വൈക്കം: ദീര്‍ഘകാലമായി വേമ്പനാട്ടുകായല്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മുറവിളി ഉയരുന്നുന്നെങ്കിലും പ്രയോഗിക തലത്തിലുള്ള നടപടികള്‍ ഇനിയുമകലെ. ദിനംപ്രതി കൈയേറ്റവും മാലിന്യ നിക്ഷേപവും വര്‍ധിച്ചുവരുന്നതല്ലാതെ സംരക്ഷിക്കുന്നതിനുള്ള യാതൊരു നടപടിയും ആരംഭിച്ചിട്ടില്ല. ടൂറിസത്തിന്റെ പേരില്‍ ഹൗസ് ബോട്ടുകളുടെ എണ്ണം പെരുകുന്നതും കായലിന് ദോഷം ചെയ്യുന്നുണ്ട്.
തണ്ണീര്‍മുക്കം ബണ്ട് മുതല്‍ പൂത്തോട്ട വരെ മണലൂറ്റലും വ്യാപകമാണ്. കായലിലെ മണ്ണ് ഖനനം മത്സ്യ സമ്പത്തിനെയും കറുത്ത കക്കകളുടെ പ്രജനനത്തെയും ഗുരുതരമായി ബാധിക്കും. ബണ്ടിന്റെ തെക്കുവടക്ക് ഭാഗങ്ങളിലായി അര ലക്ഷത്തോളം മത്സ്യത്തൊഴിലാളികളാണുള്ളത്. 14 സൊസൈറ്റികളിലായി കക്കാ തൊഴിലാളികള്‍ പണിയെടുക്കുന്നു. 120 ഇനം മത്സ്യങ്ങളാണ് കായലിലുള്ളതെന്ന് ഈ മേഖലയില്‍ പഠനം നടത്തിയിട്ടുള്ളവര്‍ ചൂണ്ടിക്കാണിക്കുന്നു.
72 ഇനം പക്ഷികളുള്ളതില്‍ ഏതാണ്ട് 40 എണ്ണം ദേശാടന പക്ഷികളാണ്. ഇവയെല്ലാം കായലിലെ മത്സ്യസമ്പത്തിനെ ആശ്രയിച്ചാണ് ജീവിക്കുന്നത്. കേരളത്തിന് വിദേശനാണ്യം നേടിത്തരുന്ന ചെമ്മീന്‍, ഞണ്ട്, കരിമീന്‍ എന്നിവ അതിന്റെ ജീവിത ചക്രം പൂര്‍ത്തീകരിക്കുന്നത് വേമ്പനാട്ടുകായലിലാണ്. കായലിനെ ആശ്രയിച്ച് കോവിലകത്തും കടവ്, മുറിഞ്ഞപുഴ ഫിഷ് ലാന്‍ഡിംഗ് സെന്റര്‍ എന്നീ രണ്ട് അറിയപ്പെടുന്ന മത്സ്യ മാര്‍ക്കറ്റുകളും പ്രവര്‍ത്തിക്കുന്നുണ്ട. കടല്‍ മത്സ്യങ്ങള്‍ ഈ മാര്‍ക്കറ്റുകളില്‍ വിപണനത്തിന് എത്തുന്നുണ്ടെങ്കിലും കായല്‍ മത്സ്യങ്ങളാണ് മാര്‍ക്കറ്റിന്റെ സമ്പത്ത്.
കയ്യേറ്റങ്ങള്‍ വേമ്പനാട്ടു കായലിന് കുറുകെ സ്ഥാപിച്ചിരിക്കുന്ന ബണ്ടിന് വലിയ ഭീഷണിയാണ്. തീരദേശ പരിപാലന നിയമപ്രകാരം വേമ്പനാട്ടുകായലിനും ഇതിന്റെ തീരത്തുനിന്നും 300 മീറ്റര്‍ പരിധിയിലും യാതൊരു തരത്തിലുള്ള ഖനനമോ നിര്‍മ്മാണ പ്രവര്‍ത്തനമോ നടത്താന്‍ പാടില്ല എന്നാണ്. എന്നാല്‍ ഇതെല്ലാം കാറ്റില്‍പ്പറത്തി നിര്‍മാണജോലികള്‍ തകൃതിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: