തിരുവനന്തപുരം: ഗണപതി മിത്താണെന്ന പ്രസ്താവനയില്‍ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ മാപ്പു പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍. ഗണപതിയെ പറ്റി ഷംസീര്‍ പറഞ്ഞതില്‍ തെറ്റു കാണുന്നില്ല, അതിനാല്‍ അതു തിരുത്തി പറയേണ്ടതില്ലെന്നും ഗോവിന്ദന്‍. ഗണപതി മിത്താണെന്നതില്‍ എന്താണ് പുതിയ കാര്യം. ഗണപതി മിത്ത് അല്ലാതെ ശാസ്ത്രമാണോ എന്നും ഗോവിന്ദന്‍.
സിപിഎം മതവിശ്വാസത്തിന് എതിരല്ല. എന്നാല്‍, ശാസ്ത്രത്തേയും വിശ്വാസത്തേയും രണ്ടായി കാണാനാണ് പാര്‍ട്ടി ശ്രമിക്കുന്നത്. വിശ്വാസത്തിന്റെ പേരില്‍ ശാസ്ത്രത്തിന്റെ മേല്‍ കുതിര കയറാന്‍ അനുവദിക്കില്ല. സ്പീക്കര്‍ക്ക് ശാസ്ത്രത്തെ പറ്റി സംസാരിക്കാം. ഗണപതി രൂപം പ്ലാസ്റ്റിക് സര്‍ജറി ചെയ്തതാണെന്ന് പറഞ്ഞത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. അന്നൊന്നും മിണ്ടാത്തവര്‍ ഇപ്പോള്‍ ഷംസീറിനെതിരേ പറയുന്നതിന് പിന്നില്‍ വര്‍ഗീതയാണ്. പരശുരാമന്‍ മഴു എറിഞ്ഞാണ് കേരളം ഉണ്ടായതെന്നും ആ കേരളം ബ്രാഹ്‌മണര്‍ക്ക് നല്‍കിയെന്നുമാണ് ഐതിഹ്യം. എന്നാല്‍, ഇതൊന്നും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതല്ല, വെറും വിശ്വാസവും മിത്തും ആണെന്നും ഗോവിന്ദന്‍. കൗരവപ്പട, പുഷ്പകവിമാനം, ഗണപതിയുടെ പ്ലാസ്റ്റിക് സര്‍ജറി എന്നിവയെല്ലാം മിത്തുകളാണ്. എന്നാല്‍, അള്ളാഹു മിത്താണെന്ന് ഷംസീറിന് പറയാന്‍ സാധിക്കുമോ എന്ന ചോദ്യത്തില്‍ വിശ്വാസങ്ങളെല്ലാം മിത്തുകള്‍ അല്ലെന്നും പലരും പല ദൈവങ്ങളെ അവതാരങ്ങളായി കാണക്കാക്കുന്നുണ്ടെന്നും അതിനൊന്നും സിപിഎം എതിരല്ലെന്നും ഗോവിന്ദന്‍. അള്ളാഹു ഇസ്ലാമിന്റെ ഏകദൈവ വിശ്വാസത്തിന്റെ ഭാഗമാണ്. ഹിന്ദുമത്തില്‍ ലക്ഷക്കണക്കിന് ദൈവങ്ങളുണ്ട്, അതില്‍ ഒരോന്നും എടുത്ത് മിത്തുകളാണോ എന്ന് ചോദിച്ചാല്‍ മറുപടി പറയാന്‍ സാധിക്കില്ലെന്നും ഗോവിന്ദന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: