കോഴിക്കോട്: മതമൗലികവാദികളുടെ ഗുഡ്സര്‍ട്ടിഫിക്കറ്റ് വാങ്ങാനാണ് നാമജപഘോഷയാത്രയ്ക്കെതിരെ സര്‍ക്കാര്‍ കേസെടുത്തതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. തന്റെ മതത്തെ പുകഴ്ത്തുകയും ഹിന്ദുമതത്തെ നിന്ദിക്കുകയും ചെയ്ത സ്പീക്കര്‍ എഎന്‍ ഷംസീറിനെതിരെയാണ് കേസെടുക്കേണ്ടതെന്നും കോഴിക്കോട് മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
ഇസ്ലാം മതത്തിന്റെ മഹത്വത്തെ കുറിച്ച് പരസ്യമായി വാഴ്ത്തുന്ന ആളായ ഷംസീര്‍ ഗണപതിയെ അവഹേളിക്കുന്നത് പരമതനിന്ദയാണ്. ഇത് അംഗീകരിച്ചു തരാന്‍ സാധിക്കില്ല. മുത്തലാഖിനെ കുറിച്ചും മുസ്ലിം പെണ്‍കുട്ടികളുടെ സ്വത്തവകാശത്തെ കുറിച്ചും മറ്റ് പല അപരിഷ്കൃതമായ ആചാരങ്ങളെ കുറിച്ചും സംസാരിക്കാത്ത ഷംസീര്‍ എന്തിനാണ് ഹിന്ദുക്കളെ സയന്റിഫിക്ക് ടെമ്പര്‍ പഠിപ്പിക്കാന്‍ വരുന്നത്. നോമ്പെടുക്കുന്ന, പള്ളിയില്‍ പോവുന്ന ഇസ്ലാംമത വിശ്വാസിയായ ഷംസീര്‍ ഹിന്ദുക്കളുടെ ആരാധനാ മൂര്‍ത്തികളെ അപമാനിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്നും സുരേന്ദ്രന് പറഞ്ഞു.
ശബരിമല പ്രക്ഷോഭകാലത്തെ സാഹചര്യങ്ങളെ ഓര്‍മ്മിപ്പിക്കുന്ന രീതിയിലാണ് ഇപ്പോള്‍ കാര്യങ്ങള്‍ പോകുന്നത്. അന്ന് അരലക്ഷം പേരെയാണ് പിണറായി സര്‍ക്കാര്‍ കള്ളക്കേസില്‍ കുടുക്കിയത്. ഇന്നും സമാനമായ രീതിയില്‍ വിശ്വാസികളെ പീഡിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സ്പീക്കറുടെ ഗണപതി അവഹേളനത്തിനെ കുറിച്ച് മുഖ്യമന്ത്രി വിശദീകരണം നല്കാന് തയ്യാറാവണം. ഒരു മതനിരപേക്ഷ സമൂഹത്തില്‍ ഇത്തരമൊരു പ്രസ്താവന നടത്താന്‍ ആരാണ് ഷംസീറിനെ ചുമതപ്പെടുത്തിയത് എന്ന് മുഖ്യമന്ത്രി പറയണം.
ഷംസീറിനെ പോലെയുള്ള മതമൗലികവാദികളുടെ പിന്തുണയുള്ള നേതാവിനെ നിയന്ത്രിക്കാന്‍ പിണറായി വിജയന് തയ്യാറാകണം. 30 ശതമാനം വരുന്ന മുസ്ലിംവോട്ട് ലക്ഷ്യം വെച്ചാണ് സിപിഎം ധ്രുവീകരണത്തിന് ശ്രമിക്കുന്നത്. എഎന്‍സ്എസ്സിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ അനുവദിക്കില്ല. സമാനചിന്താഗതിയുള്ള എല്ലാവരുമായും ചേര്‍ന്ന് ബിജെപി വലിയ പ്രതിഷേധമുയര്‍ത്തുമെന്നും കെ.സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: