മങ്കൊമ്പ്: കുട്ടനാട്, അപ്പര്‍കുട്ടനാട് കരിനിലങ്ങളിലെ പുഞ്ചകൃഷി വിളവെടുപ്പ് പൂര്‍ത്തിയായി മാസം നാലു കഴിഞ്ഞിട്ടും സംഭരിച്ച നെല്ലിന്റ് വില കിട്ടാനുള്ളവര്‍ നിരവധി.രണ്ടാം കൃഷിക്കു വിളവിറക്കിയ കര്‍ഷകര്‍ സാമ്പത്തിക പ്രതിസന്ധിയിലാണ്. വിതയ്‌ക്കു തന്നെ ഏക്കറിന് 25,000 മുതല്‍ 30,000 രൂപ വരെ ചെലവായി. 60 ദിവസം പ്രായമായ നെല്‍ച്ചെടികള്‍ക്ക് ആവശ്യമായ വളം, കക്ക, മരുന്ന് എന്നിവ വാങ്ങാനുള്ള പണത്തിനു വിഷമിക്കുകയാണ് പലരും. സ്വര്‍ണം പണയം വച്ചും കൊള്ളപ്പലിശയ്‌ക്ക് കടം വാങ്ങിയുമാണ് കൃഷി ഇറക്കിയത്.
തുക ലഭിക്കാത്തതിനാല്‍ ഈ കടങ്ങള്‍ വീട്ടാനാകുന്നില്ല. ഇതിനൊപ്പമാണ് അടുത്ത കൃഷിക്കുള്ള ചെലവ്. അതെങ്ങനെ കണ്ടെത്തും പിആര്‍എസും അപേക്ഷയും പാഡി ഓഫീസില്‍ എത്തിച്ചെങ്കിലും സംഭരിച്ച വില കിട്ടിയില്ല. ഓഫീസുമായും ബാങ്കുമായി ബന്ധപ്പെടുമ്പോള്‍ നാളെ, നാളെ എന്ന പല്ലവിയാണ് പറയുന്നത്.
രണ്ടാം കൃഷിയിറക്കാന്‍ പോലും പണമില്ലാതെ വലയുകയാണ് പല കര്‍ഷകരും. 31,000 കര്‍ഷകരില്‍നിന്ന് 1,25, 311.618 മെട്രിക് ടണ്‍ നെല്ലാണ് സംഭരിച്ചത്. ക്വിന്റലിന് 2,820 രൂപ നിരക്കിലാണ് സംഭരിച്ചത്. 354.88 കോടിയാണ് വിതരണം ചെയ്യേണ്ടത്. 11,000 കര്‍ഷകര്‍ക്കായി 125.8 കോടി രൂപ ഇനിയും കിട്ടാനുണ്ട്. ഇതുകൂടാതെ കൈകാര്യ ചെലവിനത്തില്‍ വേറെ തുകയും വിതരണം ചെയ്യാനുണ്ട്. പിആര്‍എസും അപേക്ഷയും പാഡി ഓഫീസിലെത്തിച്ചാല്‍ സംഭരിച്ച നെല്ലിന്റെ വില ഏഴു ദിവസത്തിനുള്ളില്‍ കര്‍ഷകരുടെ അക്കൗണ്ടിലെത്തുമെന്നായിരുന്നു സര്‍ക്കാര്‍ വാഗ്ദാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: