കൊച്ചി : സാങ്കേതിക തകരാറിനെ തുടര്‍ന്ന് നെടുമ്പാശേരിയില്‍ നിന്ന് പറന്നുയര്‍ന്ന എയര്‍ ഇന്ത്യാ വിമാനം തിരിച്ചിറക്കി. കൊച്ചിയില്‍ നിന്നും ഷാര്‍ജയിലേക്ക് പറന്നുയര്‍ന്ന എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തില്‍ നിന്നും പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അടിയന്തരമായി തിരിച്ചിറക്കുകയായിരുന്നു.
ബുധനാഴ്ച രാത്രി 10.30 ന് പുറപ്പെട്ട വിമാനം 11.30 ഓടെയാണ് ഇറക്കിയത്. വിമാനത്തില്‍ ഉണ്ടായിരുന്ന ഒരു യാത്രക്കാരന്‍ പുക കണ്ടതായി ജീവനക്കാരെ അറിയിച്ചത്. തുടര്‍ന്ന് അധികൃതരെ അറിയിച്ചശേഷം വിമാനം തിരിച്ചിറക്കുകയായിരുന്നു. കൊച്ചി വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന് അര മണിക്കൂറിന് ശേഷമാണ് പുക കണ്ടെത്തിയത്.
തുടര്‍ന്ന് യാത്രക്കാരെയെല്ലാം പുറത്തിറക്കി. വിമാനം പരിശോധനയ്‌ക്ക് വിധേയമാക്കി. ഈ വിമാനത്തിലുണ്ടായിരുന്ന 170 -ഓളം യാത്രക്കാരെ ദുബൈയില്‍ നിന്നു വന്ന മറ്റൊരു വിമാനത്തില്‍ കയറ്റി യാത്രയാക്കി.
അതേസമയം മോശം കാലാവസ്ഥയെ തുടര്‍ന്ന് കോഴിക്കോട്ടേക്കുള്ള വിമാനം വഴിതിരിച്ചുവിട്ടു. ദോഹയില്‍ നിന്നും കോഴിക്കോട്ടേയ്‌ക്കുള്ള ഖത്തര്‍ എയര്‍വേയ്‌സ് വിമാനം തിരുവനന്തപുരത്തേയ്‌ക്കാണ് വഴിതിരിച്ചുവിട്ടത്.
മോശം കാലാവസ്ഥ മൂലം പുലര്‍ച്ചെ 3.10 ഓടെ വിമാനം തിരുവനന്തപുരത്ത് ഇറക്കുകയായിരുന്നു. പിന്നീട് 5.18 ഓടെ വിമാനം കോഴിക്കോട്ടേയ്‌ക്ക് പോയി. 131 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: