ന്യൂദല്‍ഹി: സ്ത്രീകള്‍ക്കെതിരെ വ്യാപകഅക്രമങ്ങള്‍ നടക്കുന്ന രാജസ്ഥാനും പശ്ചിമബംഗാളും സന്ദര്‍ശിച്ച് പ്രതിപക്ഷസംഘം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമോയെന്ന് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണവകുപ്പ് മന്ത്രി അനുരാഗ് സിങ് താക്കൂര്‍. പ്രതിപക്ഷ സംഘത്തിന്റെ മണിപ്പൂര്‍ സന്ദര്‍ശനം വെറും ഷോ ഓഫ് മാത്രമാണെന്നും അദ്ദേഹം ആരോപിച്ചു.
മുന്‍ സര്‍ക്കാരുകളുടെ കാലത്ത് മണിപ്പൂര്‍ സന്ദര്‍ശിച്ച പ്രതിപക്ഷ സഖ്യത്തിലെ അംഗങ്ങള്‍ പാര്‍ലമെന്റില്‍ ഒരക്ഷരം പോലും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. ബംഗാളില്‍ തെരഞ്ഞെടുപ്പ് അക്രമത്തിന് ഇരയായവരെ പ്രതിപക്ഷപാര്‍ട്ടികള്‍ ശ്രദ്ധിക്കുന്നില്ല. സ്ത്രീകള്‍ക്കുനേരെ ക്രൂരമായ അതിക്രമങ്ങള്‍ നടക്കുന്ന പശ്ചിമ ബംഗാളിലേക്ക് അതേ പ്രതിനിധി സംഘത്തെ കൊണ്ടുവരണമെന്ന് കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയോട് അഭ്യര്‍ത്ഥിക്കുകയാണ്. ബംഗാളില്‍ ടിഎംസി അക്രമത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടപ്പോഴും സോണിയയും രാഹുലും പ്രതികരിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.
മണിപ്പൂര്‍ വിഷയം പ്രതിപക്ഷം രാഷ്‌ട്രീയവല്‍ക്കരിക്കുകയാണെന്ന് കേന്ദ്രമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ പ്രതികരിച്ചു. ഞങ്ങള്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയ്‌ക്ക് തയാറാണ്. മണിപ്പൂര്‍ വിഷയത്തില്‍ ചര്‍ച്ച ആഗ്രഹിക്കുന്നുവെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പറഞ്ഞിട്ടുണ്ട്, എന്നാല്‍ പ്രതിപക്ഷം വിഷയം രാഷ്‌ട്രീയവത്കരിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മണിപ്പൂര്‍ സന്ദര്‍ശനത്തിന്റെ മറവില്‍ പ്രതിപക്ഷം രാഷ്‌ട്രീയ വിനോദസഞ്ചാരം നടത്തുകയാണെന്ന് ബിജെപി എംപി മനോജ് തിവാരി വിമര്‍ശിച്ചു. മണിപ്പൂരിലെ സ്ഥിതിഗതികള്‍ വിശകലനം ചെയ്യുന്നതിനുപകരം അവര്‍ വിമാനത്താവളത്തിലെയും വിമാനത്താവളത്തില്‍ നിന്നുമുള്ള യാത്രയുടെയും ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നു. ഇത് രാഷ്‌ട്രീയ വിനോദസഞ്ചാരമാണ്.
പകരം പാര്‍ലമെന്റില്‍ ചര്‍ച്ചയ്‌ക്ക് തയാറാകണമെന്നും മനോജ് തിവാരി പറഞ്ഞു. പ്രതിപക്ഷം നാടകം കളിക്കുകയാണെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി തരുണ്‍ ചുഗും ആരോപിച്ചു. മണിപ്പൂരിലെ ജനങ്ങളുടെ മുറിവ് ഉണക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും എന്നാല്‍ പ്രതിപക്ഷം നാടകം കളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: