ന്യൂദല്‍ഹി: ഒന്‍പത് വര്‍ഷങ്ങള്‍ക്കിടയില്‍ രാജ്യത്തെ ടെലികോം മേഖലയില്‍ പരിവര്‍ത്തനാത്മകമായ നിരവധി മാറ്റങ്ങള്‍ സംഭവിച്ചതായി കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ, ഇലക്‌ട്രോണിക്‌സ് & ഐടി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. ടെലികോം രംഗത്തെ അഴിമതിയും ചങ്ങാത്ത മുതലാളിത്തവും അവസാനിപ്പിക്കുക, നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുക, രാജ്യം ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്‌ക്കുക, ടെലികോം സേവനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തുക എന്നീ നാല് പ്രധാന മേഖലകളിലാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് മന്ത്രി പറഞ്ഞു.
ബിജെപി സര്‍ക്കാരിന്റെ ഒന്‍പത് വര്‍ഷത്തെ ഭരണത്തില്‍ രാജ്യത്തെ ടെലികോം മേഖലയില്‍ സംഭവിച്ച സുപ്രധാന മാറ്റങ്ങളെക്കുറിച്ച് ദല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖര്‍. ടെലികോം മേഖലയെ സംബന്ധിച്ചിടത്തോളം യുപിഎയുടെ 10 വര്‍ഷം തീര്‍ച്ചയായും നഷ്ടപ്പെട്ട ഒരു ദശാബ്ദമായിരുന്നു.
2ജി, ട്രങ്ക് എക്‌സ്‌ചേഞ്ച് തുടങ്ങി നിരവധി അഴിമതികളുടെ കാലഘട്ടമായിരുന്നു അത്. ചങ്ങാത്ത മുതലാളിത്തവും ചങ്ങാത്ത ലൈസന്‍സിംഗും ആയിരുന്നു അന്നത്തെ മുഖമുദ്രകള്‍. 2014 ആയപ്പോഴേക്കും ബിഎസ്എന്‍എല്‍ പോലും പൊതു ഖജനാവിന് നഷ്ടമുണ്ടാക്കുന്ന ഒരു ബാദ്ധ്യതയായി മാറിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
എന്നാലിന്ന് നമ്മള്‍ ടെലികമ്മ്യൂണിക്കേഷന്‍ രംഗത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന രാജ്യമാണ്. സുതാര്യതയോടും ഏറെ സമഗ്രതയോടും കൂടി നമ്മള്‍ സ്‌പെക്ട്രം ലേലം ചെയ്യുകയും ലൈസന്‍സുകള്‍ സൃഷ്ടിക്കുകയും ചെയ്തു. ‘സ്‌പെക്ട്രം ലേലത്തില്‍ നിന്ന് ലഭിച്ച ഓരോ രൂപയും പൊതു ഖജനാവിലേക്ക് പോകുകയും അത് ഗവണ്‍മെന്റിന്റെ സാമൂഹിക ക്ഷേമ പദ്ധതികളില്‍ ഫലപ്രദമായി വിനിയോഗിക്കപ്പെടുകയും ചെയ്തുവെന്നും മന്ത്രി പറഞ്ഞു.
സമീപകാലത്ത് വിദേശനിക്ഷേപകര്‍ക്ക് ഇന്ത്യയോടുള്ള സമീപനത്തില്‍ വന്ന മാറ്റവും മന്ത്രി എടുത്തുപറഞ്ഞു. ചങ്ങാത്ത മുതലാളിത്തവും കൊടിയ അഴിമതിയും കാരണം മൂലധനവും വിദേശ നിക്ഷേപകരും ഇവിടെ നിന്ന് ഓടിയൊളിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ആഭ്യന്തര, വിദേശ നിക്ഷേപകര്‍ക്കിടയില്‍ മുന്‍കാലങ്ങളില്‍ നിലനിന്നിരുന്ന ആ ഉദാസീന മനോഭാവം മാറി മൂലധന നിക്ഷേപത്തിന്റെ കാര്യത്തില്‍ ഇന്ത്യയോട് പോസിറ്റീവ് സമീപനം കൈക്കൊള്ളുന്നതില്‍ നരേന്ദ്ര മോദി സര്‍ക്കാരിന്റെ നയങ്ങള്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു.
ഇന്ത്യയില്‍ അന്ന് നിലനിന്നിരുന്ന അഴിമതിയും ചങ്ങാത്ത മുതലാളിത്തവും കാരണം തങ്ങളുടെ ബിസിനസുകള്‍ നശിച്ചതിനാല്‍ ഇന്ത്യയില്‍ നിക്ഷേപിച്ച ടെലികോം അന്താരാഷ്‌ട്ര ബ്രാന്‍ഡുകളില്‍ വലിയൊരു ശതമാനവും ഇവിടം ഉപേക്ഷിച്ചുപോയി. എന്നാലിന്ന് ഇന്ത്യയില്‍ ബിസിനസ്സ് ചെയ്യാനുള്ള അനായാസത ഈസ് ഓഫ് ഡൂയിങ് ബിസിനെസ്സ് ഉറപ്പാക്കുന്ന പരിഷ്‌കാരങ്ങള്‍ മൂലം രാജ്യത്തെ ടെലികോം മേഖലയിലേക്ക് അതിവേഗം നിക്ഷേപം നടക്കുകയും ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥയില്‍ ടെലികോം മേഖലയുടെ മൊത്തത്തിലുള്ള വിപണി മൂലധനം വര്‍ദ്ധിക്കുകയും ചെയ്‌തെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഒന്‍പത് വര്‍ഷങ്ങള്‍ക്കിടയില്‍ ടെലികോം ഉപകരണങ്ങളുടെ ഇറക്കുമതിയിന്മേലുള്ള ആശ്രിതത്വം കുറക്കാന്‍ കഴിഞ്ഞതും മറ്റൊരു പ്രധാന മാറ്റമാണ്. നഷ്ടപ്പെട്ട ദശകത്തില്‍ നെറ്റ്‌വര്‍ക്കിനുള്ളവയടക്കം 85% ടെലികോം ഉപകരണങ്ങളും രാജ്യം ഇറക്കുമതി ചെയ്തിരുന്നതായി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. എന്നാല്‍ നിലവിലെ ദശകത്തില്‍ നൂറു ശതമാനം ടെലികോം ഉപകരണങ്ങളും ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കുകയും പരീക്ഷിക്കുകയും അസംബിള്‍ ചെയ്യുകയും ചെയ്യുന്നതു വഴി ഇന്ത്യ ഈ രംഗത്ത് കൂടുതല്‍ സ്വാശ്രയമായി. ഇന്ത്യയില്‍ നിന്ന് വടക്കേ അമേരിക്ക പോലുള്ള രാജ്യങ്ങളിലേക്ക് പോലും ടെലികോം ഉപകരണങ്ങള്‍ കയറ്റുമതി ചെയ്യുന്ന നിലയിലേക്ക് ഇന്ത്യ വളര്‍ന്നു.
‘രാജ്യത്തെ ടെലികോം നെറ്റ്‌വര്‍ക്കുകള്‍ ഇന്ന് ഉന്നത നിലവാരം പുലര്‍ത്തുന്നു. ലോകത്തിലെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ 5ഏ നെറ്റ്‌വര്‍ക്കാണ് ഇന്ത്യയുടേത്. രാജ്യത്തെ 700ലധികം ജില്ലകളില്‍ ഇതിനകം 5ഏ കവറേജ് ഉറപ്പാക്കിക്കഴിഞ്ഞു. അതിനായി ഈ അത്യാധുനിക സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന 500,000ലധികം ബേസ് സ്‌റ്റേഷനുകള്‍ നമ്മള്‍ വികസിപ്പിച്ചിട്ടുണ്ട്.
മാത്രവുമല്ല, 6ഏക്കായി ഒരു കാഴ്ചപ്പാടും കര്‍മ്മപദ്ധതിയും നമ്മള്‍ രൂപപ്പെടുത്തിയിട്ടുമുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 2026ഓടെ ട്രില്യണ്‍ ഡോളര്‍ സമ്പദ്‌വ്യവസ്ഥയിലേക്കുള്ള ഇന്ത്യയുടെ ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥയുടെ യാത്രയില്‍ ടെലികോം മേഖല നിര്‍ണായക പങ്ക് വഹിക്കുമെന്ന ശുഭാപ്തിവിശ്വാസവും പത്രസമ്മേളനത്തില്‍ രാജീവ് ചന്ദ്രശേഖര്‍ പ്രകടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: