ചണ്ഡിഗഡ് : ഹൈന്ദവ ഘോഷയാത്രയ്‌ക്കിടെ അക്രമികള്‍ കല്ലെറിയുകയും വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തതിനെ തുടര്‍ന്ന് ഹരിയാനയിലെ നുഹില്‍ സംഘര്‍ഷം .ഗുരുഗ്രാമിലെ സിവില്‍ ലൈനില്‍ നിന്ന് ബിജെപി ജില്ലാ അധ്യക്ഷന്‍ ഗാര്‍ഗി കക്കര്‍ പച്ചക്കൊടി കാട്ടിയ ‘ബ്രിജ് മണ്ഡല്‍ ജലാഭിഷേക് യാത്ര’ നുഹിലെ ഖേദ്ല മോഡിന് സമീപം ഒരു സംഘം ആളുകള്‍ തടയുകയായിരുന്നു.
‘ഘോഷയാത്രയ്‌ക്ക് നേരെ കല്ലേറുണ്ടായി, കുറഞ്ഞത് നാല് കാറുകളെങ്കിലും കത്തിച്ചു- പൊലീസ് പറഞ്ഞു.
സംഭവ സ്ഥലത്തേക്ക് അയല്‍ ജില്ലകളില്‍ നിന്ന് കൂടുതല്‍ സൈനികരെ അയച്ചതായി ഹരിയാന ആഭ്യന്തര മന്ത്രി അനില്‍ വിജ് പറഞ്ഞു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കുക എന്നതിനാണ് പ്രഥമ പരിഗണന. സമാധാനം നിലനിര്‍ത്താന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഹെലികോപ്റ്ററില്‍ സേനയെ അയക്കാനും ശ്രമിക്കുന്നുണ്ടെന്ന് മന്ത്രി വെളിപ്പെടുത്തി.
ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിച്ചു. അതേസമയം സംസ്ഥാന സര്‍ക്കാര്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ബുധനാഴ്ച വരെ നിര്‍ത്തി വച്ചു. ആളുകള്‍ കൂട്ടംകൂടുന്നതിനും നിരോധനമുണ്ട്.
പ്രദേശത്ത് ക്രമസമാധാനപാലനത്തിനായി പൊലീസ് ഫ്‌ലാഗ് മാര്‍ച്ച് നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: