ചണ്ഡിഗഡ് : ഹരിയാനയിലെ നുഹില്‍ വര്‍ഗീയ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ ചൊവ്വാഴ്ച ഗുരുഗ്രാമിലെ ബാദ്ഷാപൂരില്‍ വീണ്ടും അക്രമം. മോട്ടോര്‍ ബൈക്കുകളിലും എസ്യുവികളിലും എത്തിയ 200 ഓളം പേര്‍ ബിരിയാണിയും മറ്റ് ഭക്ഷണങ്ങളും വില്‍ക്കുന്ന 14 ഔട്ട്ലെറ്റുകള്‍ തകര്‍ത്തു. സെക്ടര്‍ 66ല്‍ ഏഴ് കടകള്‍ക്ക് തീവച്ചു.
തിങ്കളാഴ്ച, ഗുരുഗ്രാമിലെ സെക്ടര്‍ 57-ലെ ഒരു മുസ്ലീം പള്ളിയില്‍ അമ്പതോളം പേരടങ്ങുന്ന ജനക്കൂട്ടം വെടിയുതിര്‍ക്കുകയും പിന്നീട് തീയിടുകയും ചെയ്തു. സംഭവത്തില്‍ ഒരാള്‍ മരിക്കുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.
അതേസമയം സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം നൂഹില്‍ സംഭവിച്ചതിന്റെ ചില പ്രത്യാഘാതങ്ങള്‍ സോഹ്നയില്‍ ഉണ്ടായിരുന്നു. എന്നാലും, വൈകുന്നേരത്തോടെ സ്ഥിതി നിയന്ത്രണവിധേയമാക്കിയെന്ന് പൊലീസ് പറഞ്ഞു.
ഹരിയാന സര്‍ക്കാര്‍ തിങ്കളാഴ്ച ഗുരുഗ്രാമിലും നുഹിലും നിരോധനാജ്ഞ ഏര്‍പ്പെടുത്തി. ഗുരുഗ്രാം, ഫരീദാബാദ്, പല്‍വാല്‍ എന്നിവിടങ്ങളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ചൊവ്വാഴ്ച അവധി നല്‍കിയിരുന്നു.
തിങ്കളാഴ്ച ഉച്ചയോടെ നുഹ് ജില്ലയിലൂടെ കടന്നുപോയ ഹൈന്ദവ ഘോഷയാത്ര ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്നാണ് സംഘര്‍ഷം തുടങ്ങിയത്. തുടര്‍ന്ന് വ്യാപിച്ച അക്രമത്തില്‍ രണ്ട് ഹോം ഗാര്‍ഡുകള്‍ കൊല്ലപ്പെട്ടു. പൊലീസുകാര്‍ ഉള്‍പ്പെടെ നിരവധിയാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ക്കാന്‍ വലിയ ഗൂഢാലോചന നടന്നതായി നിലവിലെ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷം മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ ചൊവ്വാഴ്ച പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: