എം.ഗണേശന്
സ്വര്‍ഗ്ഗീയ മദന്‍ദാസ്ജിയുടെ വിയോഗം, ‘താന്‍ അനാഥനായി’ എന്ന തോന്നല്‍ അനേകായിരം പേരില്‍ ഉണ്ടാക്കുന്നുണ്ട്. അതില്‍ ഞാനും ഉള്‍പ്പെടുന്നു. ഇവിടെ എല്ലാവരും സൂചിപ്പിച്ചതുപോലെ വ്യക്തിനിര്‍മാണത്തിന്റെ, ശക്തമായ സംഘടന കെട്ടിപ്പടുക്കുന്നതിന്റെ മഹാനായ ശില്പിയായിരുന്നു മദന്‍ദാസ്ജി. ഇപ്രകാരം വാക്കുകളിലൂടെ നാം പറയാന്‍ ശ്രമിക്കുന്നു. അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ പൂര്‍ണ്ണമായി പ്രതിഫലിപ്പിക്കാന്‍ വാക്കുകള്‍ക്ക് പരിമിതിയുണ്ട്.
1972 മുതല്‍, കഴിഞ്ഞ 50 വര്‍ഷമായി മദന്‍ദാസ്ജിയുടെ സ്നേഹവും ആത്മീയതയും മാര്‍ഗ്ഗദര്‍ശനവും നിങ്ങളെപ്പോലെ എനിക്കും കിട്ടി. എബിവിപിയില്‍ മദന്‍ജിക്ക് ശേഷം ആ ചുമതല എന്നില്‍ നിക്ഷിപ്തമായി. സംഘത്തില്‍ അദ്ദേഹം സഹസര്‍കാര്യവാഹ് ആയിരുന്നു. പിന്നീട് ഞാനും അതേ ചുമതലയില്‍ വന്നു. വിശ്വവിഭാഗില്‍ അദ്ദേഹം അമേരിക്കയുടെ പാലക് അധികാരിയായിരുന്നു. തുടര്‍ന്ന് ഞാന്‍ അതേ ചുമതലയില്‍ വന്നു. ‘ക മാ മസെലറ ീേ ംലമൃ വശ െവെീല’െ എന്ന് ഇംഗ്ലീഷില്‍ പറയാറുള്ളതുപോലെ എന്നോട് അദ്ദേഹത്തിന്റെ ഷൂ ധരിക്കാന്‍ ആവശ്യപ്പെട്ടു. പക്ഷെ ആ ഷൂ വളരെ വലുതായിരുന്നു.
മദന്‍ദാസ്ജി വ്യക്തികളെ കണ്ടെത്തുന്നത് എങ്ങനെയാണെന്ന അനുഭവം ഇവിടെ ഇരിക്കുന്ന എല്ലാവര്‍ക്കുമുണ്ട്. അതിനാല്‍ അതിനെകുറിച്ച് കൂടുതല്‍ പറയേണ്ടതില്ല. സ്നേഹം നല്‍കുന്നതോടൊപ്പം, തെറ്റായ വഴിയിലൂടെ പോകാതിരിക്കാന്‍, കൃത്യസമയത്ത് കണിശമായ ഭാഷയില്‍ ഉചിതമായ വാക്കുകളില്‍ തെറ്റുകള്‍ തിരുത്തി മദന്‍ദാസ്ജി പ്രവര്‍ത്തകരെ ശരിയായ വഴിയിലൂടെ മുന്നോട്ടു കൊണ്ടുപോയി. ആ കാര്യത്തില്‍ മദന്‍ജി സ്വയം ജാഗ്രത പാലിച്ചു. സംഘടനാപ്രവര്‍ത്തകര്‍ക്ക് വേണ്ട ഗുണങ്ങള്‍ സഹപ്രവര്ത്തകര്ക്കില്ലെങ്കില് അത് വളര്‍ത്തേണ്ട ചുമതല തന്റേതാണെന്ന കര്‍ത്തവ്യബോധം സദാ അദ്ദേഹത്തിനുണ്ടായിരുന്നു. എത്രയോ പ്രാവശ്യം, മണിക്കൂറുകള്‍ ചെലവഴിച്ച് ആയിരക്കണക്കിന് വ്യക്തികളെപ്പറ്റി അദ്ദേഹം അനൗപചാരികമായി ആശയവിനിമയം നടത്തിയ അനുഭവം എനിക്കുണ്ട്. ഈ വേദിയിലും സദസ്സിലുമുള്ള ഓരോ വ്യക്തിയെക്കുറിച്ചും ഏതെങ്കിലും സന്ദര്‍ഭത്തില്‍ അദ്ദേഹം സംസാരിച്ചിട്ടുണ്ട്. വ്യക്തികളെ കാണുമ്പോള്‍ ആദ്യം കാണേണ്ടത് അവരുടെ ഗുണങ്ങളാണ്, ദോഷങ്ങളല്ല. സംഘടനാപ്രവര്‍ത്തനത്തില്‍ ഗുണങ്ങള്‍ ആരോട് പറയണം, ദോഷങ്ങളുണ്ടെങ്കില്‍ ആരോട് പറയണം എന്ന വിവേകം അദ്ദേഹത്തിനുണ്ടായിരുന്നു. ഒരാള്‍ സംഘടനയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ അയാളുമായി നല്ല വ്യക്തിബന്ധം പുലര്‍ത്തുക, പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ ബന്ധമില്ല എന്ന യൂട്ടിലിറ്റേറിയന്‍ തിയറി മദന്ദാസ്ജിക്കുണ്ടായിരുന്നില്ല. നാം മനുഷ്യരാണ്. അതുകൊണ്ട് എല്ലാ മനുഷ്യരേയും സ്നേഹിക്കേണ്ടത് നമ്മുടെ കടമയാണ്. സംഘടനയില്‍ പ്രവര്ത്തിക്കുന്നവരെമാത്രം സ്നേഹിക്കുക, പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ അകലം പാലിക്കുക, എന്നിങ്ങനെ മുന്‍വിധിയോടെ വ്യക്തികളെ വിലയിരുത്തുന്നത് നമ്മുടെ രീതിയല്ല. സംഘടനയുടെ ഈ അടിസ്ഥാന ആശയത്തെ സ്വന്തം ജീവിതത്തില്‍ ജീവിച്ചു കാണിച്ച് എന്നെപോലെയുള്ള ആയിരക്കണക്കിന് വ്യക്തികളെ സ്വന്തം ജീവിതം കൊണ്ടും വാക്കുകള്‍ കൊണ്ടും, വ്യത്യസ്ത സാഹചര്യങ്ങളെ വിലയിരുത്തിക്കൊണ്ട് വ്യക്തികളെ എങ്ങനെ നോക്കി കാണണം എന്ന് പഠിപ്പിച്ചു. എത്ര പഠിച്ചു എന്നറിയില്ല, എന്നാല്‍ അദ്ദേഹം അതിനായി പരിശ്രമിച്ചു.
കാര്യകര്‍ത്താക്കളുടെ ഇന്നിനെപ്പറ്റി മാത്രം ചിന്തിച്ചാല്‍ പോരാ, ഭാവിയെപ്പറ്റിയും ചിന്തിക്കണം. സംഘടനയിലെ വിവിധതലത്തിലെ കാര്യകര്‍ത്താക്കള്‍, പൂര്ണ്ണസമയപ്രവര്ത്തകര്, പ്രചാരകന്മാര് ഇവരൊക്കെ പ്രവര്‍ത്തനത്തിലുള്ളപ്പോള്‍ അവരെപ്പറ്റി ചിന്തിക്കുക സ്വാഭാവികം. പൂര്ണ്ണസമയപ്രവര്ത്തകര്/പ്രചാരകന്മാര് തിരിച്ചുപോയി കഴിഞ്ഞാല്‍ എങ്ങിനെ ജീവിക്കുന്നു എന്നതിനെപ്പറ്റിയും ചിന്തിക്കണം. വ്യക്തികള്‍ക്ക് അഹങ്കാരം വരാന്‍ പാടില്ലെന്നു പറയാറുണ്ട്. 1972 ല്‍ ബംഗളൂരില്‍ നടന്ന ദേശീയ സമ്മേളനത്തില്‍ എന്നെ കര്‍ണ്ണാടക സംസ്ഥാനത്തിന്റെ സംഘടനാസെക്രട്ടറിയായി നിശ്ചയിച്ചു. അന്നുരാത്രി വിവിധ യോഗങ്ങള്‍ക്കുശേഷം എന്നെ അടുത്തു വിളിച്ചിരുത്തി മദന്‍ദാസ്ജി പറഞ്ഞ വാക്കുകള്‍ ഇന്നും ഓര്‍ക്കുന്നു. ‘ഇപ്പോള്‍ സംഘടനാ സെക്രട്ടിയായി നിശ്ചയിച്ചു എന്നത് ശരിയാണ്. സംഘടനയില്‍ വിവിധ ചുമതലകള്‍ വേദിയില്‍ പ്രഖ്യാപിച്ചതുകൊണ്ട് മാത്രം പൂര്‍ണ്ണമാകുന്നില്ല. ചുമതല നിശ്ചയിക്കുന്നതോടെ ആ പ്രവര്‍ത്തനം ചെയ്യാനുള്ള യോഗ്യത രൂപപെട്ടുവരാനുള്ള പ്രക്രിയ ആരംഭിക്കുകയാണ് ചെയ്യുന്നത് എന്ന പാഠം അദ്ദേഹം എന്നെ ഓര്‍മ്മപ്പെടുത്തി.
വ്യക്തിയുടെ മനസ്സ് മനസ്സിലാക്കുക, അവരുടെ ഗുണങ്ങളെ സംഘടനയ്ക്ക് ഉപയോഗിക്കുക എന്ന സംഘടനാ ശാസ്ത്രത്തിന്റെ അടിസ്ഥാനതത്വം അദ്ദേഹത്തിന്റെ ജീവിതത്തില്‍ സഹജരൂപത്തില്‍ അന്തര്‍ലീനമായിരുന്നു. ഓരോ വ്യക്തിയേയും ആശയവിനിമയത്തിലൂടെയും ഇരിപ്പിലൂടെയും നടപ്പിലൂടെയും മുഖഭാവത്തിലൂടെയും സൂക്ഷ്മമായ നിരീക്ഷണത്തിലൂടെയും അദ്ദേഹം വ്യക്തമായി മനസ്സിലാക്കി. മദന്‍ദാസ്ജി മഹാനായ മനഃശാസ്ത്രജ്ഞനായിരുന്നു. അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍മാര്‍, കേരളത്തിലെ വൈദ്യന്മാര്, സാധാരണപ്രവര്‍ത്തകര്‍, അവരുടെ കുടുംബാംഗങ്ങള്‍ എല്ലാവരുമായും അദ്ദേഹം സ്നേഹത്തോടെ സംസാരിച്ചു. ആത്മീയമായബന്ധം പുലര്‍ത്തി. അദ്ദേഹത്തിന് ആരെപ്പറ്റിയും മുന്വിധിയുണ്ടായിരുന്നില്ല. ആരെപ്പറ്റിയും നിഷേധാത്മകമായി ചിന്തിച്ചില്ല. പക്ഷെ വ്യക്തികളുടെ ഗുണങ്ങള്‍ കണ്ടെത്താനും അവയെ പ്രയോജനപ്പെടുത്താനും, പ്രവര്ത്തകന് വിഷമമുണ്ടെങ്കില്‍ അത് ദൂരീകരിക്കാനുമുള്ള ചിന്തയായിരുന്നു എപ്പോഴും. അതാണ് മദന്‍ദാസ്ജിയുടെ ഏറ്റവും വലിയ മഹത്വം.
ദീര്‍ഘകാലത്തെ എബിവിപി പ്രവര്‍ത്തനത്തിനുശേഷം സംഘചുമതലയില്‍ വന്നപ്പോള്‍ തീര്‍ത്തും സഹജമായ രീതിയാല്‍ സംഘപ്രവര്‍ത്തനത്തില്‍ ലയിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. മദന്‍ജി സംഘത്തിന്റെ ചുമതലയേറ്റെടുത്ത് പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍, ഒരു കപ്പല്‍ വെള്ളത്തില്‍ ഇറങ്ങുന്നതുപോലെ സംഘപ്രവര്‍ത്തനത്തില്‍ മുഴുകി എന്ന് ദത്തോപാന്ത് ഠേംഗ്ഡിജി പറഞ്ഞ വാക്കുകള്‍ സ്മരണീയമാണ്.
വിദ്യാര്‍ത്ഥി പരിഷത്ത്, സ്വദേശി ജാഗരണ്‍ മഞ്ച് ഈ രണ്ട് സംഘടനകളുടെ നിര്‍മ്മാതാവാണദ്ദേഹം. തുടക്കം മുതലേ മദന്‍ദാസ്ജിയുടെ പ്രതിഭ, പ്രവര്‍ത്തനശൈലി, സ്നേഹം, ആത്മീയത എല്ലാം തന്നെ അതിനായി സമര്‍പ്പിക്കപ്പെട്ടു. കൂടാതെ 14 വര്‍ഷത്തോളം രാഷ്ട്രീയരംഗത്തെ പ്രവര്‍ത്തനത്തിന്റെ പാലക് അധികാരിയുമായിരുന്നു അദ്ദേഹം. ആ കാലയളവില്‍ സര്‍ക്കാറുകള്‍ പലതും വന്നു, പോയി. ആ സന്ദിഗ്ധകാലയളവില്, സാഹചര്യങ്ങളെ മുന്‍കൂട്ടി വിലയിരുത്തി, സംഘം, വിവിധ ക്ഷേത്രസംഘടനകള്‍, പാര്‍ട്ടി, ഇവ തമ്മിലുള്ള സമന്വയം എന്നിവയെ എല്ലാം ആദര്‍ശത്തില്‍ ഉറപ്പിച്ചുനിര്‍ത്തി പ്രസ്ഥാനത്തെ മുന്നോട്ടുകൊണ്ടു പോകുക എളുപ്പമായിരുന്നില്ല. വലിയ മഹാരഥന്മാരായിരുന്നു പലരും. എല്ലാവരുമായി സ്നേഹത്തോടെ പെരുമാറി ആശയവിനിമയം നടത്തി അവരുടെ മനസിനെ കീഴടക്കി ആരെയും വിഷമിപ്പിക്കാതെ പ്രസ്ഥാനത്തെ മുന്നോട്ടു നയിച്ച മദന്‍ദാസ്ജിയുടെ സംഘടനാവൈഭവം അനുഭവിച്ചറിഞ്ഞവരാണ് ഇവിടെയിരിക്കുന്നവര്‍. പ്രത്യേക സാഹചര്യത്തില്‍, വിശ്വവിഭാഗില്‍ അമേരിക്കയുടെ പാലക് ആയി അദ്ദേഹം നിശ്ചയിക്കപ്പെട്ടു. അത്തരമൊരു വിഷമഘട്ടത്തില്‍ ഒരു പ്രവര്‍ത്തകനേയും സംഘടനയില്‍ നിന്ന് അകറ്റാതെ എല്ലാ പ്രവര്‍ത്തകരേയും കൂട്ടിച്ചേര്‍ത്ത് സംഘടനയെ മുന്നോട്ടു കൊണ്ടുപോകാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഒരാള്‍ പോലും നെഗറ്റീവ് ആയി ഒരു വാക്കു പോലും പറഞ്ഞില്ല എന്നത് പ്രത്യേകം മനസിലാക്കണം. അതിനായി ഓരോ പ്രവര്‍ത്തകനോടും മണിക്കൂറുകളോളം അദ്ദേഹം അനൗപചാരികമായി സംസാരിച്ചു.
മദന്‍ദാസ്ജി സംഘടനാ ശില്പി, മാര്‍ഗദര്‍ശി, രക്ഷകര്‍ത്താവ് എന്ന രീതിയിലൊക്കെ നമ്മുടെ മനസ്സിലുണ്ടാകും. അതൊടോപ്പം സംഘടനയുടെ ആദര്‍ശപരമായ കാര്യങ്ങളില്‍ അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യം അപാരമായിരുന്നു. നീതിശതകത്തില്‍ ഭര്‍തൃഹരി പറയുന്നു:
നിന്ദന്തു നീതിനിപുണാഃ യദി വാ സ്തുവന്തു
ലക്ഷ്മീസമാവിശതു ഗച്ഛതു വാ യഥേഷ്ടം
അദൈ്യവ വാ മരണമസ്തു യുഗാന്തരേ വാ
ന്യായാത്പഥം പ്രവിചലന്തി പദം ന ധീരാഃ
(പണ്ഡിതന്മാര് നിന്ദിക്കുകയോ സ്തുതിക്കുകയോ ചെയ്യട്ടെ, ധനവും കീര്‍ത്തിയും വരികയോ പോവുകയോ ചെയ്യട്ടെ, മരണം ഇപ്പോഴോ യുഗങ്ങള്ക്കുശേഷമോ വരട്ടെ, ധീരന്മാര് ധര്‍മ്മത്തിന്റെ, നീതിയുടെ മാര്‍ഗത്തില്‍നിന്ന് വ്യതിചലിക്കുന്നില്ല.) ഏത് പ്രതികൂലസാഹചര്യത്തിലും ഏത് കൊടുങ്കാറ്റിലും താന്‍ സ്വീകരിച്ച ആദര്‍ശത്തിന്റെ മാര്‍ഗത്തിലൂടെ മദന്‍ദാസ്ജി സഞ്ചരിച്ചു. ആദര്‍ശാഗ്നി അദ്ദേഹത്തിന്റെ ഹൃദയാന്തരാളത്തില്‍ സദാ ജ്വലിച്ചു കൊ ണ്ടേയിരുന്നു. ഏതെങ്കിലും പ്രവര്ത്തകന് മോഹം കൊണ്ടോ മറ്റെന്തെങ്കിലും സാഹചര്യം കൊണ്ടോ വഴിയില്‍ വീണുപോയാല്‍ അവരെ സഹായിക്കുന്ന ഒരു സുഹൃത്തായി മദന്‍ജി നിലകൊണ്ടു.
വ്യക്തികള്‍ക്ക് തെറ്റ് സംഭവിക്കാം. പക്ഷെ അത് സ്വീകരിക്കാനും തിരുത്തി മുന്നോട്ട് നയിക്കാനുമുള്ള ഹൃദയവിശാലതയും പരിശ്രമവും അദ്ദേഹത്തിനുണ്ടായിരുന്നു. ഈ സന്ദര്‍ഭത്തില്‍ അദ്ദേഹത്തിന് ഇഷ്ടപ്പെട്ട ഗീതത്തിന്റെ വരികള്‍ ഓര്‍ക്കുന്നു.
‘നിര്‍മ്മാണോം കീ പാവന് യുഗ മേം ഹമ് ചരിത്രനിര്മ്മാണ് ന ഫൂലേ’ – (സൃഷ്ടിയുടേതായ ഈ പാവനവേളയില് ചരിത്രനിര്മ്മാണത്തെക്കുറിച്ച് നാം മറക്കാതിരിക്കുക) സ്വന്തം ജീവിതത്തിലൂടെ ഈ വരികളുടെ ഭാവാര്‍ത്ഥം ഒരോ പ്രവര്‍ത്തകനിലും വളര്‍ത്താന്‍ അദ്ദേഹം പരിശ്രമിച്ചു.
മറ്റൊരുഗീതം, ‘സ്വാധീന് ദേശ് തേരേ സ്വരൂപ് മേം ഹമ് സബ്കാ ലയ് ഹോ ലയ് ഹോ ലയ് ഹോ…’ (സ്വാശ്രയ ദേശമേ, നിന്റെ സ്വരൂപത്തില്‍ ഞങ്ങളെല്ലാം മുഴുകട്ടെ, മുഴുകട്ടെ.) മദന്‍ദാസ്ജിയുടെ സമ്പൂര്‍ണ്ണജീവിതം രാഷ്ട്രമാതാവില്‍ ലയബദ്ധമായിരുന്നു. മദന്‍ജിയുടെ ഭൗതികദേഹമിന്നില്ല. പക്ഷെ, ഈ രാഷ്ട്രത്തേയും ആശയത്തേയും വിശ്വമാനവികതയുടെ ചരിത്രത്തില്‍ ഉന്നതിയില്‍ പ്രതിഷ്ഠിക്കാന്‍ അദ്ദേഹം നിശ്ചയിച്ചു. അതിനായി, സ്വജീവിതത്തിന്റെ ഓരോ നിമിഷവും തന്റെ ശരീരത്തിന്റെ ഓരോ കണവും അദ്ദേഹം ആഹുതി ചെയ്തു. ആ സമര്‍പ്പണത്തിന്റെ ജ്വാല പ്രകാശപൂരിതമാണ്. മദന്‍ജി ഇനി ഒരു ശരീരത്തിലില്ല. പക്ഷെ അദ്ദേഹം തയ്യാറാക്കിയ അനേകായിരം കാര്യകര്‍ത്താക്കളുടെ ഹൃദയത്തിന്റെ കോണില്‍ ആ ധ്യേയപ്രകാശം ജ്വലിച്ചു നില്ക്കും. അദ്ദേഹത്തിന്റേത് ശ്രേഷ്ഠമായ ജീവിതയാത്രയായിരുന്നു. സംഘത്തിന്റെ ശ്രേഷ്ഠമായ പ്രചാരകപരമ്പരയിലെ ശ്രേഷ്ഠനായ ധ്യേയയാത്രികനായിരുന്നു അദ്ദേഹം. ഡോക്ടര്‍ജിയെക്കുറിച്ച് പറയുന്നതുപോലെ നമ്മുടെ ജീവിതത്തിലെ അന്ധകാരത്തെ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ആദര്‍ശ ജ്വാലകൊണ്ട് പ്രകാശമാനമാക്കാം. രാഷ്ട്രഹിതത്തിനായി ജീവിതം സമര്‍പ്പിച്ച മദന്‍ജിക്ക് സദ്ഗതി ഉറപ്പാണ്. സ്വര്‍ഗസ്ഥനായ അദ്ദേഹം അവിടെ എത്തിയാലുടനെ യശ്വന്ത്റാവുവിനെ കണ്ട് നമ്മെക്കുറിച്ച് നല്ല രീതിയില്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യും. രാഷ്ട്രീയ സ്വയംസേവക സംഘത്തിനുവേണ്ടിയും ഓരോ പ്രവര്‍ത്തകനുവേണ്ടിയും വ്യക്തിപരമായും മദന്‍ദാസ്ജിക്ക് ശ്രദ്ധാകുസുമങ്ങള്‍ അര്‍പ്പിക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: