തിരുവനന്തപുരം: ഐ ടി പ്രൊഫഷണലായ കൃഷ്ണകുമാര്‍ തലശ്ശേരിയിലെ തെരുവുകളില്‍ അലഞ്ഞു നടക്കുന്ന വൃദ്ധയായ അവധൂതയെ കാണാന്‍ പോയപ്പോള്‍ ഉണ്ടായ അനുഭവം ജനുവരി 31 ന് ജന്മഭൂമിയില് എഴുതിയിരുന്നു. മാര്‍ഗ്ഗമധ്യേ ചോറ്റാനിക്കരയില്‍ ഒരു വീട്ടില്‍ പോയതും ദിവ്യ സാന്നിധ്യമുള്ള ഗണേശ വിഗ്രഹം കണ്ട് അത്ഭുതപ്പെട്ടതും വിവരിച്ചു. ഗണപതി മിത്താണ് എന്നു പറയുന്നവരുടെ യുക്തിയെ ചോദ്യം ചെയ്യുന്നതാണ് രഘുനാഥ മേനോന്റെ വീട്ടിലെ വിഗ്രഹം.
കൃഷ്ണകുമാര്‍ അന്ന് എഴുതിയ ലേഖനത്തില്‍ നിന്ന്
ചോറ്റാനിക്കര അമ്പലത്തിനടുത്ത് ഒരു വീട്ടില്‍ വിശേഷപ്പെട്ട ഒരു ഗണപതി വിഗ്രഹം ഉണ്ടത്രേ. ഒരു യുട്യൂബ് ചാനലില്‍ കണ്ടറിഞ്ഞതാണ്. പല വിധ ഗണേശ വിഗ്രഹങ്ങള്‍ ശേഖരിയ്ക്കുന്നതില്‍ കമ്പമുള്ള വീട്ടുകാര്‍ തമിഴ്നാട്ടിലെ തഞ്ചാവൂരിനടുത്തുള്ള ഗണപതി അഗ്രഹാരത്തില്‍ തീര്‍ഥാടനത്തിനു പോയ സമയത്ത് അവിടെ വച്ചു കണ്ടു മുട്ടിയ ഒരു സ്വാമി സമ്മാനിച്ചതാണ് ആ വിഗ്രഹം. ഗൃഹനാഥനായ രഘുനാഥ മേനോന് വിഗ്രഹം വീട്ടില്‍ കൊണ്ടു വന്ന് പൂജാ മുറിയില്‍ സ്ഥാപിച്ചു. അതോടു കൂടി ആ വീട്ടില്‍ അത്ഭുതകരങ്ങളായ അനുഭവങ്ങള്‍ ഉണ്ടാകാന്‍ തുടങ്ങിയത്രേ. ദൂരദിക്കുകളില്‍ നിന്നു പോലും ചില സ്വപ്ന ദര്‍ശനങ്ങളിലൂടെയോ മറ്റോ പ്രേരിതരായി പലരും ഇദ്ദേഹത്തിന്റെ വീട് അന്വേഷിച്ചു വരാന്‍ തുടങ്ങി. പൂജാമുറിയിലെ ഭഗവാന്റെ ദര്‍ശനം നേടിയ പല ഭക്തര്‍ക്കും രോഗശാന്തിയുടേയും, തടസ്സങ്ങള്‍ നീങ്ങിയതിന്റെയും മറ്റും അനുഭവങ്ങള്‍ ഉണ്ടായതായി പറയുന്നു. ഏതായാലും വിനോദിനോടൊപ്പം ഇടയ്ക്കിടയ്ക്ക് ചോറ്റാനിക്കര അമ്മയെ ദര്‍ശിക്കാന്‍ പോകാറുണ്ട്. എന്നാല്‍ പിന്നെ ഒരൊറ്റ യാത്രയില്‍ തന്നെ ഈ അത്ഭുത വിഗ്രഹവും കൂടെ കാണാമല്ലോ എന്ന് ഉറപ്പിച്ചു.
ഇക്കഴിഞ്ഞ മണ്ഡലമാസക്കാലത്തെ ഒരു ചൊവ്വാഴ്ച ഞാന്‍ കൊച്ചിയില്‍ സുഹൃത്ത് വിനോദിന്റെ വീട്ടിലെത്തി. ഉച്ചയ്ക്കു ശേഷം നേരെ ചോറ്റാനിക്കരയിലേക്ക് പോയി. മേല്‍ക്കാവിലും കീഴ്ക്കാവിലും ദര്‍ശനം കഴിഞ്ഞ് രഘുനാഥ മേനോന്റെ വീട്ടിലേക്ക് തിരിച്ചു. ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ നിന്ന് രണ്ടു കിലോമീറ്റര്‍ മാത്രം. വഴി പരിചയമില്ലാത്തതിനാലും, അവിടെ നിന്ന് തിരിച്ചു വരാന്‍ ഓട്ടോ കിട്ടാന്‍ പ്രയാസമായിരിക്കും എന്ന് കേട്ടതിനാലും തിരികെ കൊണ്ടു വിടാം എന്ന് സമ്മതിച്ച ഒരു ഓട്ടോ പിടിച്ച് പുറപ്പെട്ടു. കുഴിയറ എന്ന സ്ഥലത്താണ് അദ്ദേഹത്തിന്റെ വീട്. നേരത്തേ ഫോണില്‍ വിളിച്ച് പറഞ്ഞിരുന്നതിനാല്‍ മേനോന് സാര്‍ ഞങ്ങളെ പ്രതീക്ഷിച്ചിരുന്നു. ചെന്നു കയറുന്ന വിശാലമായ ലിവിംഗ് കം ഡൈനിംഗ് റൂമിന്റെ ഒരു വശത്തായി ഒരു ചെറിയ പൂജാ മുറി. അതിനുള്ളില്‍ പത്തു കൈകളോടു കൂടി, ദേവീ സമേതനായി ഇരുന്നരുളുന്ന മഹാഗണപതി ഭഗവാന്. അരയടിയോളം മാത്രം ഉയരമുള്ള ചെറിയ വിഗ്രഹം. സന്ധ്യ കഴിഞ്ഞിരുന്നതിനാല്‍ വെളിച്ചത്തിന്റെ കുറവ് ഉണ്ടായിരുന്നെങ്കിലും പൂജാമുറിയില്‍ കത്തിച്ചു വച്ചിരുന്ന നിലവിളക്കിന്റെ വെളിച്ചത്തില്‍ കണ്ടു തൊഴുതു.
ഭഗവാന്റെ വിശേഷങ്ങള്‍ പങ്കു വയ്ക്കാന്‍ രഘുനാഥ മേനോന് സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. ഈ പൂജാ മുറിയില്‍ നിന്ന് പുറത്തേക്ക് പോകാന്‍ ഭഗവാന് ഇഷ്ടപ്പെടുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു കേട്ടപ്പോള്‍ അതറിയാന്‍ ആകാംക്ഷയായി. മുറിയ്ക്ക് പുറത്തേക്ക് ആനയിക്കാന്‍ ശ്രമിച്ചപ്പോഴൊക്കെ പല തടസ്സങ്ങളുമുണ്ടായി എന്നദ്ദേഹം പറഞ്ഞു. പൂജാ മുറിയ്ക്കു മുന്നില്‍ കിടക്കുന്ന ഡൈനിംഗ് ടേബിള്‍ പോലും അവിടെ നിന്നും മാറുന്നത് ഭഗവാന് ഇഷ്ടമല്ലെന്നും, ഭക്ഷണം ഉണ്ടാക്കുന്നതും എല്ലാവരും കഴിയ്ക്കുന്നതും അദ്ദേഹത്തിന് പ്രിയപ്പെട്ടതാണെന്നും മേനോന് സാര്‍ സൂചിപ്പിച്ചു. ചില ദിവസങ്ങളില്‍ വീട്ടിലും പരിസരങ്ങളിലും ദിവ്യമായ ഒരു സുഗന്ധം പരക്കുന്ന അനുഭവം പലര്‍ക്കും ഉണ്ടായിട്ടുള്ളതായി അദ്ദേഹം തന്റെ വീഡിയോയില്‍ പറയുന്നുണ്ട്. ആദ്യം ഷോകേസിലായിരുന്നു വിഗ്രഹം കൊണ്ടു വച്ചത്. ഒരു ദിവസം സ്വപ്നത്തിലൂടെ തനിക്ക് പൂജാ മുറിയില്‍ ഇരിയ്ക്കണം എന്ന് ഭഗവാന് ആവശ്യപ്പെടുകയായിരുന്നുവത്രേ. തുടര്‍ന്ന് മേനോന് സാര്‍ തന്റെ ഗുരുവിന്റെ അനുവാദത്തോടെ ഭഗവദ് വിഗ്രഹം പൂജാമുറിയില്‍ വച്ചു. പിന്നീട് ജിനിമോള്‍ എന്ന അദ്ദേഹത്തിന്റെ പത്നിയ്ക്ക് മറ്റൊരു അനുഭവം ഉണ്ടായി. ഒരുദിവസം ഉച്ചയ്ക്ക് ഒരു ദര്‍ശനത്തിലൂടെ ‘എനിക്ക് വിശക്കുന്നു എന്തെങ്കിലും ഭക്ഷണം ഉണ്ടാക്കി തരൂ’ എന്ന് ഭഗവാന് ആവശ്യപ്പെട്ടു. അന്ന് പെട്ടെന്ന് അടയുണ്ടാക്കി നേദിച്ചു. തുടര്‍ന്ന് പതിയെ പതിയെ പല അനുഭവങ്ങളിലൂടെ ഭഗവാന് തന്റെ പ്രീതിയും സാന്നിദ്ധ്യവും അറിയിയ്ക്കുകയായിരുന്നു. ഇപ്പോള്‍ വിനായക ചതുര്‍ഥി പോലുള്ള വിശേഷ ദിവസങ്ങളില്‍ ഇഷ്ടം പോലെ പൂജാ ദ്രവ്യങ്ങളാണ് ഭക്തരുടെ വകയായി എത്തിച്ചേരുന്നത്. സമര്‍പ്പണത്തിനായി എത്തുന്നവരില്‍ മറ്റു മത വിഭാഗങ്ങളില്‍ പെട്ടവരും ധാരാളമുണ്ട് എന്നു കേട്ടപ്പോള്‍ അതിശയം തോന്നി. മറ്റു ദൈവ സങ്കല്‍പ്പങ്ങളെ, പ്രത്യേകിച്ചും വിഗ്രഹാരാധന പോലുള്ള അനുഷ്ടാനങ്ങളെ എതിര്‍ക്കുന്നവരാണല്ലോ മറ്റു പലരും. എന്നാല്‍ നേരിട്ട് കിട്ടുന്ന ഈശ്വരാനുഭവവും ഫലപ്രാപ്തിയും തള്ളിക്കളയാനും അവര്‍ക്ക് കഴിയുന്നില്ല. ഹിന്ദുക്കളില്‍ തന്നെ ചില വിഭാഗങ്ങള്‍ വിഗ്രഹാരാധനയെ പുച്ഛിക്കുകയും നിശിതമായി എതിര്‍ക്കുകയും ചെയ്യാറുണ്ടല്ലോ. ആ ദിവ്യ വിഗ്രഹത്തെ കുറിച്ചുള്ള കഥകള്‍ കേട്ടു കൊണ്ട് അവിടെ നില്ക്കുമ്പോള് ഇത്തരം ചിന്തകള്‍ എന്റെ മനസ്സിലൂടെ കടന്നു പോയി. തിരികെ കൊച്ചിയില്‍ എത്തേണ്ടതുള്ളതു കൊണ്ട് പിന്നെയൊരിക്കല്‍ വീണ്ടും വരാം എന്ന് യാത്ര പറഞ്ഞ് വെയിറ്റ് ചെയ്യുകയായിരുന്ന ഓട്ടോയില്‍ ഞങ്ങള്‍ ചോറ്റാനിക്കര അമ്പല നടയിലേക്ക് മടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: