ചണ്ഡിഗഡ് : ഹരിയാനയിലെ നുഹ് ജില്ലയില്‍ ഇന്നലെയുണ്ടായ സംഘര്‍ഷത്തില്‍ അഞ്ച് പേര് കൊല്ലപ്പെടുകയും പൊലീസുകാര്‍ ഉള്‍പ്പെടെ 50 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തിങ്കളാഴ്ച വൈകുന്നേരം ഹൈന്ദവരുടെ ഘോഷയാത്രയ്ക്ക് നേരെ അക്രമികള്‍ കല്ലെറിയുകയും വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തതിനെ തുടര്‍ന്നാണ് സംഘര്‍ഷം തുടങ്ങിയത്.
ഗുരുഗ്രാമിലെ സിവില്‍ ലൈനില്‍ നിന്ന് ബിജെപി ജില്ലാ അധ്യക്ഷന്‍ ഗാര്‍ഗി കക്കര്‍ ഫ്ലാഗ് ഓഫ് ചെയ്ത ‘ബ്രിജ് മണ്ഡല് ജലാഭിഷേക് യാത്ര’ നുഹിലെ ഖേദ്ല മോഡിന് സമീപം ഒരു സംഘം ആളുകള്‍ തടയുകയും കല്ലെറിയുകയുമായിരുന്നു.
പിന്നാലെ ഒരു വിഭാഗം ഗുരുഗ്രാമിലെ സെക്ടര്‍ 57 ല്‍ അഞ്ജുമാന്‍ മസ്ജിദിന് തീവച്ചു. ഗുരുഗ്രാമിലെ എല്ലാ പള്ളികളിലും പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. സോഹ്നയില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണ്.ചിലയിടങ്ങളില്‍ കടകളും തുറന്നിട്ടുണ്ടെന്ന് ഭരണകൂടം അറിയിച്ചു.സംഘര്‍ഷം രൂക്ഷമായതോടെ നൂഹ്, ഗുരുഗ്രാം, ഫരീദാബാദ്, പല്‍വാല്‍, റെവാരി ജില്ലകളില്‍ ആളുകള്‍ കൂട്ടംകൂടുന്നത് നിരോധിച്ചുകൊണ്ടുള്ള നിരോധന ഉത്തരവുകള്‍ ഏര്‍പ്പെടുത്തി. ഇതോടൊപ്പം നൂഹ്, ഫരീദാബാദ് എന്നിവിടങ്ങളില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങളും ബുധനാഴ്ച വരെ നിര്‍ത്തിവച്ചു.
സമാധാനം പുനസ്ഥാപിക്കാനുളള നീക്കത്തിന്റെ ഭാഗമായി ഹിന്ദു-മുസ്ലീം വിഭാഗങ്ങളില്‍ നിന്നുമുള്ള പ്രദേശവാസികളെ ഉള്‍പ്പെടുത്തി പ്രാദേശിക തലത്തിലുള്ള യോഗം ചേര്‍ന്നു. ഈ സമാധാന സമിതി എല്ലാ ദിവസവും യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തുമെന്ന് ഗുരുഗ്രാം ഡിസി നിശാന്ത് കുമാര്‍ യാദവ് പറഞ്ഞു.
സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ അര്‍ദ്ധസൈനികരെ വിന്യസിച്ചിട്ടുണ്ട്. നിരോധനാജ്ഞയും പുറപ്പെടുവിച്ചു.
ഹരിയാനയില്‍ വര്‍ഗീയ കലാപത്തിന് തൊട്ടുപിന്നാലെ, രാജസ്ഥാനിലെ ഭരത്പൂരിലെ മേവാത്ത് മേഖലയിലെ പഹാരി, കമാന്, സിക്രി, നഗര്‍ എന്നീ നാല് താലൂക്കുകളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: