റ്ററോബ: വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും നിര്‍ണായക പോരാട്ടമാണ് ഇന്ന്. നിലവില്‍ പരമ്പര 1-1 സമനിലയിലാണ്. വിന്‍ഡീസിന്റെ നിലവിലെ കളിനിലവാരമനുസരിച്ച് ഏകദിന പരമ്പര ഇത്രയും കലുഷിതമായ സാഹചര്യത്തില്‍ പരമ്പരയുടെ അവസാനം കൊണ്ടുവന്നെത്തിച്ചതില്‍ ടീം ഇന്ത്യ മുഖ്യ പരിശീലകന് രാഹുല്‍ ദ്രാവിഡും നായകന് രോഹിത് ശര്‍മ്മയും നിരവധി ചോദ്യശരങ്ങള്‍ക്ക് മുന്നിലായിട്ടുണ്ട്. രണ്ടാം മത്സരം പരാജയപ്പെട്ടതിനെക്കാള്‍ ഉപരി തുടരെയുള്ള ബാറ്റിങ് തകര്‍ച്ച ആരാധകരെ വല്ലാതെ അസ്വസ്ഥമാക്കിയിരിക്കുന്നു.
ആദ്യ ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 113 എന്ന ദുര്‍ബലമായ സ്കോറിന് പുറത്തായി. മറുപടിയില്‍ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി വളരെ കഷ്ടപ്പെട്ടാണ് ഇന്ത്യ ജയിച്ചത്. ഇത്രയും ചെറിയ സ്കോര്‍ മറികടക്കുന്ന ബാറ്റിങ് ലൈനപ്പിന്റെ പ്രകടനം വല്ലാതെ നിരാശപ്പെടുത്തുന്നതായിരുന്നു.
ഇതിന് പിന്നാലെ ബാര്‍ബഡോസില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ സീനിയര്‍ താരങ്ങള്‍ ഒഴിഞ്ഞു നിന്നു. സമീപകാലത്ത് വളരെ മികച്ച പ്രകടനം പുറത്തെടുത്തുവന്ന താരങ്ങളാരും തന്നെ ഫോമിലേക്കുയര്‍ന്നില്ല. ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്ലും ഇഷാന് കിഷനും മാത്രമാണ് മികവുകാട്ടിയത്. വെറും 181 റണ്‍സില്‍ ഓള് ഔട്ട് ആകുക കൂടി ചെയ്തത് കാഴ്ച്ചക്കാരില്‍ വലിയ അമ്പരപ്പാണുണ്ടാക്കിയത്. ലോകകപ്പ് യോഗ്യത പോലും നേടാനാകാതെ നിന്ന വിന്‍ഡീസ് ഇന്ത്യയെ തോല്‍പ്പിച്ചതോടെ ഉണര്‍ന്നുകളിക്കുന്ന കാഴ്ചയാണ് കാണാനായി. അവരുടെ സീനിയര്‍ താരങ്ങള്‍ പലരും ടീമിലില്ലാത്ത അവസരത്തിലാണ് ഈ പോരാട്ട വീര്യം എന്നത് കൂടി കണക്കിലെടുക്കേണ്ടതാണ്.
ലോകകപ്പിനും അതിന് മുന്നോടിയായി നടക്കുന്ന ഏഷ്യാകപ്പിലും ആത്മവിശ്വാസത്തോടെ പോരടിക്കാന്‍ ഇന്ത്യയ്ക്ക് ഇന്നത്തെ മത്സരം അതിജീവിച്ചേ മതിയാകൂ. അത് ഒരു പരിധിവരെ അഭിമാനപ്പോരാട്ടം കൂടിയാകുന്നു.
അവസരം തുലച്ച സഞ്ജു
ആദ്യ മത്സരത്തില്‍ ഫൈനല്‍ ഇലവനില്‍ മലയാളി താരം സഞ്ജു വി സാംസണെ ഉള്‍പ്പെടുത്താതിരുന്നതിന് പല മുന്‍ താരങ്ങളില്‍ നിന്നും മറ്റും വലിയ വിമര്‍ശനമാണ് ഉണ്ടായത്. കേരളത്തിന് പുറമെയുള്ള ആരാധകരും പ്രതിഷേധവുമായി സഞ്ജുവിനുവേണ്ടി സമൂഹമാധ്യമത്തില്‍ പോസ്റ്റുകള്‍ നിറച്ചു. രണ്ടാം മത്സരത്തില്‍ മൂന്നാമനായി അവസരം നല്‍കിയെങ്കിലും വെറും ഒമ്പത് റണ്‍സുമായി നിരാശപ്പെടുത്തി. നിര്‍ണായക ഘട്ടത്തില്‍ കിട്ടിയ അവസരം കളഞ്ഞുകുളിക്കുകയായിരുന്നു. സഞ്ജുവിന് വേണ്ടി ടീം ഡിസിഷനെ കുറ്റപ്പെടുത്തിയവര്‍ക്കും താരത്തെ അകമഴിഞ്ഞ് പിന്തുണച്ചവര്ക്കും ലഭിച്ച കനത്ത പ്രഹരമായിരുന്നു ആ മങ്ങിയ പ്രകടനം. മൂന്നാം ഏകദിനത്തിന്റെ ഫൈനല്‍ ഇലവന് സാധ്യതാ പട്ടിക വരുമ്പോള്‍ സഞ്ജു ഉള്‍പ്പെട്ടിട്ടില്ല. രോഹിത് ശര്‍മ്മയും വിരാട് കോഹ്ലിയും തിരിച്ചെത്തിയിട്ടുണ്ട്. സഞ്ജുവിനൊപ്പം രണ്ടാം ഏകദിനം കളിച്ച അക്ഷര്‍ പട്ടേലിനെയും ഒഴിവാക്കി.
റ്ററോബയിലേത് ബോളിങ് പിച്ച്
റ്ററോബയിലെ ബ്രയന്‍ ലാറ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഇന്നത്തെ മത്സരം. ഇവിടെ നടക്കുന്ന ആദ്യ പുരുഷ രാജ്യാന്തര ഏകദിന മത്സരമാണ് ഇന്നത്തേത്. പിച്ചിന് മുന്‍കാല ചരിത്രങ്ങളൊന്നുമില്ലാത്തതിനാല് ഗതിവിലയിരുത്തല് അസാധ്യമാണ്. എന്നാല്‍ സ്ലോവ് വിക്കറ്റാണ് ഇവിടത്തേത്. ബാറ്റര്‍മാര്‍ക്ക് കാര്യങ്ങള്‍ അത്ര എളുപ്പമാവില്ലെന്ന് ചുരുക്കം. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഒരു ടീമും 200 തികച്ചില്ലെന്നതാണ് വാസ്തവം. ഇന്നത്തെ മത്സരം നടക്കുന്ന ബ്രയന്‍ ലാറ സ്റ്റേഡിയത്തിലെ വിക്കറ്റും ബോളര്‍മാരെ അകമഴിഞ്ഞ് സഹായിച്ചാല്‍ ഇന്നത്തെ നിര്‍ണായക പോരാട്ടം ബോളര്‍മാരുടെ ദിനമായിമാറാനുള്ള സാധ്യതയാണ് കാണുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: