ഡുനെഡിന്‍: വിയറ്റ്നാമിനെ എതിരില്ലാത്ത ഏഴ് ഗോളിന് നാണംകെടുത്തി നെതര്‍ലന്‍ഡ്സ് ഗ്രൂപ്പ് ഇയില്‍ നിന്ന് ജേതാക്കളായി പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറി. കളിയുടെ എട്ടാം മിനിറ്റില്‍ തുടങ്ങിയ ഗോളടി 83-ാം മിനിറ്റ് വരെ നീണ്ടു. മറ്റ് മത്സരങ്ങളില്‍ ഇംഗ്ലണ്ട് ചൈനയെ 6-1ന് തകര്‍ത്തു. നിലവിലെ ചാമ്പ്യന്മാരായ അമേരിക്ക പോര്‍ചുഗലിനോട് സമനില പാലിച്ചതിലൂടെ കഷ്ടിച്ച് പ്രീക്വാര്‍ട്ടര്‍ ബെര്‍ത്ത് ഉറപ്പിച്ചു.
ലിയേകെ മെര്‍ട്ടെന്‍സ്(എട്ടാം മിനിറ്റ്), കാറ്റ്ജ സ്നോയേജ്സ്(11) എന്നിവര്‍ നേരത്തെ തന്നെ നെതര്‍ലന്‍ഡ്സിനായി ഗോളുകള്‍ നേടി. ഇതൊരു തുടക്കം മാത്രമായിരുന്നു. പിന്നീട് എസ്മീ ബ്രഗ്ട്സ്(18, 57) ഇരട്ട ഗോള്‍ നേടിയപ്പോള്‍ മറ്റരു താരം ജില് റൂര്‍ഡും വിയെറ്റ്നാമിന് ഇരട്ടപ്രഹരമേല്‍പ്പിച്ചു. 45-ാം മിനിറ്റില്‍ ഡാനിയേല്ലെ വാന്‍ ഡി ഡോങ്കും ഡച്ച് പടയ്ക്കായി ഗോളടിച്ചു.
ഗ്രൂപ്പിലെ അവസാന റൗണ്ട് പോരാട്ടത്തിന് മുമ്പ് നെതര്‍ലന്‍ഡസ്, അമേരിക്ക ടീമുകള്‍ നാല് പോയിന്റുമായി തുല്യതയിലായിരുന്നു. ഇതിനാല്‍ തന്നെ പരമാവധി ഗോള്‍ നേട്ടത്തോടെ ജയിക്കാനുള്ള ഡച്ച് തീരുമാനം കണിശമായി നടപ്പാക്കുകയായിരുന്നു.
അമേരിക്കയും പോര്‍ചുഗലും തമ്മിലുള്ള പോരാട്ടം ഗോള്‍രഹിതമായി പിരിഞ്ഞു. അമേരിക്കയ്ക്കും ജയം അത്യാവശ്യമായിരുന്ന മത്സരത്തില്‍ 17 തവണ ഗോള്‍ ശ്രമങ്ങള്‍ നടത്തിയ ആറ് ഓണ്‍ ടാര്‍ജറ്റ് ഷോട്ടുകളുതിര്‍ത്തു. പക്ഷെ ഒരു ഗോള്‍ പോലും നേടാനായില്ല. പോര്‍ചുഗല്‍ കരുത്തിനൊത്ത പ്രകടനം പുറത്തെടുക്കാതെ കൂടി വന്നപ്പോള്‍ ഗോളില്ലാ മത്സരം അല്‍പ്പം വിരസമാക്കി. അഞ്ച് പോയിന്റുമായി ഗ്രൂപ്പ് ഇയില്‍ നിന്ന് രണ്ടാം സ്ഥാനക്കാരായാണ് അമേരിക്കയുടെ മുന്നേറ്റം. ഗ്രൂപ്പില്‍ അവസാന സ്ഥാനക്കാരായി പുറത്തായ വിയെറ്റ്നാം ഒരുജയം പോലും നേടിയില്ല. ഒരു ഗോള്‍ പോലും അടിച്ചതുമില്ല.
ഗ്രൂപ്പ് ഡിയില്‍ നിന്ന് ഹെയ്തിക്കെതിരെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് ജയിച്ചാണ് ഡെന്മാര്ക്ക് മുന്നേറിയത്. രണ്ട് ജയത്തോടെ ആറ് പോയിന്റുമായാണ് ഡെന്മാര്ക്ക് പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. ഗ്രൂപ്പിലെ മൂന്ന് കളികളും ജയിച്ച ഇംഗ്ലണ്ട് ഒമ്പത് പോയിന്റും നേടി ജേതാക്കളായി മുന്നേറി.
ചൈനയെയാണ് ഇന്നലെ ഇംഗ്ലണ്ട് നേരിട്ടത്. ഒന്നിനെതിരെ ആറ് ഗോളുകളുമായാണ് ഇംഗ്ലണ്ട് വിജയിച്ചത്. ആദ്യപകുതിയില്‍ 3-0ന് മുന്നില്‍ നിന്ന ഇംഗ്ലണ്ട് രണ്ടാം പകുതിയില്‍ ആദ്യം ഗോള്‍ വഴങ്ങി. പിന്നീടാണ് മൂന്ന് ഗോളുകള്‍ കൂടി തികച്ചത്. ഇംഗ്ലണ്ടിന്റെ മിന്നും താരം ലോറന് ജെയിംസ് ഇരട്ടഗോള്‍ നേടി. 41, 65 മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഗോള്‍. അലീസിയ റൂസോ(നാലാം മിനിറ്റ്), ലോറെന് ഹെംപ്(26), ചോളെ കെല്ലി(77), റക്കേല്‍ ഡാലി എന്നിവര്‍ ഇംഗ്ലണ്ടിനായി ഗോളുകളടിച്ചു. 57-ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ ലാങ് ഷ്വാങ് ആണ് ചൈനയുടെ ആശ്വാസ ഗോള്‍ നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: