വി.എന്‍.എസ്.പിള്ള
പ്രധാനമന്ത്രി ജീവന് ജ്യോതി ബീമാ യോജനയുടെ ശരിയായ പ്രാധാന്യം ഇനിയും സാധാരണ ജനങ്ങളിലേയ്ക്ക് എത്തിയിട്ടില്ലെന്നു തോന്നുന്നു. ലളിതമായ വ്യവസ്ഥയില്‍ ലളിതമായ ചട്ടങ്ങളില്‍ നമ്മളില്‍ എത്തുന്ന പദ്ധതിയാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയിരിക്കുന്നത്. അത് ഉപയോഗപ്പെടുത്തുക എന്നതു മാത്രമാണ് നമ്മുടെ കടമ. നിലവിലുണ്ടായിരുന്ന ലൈഫ് ഇന്‍ഷുറന്‍സ് വ്യവസ്ഥകള്‍ സാധാരണജനങ്ങള്‍ക്കുവേണ്ടി മാറ്റിയെഴുതിയ പദ്ധതിയാണ് പ്രധാനമന്ത്രി ജീവന് ജ്യോതി ബീമാ യോജന. ഇതില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്ന വ്യക്തി മരിച്ചാല്‍ രണ്ടുലക്ഷം രൂപയാണ് ഇന്‍ഷുറന്‍സ് തുകയായി ആശ്രിതര്‍ക്ക് ലഭിക്കുക. രണ്ടു ലക്ഷം രൂപ മുഖവിലയുള്ള ലൈഫ് ഇന്‍ഷുറന്‍സ് പോളിസി വാങ്ങിയിട്ടുള്ളവര്‍ ഓര്‍ത്തുനോക്കൂ അതിനായി നിങ്ങള്‍ എത്ര ഫാറങ്ങള്‍ പൂരിപ്പിച്ചു, എത്ര പ്രീമിയം നല്കി, ഏതെല്ലാം ആരോഗ്യപരിശോധനക്ക് വിധേയരായി എന്ന്. ഈ പദ്ധതിയില്‍ പ്രീമിയം കുറവാണെന്നു തന്നെയല്ല അത് അപേക്ഷകന്റെ സേവിങ്സ് ബാങ്ക് അക്കൗണ്ടില്‍ നിന്നു സ്വയമേവ ഇന്‍ഷുറന്‍സ് കമ്പനിക്ക് ബാങ്ക് തന്നെ നല്‍കുകയും ചെയ്യും.
ജീവന് ജ്യോതി ബീമ യോജനയില്‍ ചേരുവാന്‍ നിര്‍ദ്ദിഷ്ട പ്രായപരിധിക്കുള്ളിലുള്ളവര്‍ ഫാറം പൂരിപ്പിച്ച് ബാങ്കിലോ പോസ്റ്റ് ഓഫീസിലോ നല്കുമ്പോള് അപേക്ഷകന് ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷക്ക് അര്‍ഹനാണോ എന്ന ചോദ്യം ഉയരുന്നില്ല. എല്ലാവരും അര്‍ഹരാണ്. എല്ലാ പൗരന്മാര്ക്കും ഇന്‍ഷുറബിള്‍ ഇന്ററസ്റ്റ് ഉണ്ടെന്നതാണ് അനുമാനം.
വാര്‍ഷികമായ ഈ പദ്ധതിയില്‍ തുടക്കത്തില്‍ ചേരാന്‍ കഴിയാത്തവര്‍ക്ക് ആനുപാതികമായ പ്രീമിയം നല്കി എപ്പോള്‍ വേണമെങ്കിലും ചേരാം. പ്രീമിയം ഇപ്രകാരമാണ് ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ 436രൂപ, സെപ്റ്റംബര്‍, ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ 342രൂപ, ഡിസംബര്‍, ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ 228 രൂപ, മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളില്‍ 114രൂപ. പദ്ധതി പുതുക്കുമ്പോള്‍ (അടുത്ത വര്‍ഷം മേയില്‍) വാര്‍ഷിക പ്രീമിയം അടക്കണം.
ഉയര്‍ന്ന മരണസാദ്ധ്യത മുന്നില്‍ക്കണ്ട് പദ്ധതിയില്‍ ചേരുന്നവര്‍ ഓര്‍ക്കേണ്ട കാര്യം പദ്ധതിയില്‍ ചേര്‍ന്ന് മുപ്പതു ദിവസങ്ങള്‍ക്കുള്ളില്‍ അപകടം മൂലമല്ലാതെയുള്ള മരണത്തിന് ക്ലെയിം ലഭ്യമല്ല എന്നതാണ്. മരണം അപകടം മൂലമാണെങ്കില്‍ പരിരക്ഷാതുകയായ രണ്ടു ലക്ഷം രൂപ കുടുംബത്തിനു ലഭിക്കുകയും ചെയ്യും.ജനക്ഷേമത്തിന്റെ കാര്യത്തില്‍ പ്രധാനമന്ത്രി ജീവന് ജ്യോതി ബീമാ യോജന കേന്ദ്രസര്‍ക്കാരിന്റെ സുപ്രധാനമായ കാല്‍വയ്പാണ്. ഇതോടു ചേര്‍ത്തു വായിക്കേണ്ടതാണ് പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജനയും (പ്രീമിയം 20 രൂപ മാത്രം). അതായത് പ്രതിദിനം ഒന്നേകാല്‍ രൂപക്ക് രണ്ടുലക്ഷം രൂപയുടെ ലൈഫ് ഇന്‍ഷ്വറന്‍സും രണ്ടുലക്ഷം രൂപയുടെ അപകട ഇന്‍ഷ്വറന്‍സും.
സുരക്ഷ ബീമാ യോജന
സുരക്ഷ ബീമാ യോജനയില്‍, മരണമോ സമ്പൂര്‍ണ്ണവും സ്ഥിരവുമായ ശാരീരിക വൈകല്യമോ അപകടം മൂലം ഉണ്ടാവുകയാണെങ്കില്‍ രണ്ടുലക്ഷം രൂപയുടെ പരിരക്ഷ ലഭിക്കും. ഭാഗികമായ വൈകല്യത്തിന് ഒരുലക്ഷം രൂപയാണ് നഷ്ടപരിഹാരമായി ലഭിക്കുക. അപകടവും വൈകല്യവും പദ്ധതിയില്‍ നിര്‍വചിച്ചിട്ടുണ്ട്. മരണം സംഭവിച്ചാല്‍ തുക നോമിനിക്കും വൈകല്യമാണെങ്കില്‍ തുക അംഗത്തിനുമാണ് ലഭിക്കുന്നത്. പ്രകൃതിക്ഷോഭം പാമ്പുകടി കൊലപാതകം ഇവ മൂലമുള്ള മരണങ്ങള് അപകടമരണമായി കണക്കാക്കും. ആത്മഹത്യ അപകടമായി കണക്കാക്കുന്നില്ല.
ജീവന് ജ്യോതി ബീമാ പദ്ധതി ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷനും രാജ്യത്തെ മറ്റ് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളും കൈകാര്യം ചെയ്യുമ്പോള്‍ സുരക്ഷാ ബീമാ പദ്ധതി പൊതുമേഖലയിലും സ്വകാര്യമേഖലയിലുമുള്ള ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളാണ് കൈകാര്യം ചെയ്യുന്നത്. ജീവന് ജ്യോതി ബീമാ യോജനയും സുരക്ഷാ ബീമാ യോജനയും സ്വതന്ത്രപദ്ധതികളാകയാലും അവയ്ക്ക് പ്രത്യേകം പ്രത്യേകം പ്രീമിയും നല്കുന്നതുകൊണ്ടും രണ്ടു പദ്ധതികളുടേയും പ്രയോജനം ഒരേ സമയം ലഭ്യമാണ്.
പദ്ധതികളുടെ വ്യാപ്തി
കഴിഞ്ഞ എട്ടുവര്‍ഷങ്ങളിലായി ജീവന് ജ്യോതി ബീമാ യോജനയിലും സുരക്ഷാ ബീമാ യോജനയിലും അടല്‍ പെന്ഷന് യോജനയിലുമായി 55.6 കോടിയിലധികം പൗരന്മാര് അംഗങ്ങളായുണ്ട്. ഇതില്‍ എട്ടു ലക്ഷത്തോളം പേര്‍ക്ക് ആദ്യത്തെ രണ്ടു പദ്ധതികളുടെ ക്ലെയിംആയി 15,592 കോടി ലഭിക്കയും ചെയ്തു. കേരളത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ (2017-2022) 4198 ഗുണഭോക്താക്കള്‍ക്ക് ഈ പദ്ധതികളുടെ ക്ലെയിം ലഭിച്ചു.
ഈ പദ്ധതിയുടെ പ്രത്യേകത കൃത്യമായി അറിയണമെങ്കില്‍ ലൈഫ് ഇന്‍ഷ്വറന്‍സിനെ സംബന്ധിക്കുന്ന രണ്ടു ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തേണ്ടിയിരിക്കുന്നു. ഒന്ന് ആര്‍ക്കും ലഭിക്കാവുന്ന സേവനമാണോ ലൈഫ് ഇന്‍ഷ്വറന്‍സ്? രണ്ട് എപ്പോള്‍ വേണമെങ്കിലും ലഭിക്കാവുന്ന സേവനമാണോ ലൈഫ് ഇന്‍ഷ്വറന്‍സ്?രണ്ടിന്റേയും ഉത്തരം, അല്ല എന്നു തന്നെയാണ്.
ഇന്‍ഷ്വറന്‍സ് നഷ്ടപരിഹാരമാണ്. അതായത് ഇന്‍ഷുറന്‍സിന്റെ പ്രയോജനം ലഭിക്കണമെങ്കില്‍ നഷ്ടം ഉണ്ടാകണം. ഇത് ലൈഫ് ഇന്‍ഷുറന്‍സിലും നോണ്‍-ലൈഫ് ഇന്‍ഷുറന്‍സിലും (ജനറല്‍ ഇന്‍ഷുറന്‍സിലും) ബാധകമാണ്. വാഹനത്തിന്റെ അപകടം മൂലമുണ്ടാകുന്ന നഷ്ടത്തിന് കൃത്യമായ നഷ്ടപരിഹാരം വാഹനത്തിന് ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ടെങ്കില്‍ ലഭിക്കുന്നു. എന്നാല്‍ ഒരു വ്യക്തി മരിക്കുമ്പോള്‍ ഉണ്ടാകുന്ന നഷ്ടം കണ്ടുപിടിക്കുക ദുഃസാദ്ധ്യമാണ്. ഇന്‍ഷുറന്‍സ് കമ്പനികള്‍ ചെയ്യുന്നത് ആ വ്യക്തിയുടെ മരണം മൂലം ആശ്രിതര്‍ക്കുണ്ടാകുന്ന സാമ്പത്തിക നഷ്ടം പരിഹരിക്കുക എന്നതാണ്. ലൈഫ് ഇന്‍ഷുറന്‍സ് പോളിസി വാങ്ങുമ്പോള്‍/നല്കുമ്പോള് ഉള്ള ഇന്‍ഷുറന്‍സ് പരിരക്ഷാ തുക തീരുമാനിക്കുന്നത് അയാളുടെ വരുമാനം, പ്രീമിയം നല്കുവാനുള്ള കഴിവ്, തുടങ്ങിയ പല ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ്.
വേണ്ടസമയത്തു ലഭിക്കാത്ത സേവനവുമാണ് ഇന്‍ഷുറന്‍സ്. ആവശ്യമില്ലാതിരിക്കുമ്പോഴാണ് അത് വാങ്ങേണ്ടത്. വേണ്ടപ്പോള്‍ അത് ഉപകരിക്കും. ഉദാഹരണമായി വാഹനം അപകടത്തില്‍ പെട്ടുകഴിയുമ്പോള്‍ ഇന്‍ഷുറന്‍സിന്റെ ആവശ്യമുണ്ട്. എന്നാല്‍ അതപ്പോള്‍ ലഭ്യമല്ല. ഗൃഹനാഥന് മരണപ്പെടുമ്പോള്‍ ഇന്‍ഷുറന്‍സിന്റെ ആവശ്യമുണ്ട്. പക്ഷേ, അപ്പോള്‍ ലഭ്യമല്ല. രോഗത്തിന് ഓപ്പറേഷന് വേണം. പക്ഷേ അപ്പോള്‍ ആരോഗ്യഇന്‍ഷുറന്‍സ് ലഭ്യമല്ല. കൂടാതെ ആരോഗ്യം നന്നായിരിക്കുമ്പോള്‍ മാത്രമേ ലൈഫ് ഇന്‍ഷുറന്‍സ് ലഭിക്കുകയുള്ളു. അമിതമായ മരണസാദ്ധ്യതയുണ്ടെങ്കില്‍ ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷ വാങ്ങാനാവാതെയും വരും.
ചുരുക്കി പറഞ്ഞാല്‍ സാധാരണ പൗരന് ലൈഫ് ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭ്യമല്ലായിരുന്നു. മരണത്തോടെ അവരുടെ കുടുംബം പട്ടിണിയിലായാലും, നിലവിലുണ്ടായിരുന്ന വ്യവസ്ഥകള്‍ പ്രകാരം, ആള് ജീവിച്ചിരിക്കുമ്പോള്‍ ലൈഫ് ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭ്യമായിരുന്നില്ല. ആ വ്യവസ്ഥകള്‍ സാധാരണക്കാര്‍ക്കു വേണ്ടി മാറ്റി എഴുതപ്പെട്ടിരിക്കുന്നു.
(9496166416)
പ്രതികരിക്കാൻ ഇവിടെ എഴുതുക: