ശ്രീനഗര്‍: അവധിക്ക് വീട്ടിലെത്തിയ സൈനികനെ കാണാതായി. സൈന്യവും പോലീസും തെരച്ചില്‍ ആരംഭിച്ചു. ദക്ഷിണ കശ്മീരില്‍ കുല്‍ഗാം ജില്ലയില്‍ നിന്നാണ് ഇയാളെ കാണാതായത്. ജമ്മു കശ്മീര്‍ ലൈറ്റ് ഇന്‍ഫന്‍ട്രി റെജിമന്റിലെ സൈനികനായ ജാവേദ് അഹമ്മദ് വാനി(25)നെയാണ് ശനിയാഴ്ച വൈകിട്ട് മുതല്‍ കാണാതായത്. അവധി കഴിഞ്ഞ് ഇന്നലെ ജോലിയില്‍ പ്രവേശിക്കാനിരിക്കെയാണ് ജാവേദിനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായത്.
വൈകിട്ട് ആറരയോടെ സാധനങ്ങള്‍ വാങ്ങാനാണ് ജാവേദ് ചൗവല്‍ഗാമിലേക്ക് കാറില്‍ പോയത്. രാത്രി ഏറെ വൈകിയിട്ടും തിരിച്ചെത്തിയില്ല. തുടര്‍ന്ന്, ജാവേദ് പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ വീട്ടുകാര്‍ തെരച്ചില്‍ നടത്തി. പിന്നീട് പരന്‍ഹാല്‍ ഗ്രാമത്തിലാണ് ഇയാള്‍ സഞ്ചരിച്ച കാര്‍ കണ്ടെത്തിയത്. ജാവേദിന്റെ ചെരുപ്പും വാങ്ങിയ സാധനങ്ങളും കാറില്‍ നിന്ന് കണ്ടെത്തി. കാറിന്റെ ലോക്ക് തുറന്ന നിലയിലായിരുന്നു. ഉള്ളില്‍ രക്തക്കറയും കണ്ടെത്തി.
സംഭവത്തില്‍ കശ്മീര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. സംശയമുള്ള ചിലരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം, ഭീകരരാണ് തട്ടിക്കൊണ്ടുപോയതെന്ന് ജാവേദിന്റെ കുടുംബം ആരോപിച്ചു. മകനെ വിട്ടുകിട്ടണമെന്ന് അപേക്ഷിച്ച് ജാവേദിന്റെ അമ്മയുടെ വീഡിയോയും പുറത്തുവന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: