തിരുവല്ല: കുടുംബശ്രീ ജില്ലാമിഷന് തിരുവല്ലയില്‍ ആരംഭിച്ച വില്ലേജ് സൂക്ക് അടച്ചുപൂട്ടുന്നു. മാര്‍ച്ച് മുതല്‍ വില്ലേജ് സൂക്കില്‍ ഒരുസ്ഥാപനവും പ്രവര്‍ത്തിക്കുന്നില്ല.
ഈ പശ്ചാത്തലത്തിലാണ് പൂട്ടാനുള്ള നീക്കം. ജില്ലയില്‍ ആദ്യത്തെ വില്ലേജ് സൂക്ക് പദ്ധതിക്കായി 50 ലക്ഷത്തോളം രൂപയാണ് മുടക്കിയത്.2018-ല്‍ തിരുവല്ല ബൈപ്പാസില്‍ പബ്ലിക് സ്റ്റേഡിയത്തിന് എതിര്‍വശത്തായാണ് സംരംഭം തുടങ്ങിയത്.
സ്വകാര്യവ്യക്തിയുടെ 16 സെന്റ് സ്ഥലത്താണ് 10 കടമുറികളും ഒരുഹോട്ടലും ഉള്‍പ്പെടുന്ന സംരംഭം പ്രവര്‍ത്തനം ആരംഭിച്ചത്. ജില്ലയിലെ വിവിധ കുടുംബശ്രീ യൂണിറ്റുകള്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ ഒരു കുടക്കീഴില് വിപണനത്തിന് അവസരം ഒരുക്കുക, കുടുംബശ്രീ ഉത്പന്നങ്ങള്‍ നഗരങ്ങളില്‍ പരിചയപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളാണുണ്ടായിരുന്നത്.
മുള ഉത്പന്നങ്ങള്‍, ചെറുധാന്യ വിപണനകേന്ദ്രം, രാസപദാര്‍ഥങ്ങളുടെ വില്പനശാല തുടങ്ങിയ സ്ഥാപനങ്ങള്‍ വിവിധ കുടുംബശ്രീക്കു കീഴിലുള്ള സംരംഭകര്‍ ഇവിടെ തുടങ്ങി. ഹോട്ടലും പ്രവര്‍ത്തിച്ചു.കോവിഡ് വന്നതോടെ എല്ലാ സ്ഥാപനങ്ങളും പ്രതിസന്ധിയിലായി. 2023 മാര്‍ച്ചില്‍ അവസാന സ്ഥാപനവും ഇവിടെ പ്രവര്‍ത്തനം നിര്‍ത്തി.
ഭൂവുടമയുമായുള്ള പാട്ടക്കരാര്‍ പ്രകാരം 21,000 രൂപയാണ് മാസവാടക നല്‍കുന്നത്. മാര്‍ച്ചിനുശേഷം വാടക നല്‍കിയിട്ടില്ല. ആദ്യം 55 മാസവും വേണമെങ്കില്‍ പിന്നീട് 110 മാസംവരെയും പാട്ടം നീട്ടാമെന്നാണ് കരാറിലുള്ളത്.
ആദ്യ 55 മാസം പിന്നിട്ടിരിക്കുകയാണ്. സ്ഥലം മടക്കിനല്കാന് ഉടമ ആവശ്യപ്പെടുകയും ചെയ്തു. കെടുകാര്യസ്ഥതമൂലം വില്ലേജ് സൂക്കിന്റെ പ്രവര്‍ത്തനം മന്ദീഭവിക്കുകയായിരുന്നെന്ന് ഇവിടെ സംരംഭം നടത്തിയവര്‍ ആരോപിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: