ദേവസമൂഹത്തിന് പ്രഹ്ലാദനെക്കുറിച്ച് പ്രിയം വര്‍ദ്ധിച്ചു. പ്രതിദിനം ഭക്തിയോടെ പ്രഹ്ലാദന്‍ വിഷ്ണുവിനെത്തന്നെ സര്‍വഥാ ഭജിച്ച് നിരന്തരം പൂജാപരനായ അസുരനവരനു ദൃശ്യത്തില്‍ പ്രിയമില്ലാതെയായി. ഭോഗാദികലനകളെല്ലാം അശ്ശേഷം നശിച്ച് വിശ്രാന്തിയെ പ്രാപിച്ചില്ല. അവന്റെ മാനസം അക്കാലം ഇളകിയാടുന്ന സ്ഥിതിയെ പ്രാപിച്ചു. ഗരുഡവാഹനനും മാധവനുമായ ആ കൃപാബ്ധി പ്രഹ്ലാദന്റെ ദുരിതസുരേശ്വരസ്ഥിതിയെ സര്‍വഗതയാകുന്ന ബുദ്ധിയില്‍ നന്നായി ധരിച്ച് പെട്ടെന്ന് ക്ഷീരസാഗരത്തിങ്കല്‍നിന്നു രസാതലങ്ങളിലൂടെ സഹര്‍ഷം അസുരപ്രവരന്‍ പ്രഹ്ലാദന്റെ പൂജാഗൃഹത്തിലെത്തി ആ പ്രഭു വിളങ്ങി. ജനാര്‍ദ്ദനന്‍ ആവിര്‍ഭവിച്ചതായി അറിഞ്ഞ് പ്രഹ്ലാദന്‍ രണ്ടുമടങ്ങ് അധികം പൂജിച്ച് മുകുന്ദനെ സ്തുതിച്ചു. ത്രിഭുവനമായ നികേതനത്തിന് അഭിരാമമായുള്ള ഒരു ഭണ്ഡാരമായി, കളങ്കമൊക്കെയും കളഞ്ഞ്, അതിമാത്രം വിളങ്ങുന്ന ഈശനായി, ശരണ്യനായി, സദാ ശരണമില്ലാതെ വലഞ്ഞിടുന്നോര്‍ക്ക് ശരണമായി, ജനിമൃതിവിഹീനനായി, വരദനായി, സര്‍വേശ്വരനായുള്ളോരു ഹരിയെ ഭക്ത്യാ ഞാന്‍ ശരണം പ്രാപിച്ചേന്‍.
കരിങ്കൂവളദലനിരപോലെ സുരരുചിരതരശരീരനായി, കളങ്കംകൂടാതെ ശരത്ക്കാലത്തില്‍ വിളങ്ങുന്ന ആകാശജടാകാരനായി, തിമിരം, അഞ്ജനം, വണ്ട് ഇവയോടു സമമായുള്ള ശോഭകലര്‍ന്നവനായി, സരസിജചക്രഗദാധരനായ ഹരിയെ ഭക്തിയോടെ ഞാന്‍ ശരണം പ്രാപിച്ചേന്‍. വിമലനായി, ശ്രുതിരണിത പത്മജഭ്രമരനായ (താമരയ്‌ക്കുള്ളില്‍ വണ്ടിരുന്നു ശ്രുതിപോലെ പുറപ്പെടുവിക്കുന്ന ശബ്ദത്തോടെയുള്ളവനായ), എന്റെ ഹൃദയമായുള്ള താമരയ്‌ക്കു ജലാശയമായുള്ള ഹരിയെ ഭക്തിയോടെ ഞാന്‍ ശരണം പ്രാപിച്ചേന്‍. വെളുത്തുമിന്നുന്ന നഖങ്ങളാകുന്ന നക്ഷത്രങ്ങള്‍ വളരെ ഭംഗിയായി വിലസുകകൊണ്ടും അഴകേറുന്ന പുഞ്ചിരിയുള്ള മുഖമാകുന്ന മുഴുചന്ദ്രബിംബം വിളങ്ങുകകൊണ്ടും തിരുമാറില്‍ വളരെ വിളങ്ങീടുന്ന മണിമരീചാജാലമായ ഗംഗകൊണ്ടും ശരത്ക്കാലത്തെ അമലമായ ആകാശത്തോടൊത്ത ഹരിയെ ഭക്തിയോടെ ഞാന്‍ ശരണം പ്രാപിച്ചേന്‍. ശ്രേഷ്ഠമായ മൂലോകമെന്ന സരസ്സില്‍ നല്ല ഒരു വെള്ളത്താമരയായി തമസ്സോടൊത്ത വിമോഹത്തെ നീക്കാന്‍ വിമലമായ മണിവിളക്കായി, സ്ഫുടതരമായി ചിദാത്മതത്ത്വമായി, ജഡത്വം കൈവിട്ടു വിളങ്ങുന്ന പരനായി, ലോകാര്‍ത്തിഹരനായുള്ള ഹരിയെ ഞാന്‍ ശരണം പ്രാപിച്ചേന്‍. പുതുതായി വിടര്‍ന്ന് കൂട്ടത്തോടെ ശോഭിക്കുന്ന പത്മത്തിലുള്ള പൊടിപോല്‍ വെളുപ്പുള്ള താമരയുടെ ഉടലിനാല്‍ നല്ലവണ്ണം അലംകൃതാംഗനായി, സന്ധ്യപോലെ അരുണമായുള്ള കുറിക്കൂട്ട് ഏറ്റവും ഭംഗിയായി അണിഞ്ഞുള്ള, മഞ്ഞള്‍ നിറത്തിലുള്ള വസ്ത്രം ധരിച്ച, ഹരിയെ ഞാന്‍ ശരണം പ്രാപിച്ചേന്‍. ലോകസൃഷ്ടിയെന്ന ലീലയെ മുടങ്ങാതെ നിരന്തരം ചെയ്തു വസിക്കുന്നവനായി, എങ്ങും ജനിക്കാത്തവനായി, സദാപി അപവര്‍ദ്ധനനായി, വിശാലനായി, യുഗസഞ്ചയങ്ങളോളം പ്രായമുള്ളവനാകിലും സുകുമാരാംഗനായ ചെറിയ കുട്ടിയായി ഒരു പേരാലിലയില്‍ ശയിക്കുന്ന ഹരിയെ ഞാന്‍ ശരണം പ്രാപിച്ചേന്‍. ദിതിജപത്മിനീതുഷാരപാതമായി, ത്രിദശപത്മിനീദിവാകരനായി, വിരിഞ്ചപത്മിനീജലാവപൂരമായി, ഉരസ്ഥലാംബുജനികേതനനായി, ഗുരുകൃപാബ്ധിയായി വിഭുവായീടുന്ന ഹരിയെ ഞാന്‍ ശരണം പ്രാപിച്ചേന്‍.
ഈ വണ്ണം പ്രഹ്ലാദന്‍ സ്തുതിച്ചനേരം കുവലയേക്ഷണനായ വിഷ്ണു അരുള്‍ചെയ്തു: ”ഗുണാംബുധേ! എന്റെ ഭക്തപ്രവര! ഇനിയൊരിക്കലും ജനിമൃതിദുഃഖം നിനക്കുണ്ടാകാതിരിക്കാനായി കരളില്‍ നന്നെന്നു കരുതീടുന്ന ഒരു വരത്തെ ഇപ്പോള്‍ വരിച്ചുകൊണ്ടാലും.” ”സകലസങ്കല്പഫലങ്ങളെല്ലാം നല്‍കുന്ന സകലലോകേശ്വര! വളരെ ഉദാരമായി തിരുമനസ്സിങ്കല്‍ കരുതുന്നതായ ആ വരം എനിക്കു തന്നരുളിയാലും.” ഈവണ്ണം പ്രഹ്ലാദന്‍ ഉണര്‍ത്തിയപ്പോള്‍ ഭുവനനായകനായ വിഷ്ണു നല്ലവണ്ണം സന്തോഷിച്ചു. പെട്ടെന്ന് സംഭ്രമം മുഴുവന്‍ നീങ്ങാനും പരമമായ ഫലം ലഭിക്കാനും പരബ്രഹ്മത്തിങ്കല്‍ വിശ്രാന്തി ഭവിച്ചീടുംവരെ തവ വിചാരം ഉല്‍ഭവിക്കട്ടെ.’’ എന്നു ഭവഭയഹരന്‍ അനുഗ്രഹിച്ച് ഉഗ്രമായ ശബ്ദത്തോടെ കടലിലുണ്ടാകുന്ന അലയടിയെന്നപോലെ വിഷ്ണു അവിടെ മറഞ്ഞു. ഭഗവാന്‍ മറഞ്ഞപ്പോള്‍ ഉദ്വാസനാംഗഭൂതമായ പുഷ്പാഞ്ജലിചെയ്തു പ്രഹ്ലാദന്‍ പത്മാസനസ്ഥിതനായി ആനന്ദത്തോടെ ജനാര്‍ദ്ദനനെ വളരെ സ്തുതിച്ചു. പാദങ്ങളെ തുടകള്‍ക്കുമേല്‍ ചേര്‍ത്തുവെക്കുന്നതിനെ സത്തുക്കള്‍ ഗുണമെഴുന്ന പത്മാസനമെന്നു പറയുന്നു. ദനുജനായകന്‍ അനന്തരം തന്റെ ഉള്ളില്‍ ഇങ്ങനെ വിചാരിച്ചു- ഭവത്തിനു ശത്രുവാകുന്ന ദേവന്‍ ”വിചാരവാനായി ഭവിക്കേണം ന” എന്ന് അരുളിച്ചെയ്തു. അതുകൊണ്ട് ഞാന്‍ ആത്മവിചാരത്തെ ചെയ്യുന്നതിന്നായി ഇപ്പോള്‍ തുനിഞ്ഞീടുന്നു. ഞാന്‍ പറയുന്നു, നന്നായി നടന്നുകൊള്ളുന്നു, ഇരിക്കുന്നു, വിചാരിക്കുന്നു, ഈവണ്ണമൊക്കെയും അഭിമാനിയായി ഭവിച്ച ഞാന്‍ വിചാരിച്ചാല്‍ ആരായിടുന്നു? മലകളും വൃക്ഷങ്ങളും പുല്ലുകളും ഒക്കെച്ചേര്‍ന്നിരിക്കുന്ന ഈ ജഗത്ത് ദൃഢമായും ഞാനല്ല.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: