക്കടക മാസത്തില്‍ പത്തിലക്കറിയൊരുക്കി മേലൂര്‍ പൂലാനി വിഷ്ണുപുരം ശ്രീധര്‍മശാസ്താ വിദ്യാനികേതന്‍. ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി ആദ്യകാലത്ത് കര്‍ക്കടക മാസത്തില്‍ ഔഷധക്കഞ്ഞി പോലെ പ്രാധാന്യമുള്ളതായിരുന്നു പത്തിലക്കറി.
നാട്ടിന്‍പുറങ്ങളിലും മറ്റും ലഭിക്കുന്ന ഔഷധഗുണമുള്ള പത്തിലക്കറി കഴിക്കുന്നത് ആരോഗ്യപരമായി ഏറെ പ്രധാന്യമുള്ളതാണ്. ഇന്ന് നാട്ടില്‍ സര്‍വ്വസാധാരണമായ ജീവിത ശൈലീ രോഗങ്ങള്‍ക്കെല്ലാം ഒരു പരിധി വരെ ഉപയോഗപ്രദമാണ് പത്തിലക്കറിയും അതിലെ ഇലക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത്. തഴുതാമ, ചേന, ചേമ്പില, മത്തയില, കുമ്പളയില, പയറില, ചീര, തകര, ആനത്തുമ്പ, ചേനയില തുടങ്ങിയ പത്തിലകള്‍ വിദ്യാര്‍ത്ഥികള്‍ ശേഖരിച്ച് സ്കൂളില്‍ കൊണ്ടുവന്ന് രക്ഷകര്‍ത്താക്കളുടെ നേതൃത്വത്തില്‍ കഴുകി വൃത്തിയാക്കി പാചകം ചെയ്ത് ഉച്ചഭക്ഷണത്തിനൊപ്പം വിതരണം ചെയ്തു. കര്‍ക്കടക മാസാചരണത്തിന്റെ ഭാഗമായി പൂര്‍വ്വികര്‍ കാലങ്ങളായി ആചരിച്ചിരുന്നവ വിദ്യാര്‍ത്ഥികള്‍ക്ക് പകര്‍ന്നു നല്‍കുന്നതിന്റെ ഭാഗമായി ദശപുഷ്പങ്ങളെ പരിചയപ്പെടുത്തല്‍, രാമായണ പാരായണം, പ്രശ്നോത്തരി, രാമായണത്തിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തല്‍, രാമായണത്തിന്റെ പ്രധാന ഭാഗങ്ങള്‍ കാണാന്‍ ടെലിവിഷനിലൂടെ അവസരമൊരുക്കല്‍ തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിച്ചു വരികയാണെന്ന് പ്രധാന അധ്യാപിക സി.എം. റോഷ്നി പറഞ്ഞു.
സമിതി അംഗങ്ങളുടെ നേതൃത്വത്തിലാണ് പത്തിലക്കറിയൊരുക്കിയത്. സി.എം. റോഷ്നി, വിദ്യാലയ സമിതി രക്ഷാധികാരി വി. വേണുഗോപാല്‍, ക്ഷേമസമിതി പ്രസിഡന്റ് ബിജുബാല്‍ കെ.ബി, മാതൃസമിതി സെക്രട്ടറി നിഷ പി.വി, ക്ഷേമസമിതി വൈസ് പ്രസിഡന്റുമാരായ നിധിന് മുല്ലശ്ശേരി, മനോജ് പി. മാധവന് തുടങ്ങിയവര്‍ നേതൃത്വം നല്കി. രക്ഷകര്‍ത്താക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി രാമായണ പാരായണം, രാമായണ പ്രശ്നോത്തരി, പ്രബന്ധരചനാ മത്സരം, ചിത്രരചന, കളറിങ്ങ്, പ്രസംഗം, പ്രഛന്നവേഷം തുടങ്ങിയ വിവിധ മത്സരങ്ങളും വരുംദിവസങ്ങളില്‍ സംഘടിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: