തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന അസാധാരണ അധികാരത്തിന്റെ അദൃശ്യകരങ്ങള്‍ സാമ്പത്തിക ഇടപാടുകളടക്കം നിയന്ത്രിക്കുന്ന ശക്തിയായി പ്രവര്‍ത്തിക്കുന്നുവെന്ന് ഐജി ലക്ഷ്മണ്. മോണ്സന് മാവുങ്കലിന്റെ വ്യാജ പുരാവസ്തു തട്ടിപ്പുകേസില്‍ തന്നെ മൂന്നാം പ്രതിയാക്കിയ ക്രൈംബ്രാഞ്ച് നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയിലാണ് ഐജി ഗുഗുലോത്ത് ലക്ഷ്ണണ് എന്ന ജി. ലക്ഷ്മണ് ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന അസാധാരണ ഭരണഘടനാബാഹ്യശക്തി സംസ്ഥാനത്തെ ചില സാമ്പത്തിക ഇടപാടുകളില്‍ ഒത്തുതീര്‍പ്പുണ്ടാക്കുകയും ഇടനിലക്കാരാവുകയും മധ്യസ്ഥത വഹിക്കുകകയും ചെയ്യുന്നതായി ഹര്‍ജിയില്‍ ആരോപിക്കുന്നു. ഹൈക്കോടതി വിവിധ ആര്ബിട്രര്മാര്ക്ക് നല്കിയ തര്‍ക്കങ്ങള്‍ വരെ ഈ അധികാരകേന്ദ്രം ഇടപെട്ട് ഒത്തുതീര്‍പ്പാക്കിയിട്ടുണ്ട്.
മോണ്സന് മാവുങ്കല്‍ കേസില്‍ തന്നെ പ്രതിയാക്കാന്‍ തിരശ്ശിലയ്ക്ക് പിന്നില്‍ നിന്നും ക്രൈംബ്രാഞ്ചിന് നിര്‍ദേശം നല്‍കുന്നതും ഈ ബാഹ്യശക്തികള്‍ തന്നെയാണെന്ന് ഐജി ലക്ഷ്മണ് ഹര്‍ജിയില്‍ ആരോപിക്കുന്നു. ജനറല്‍ അഡ്മിനിസ്ട്രേഷന് വിഭാഗത്തില്‍ പൊലീസ് ട്രെയിനിങ് ചുമതലയുള്ള ഐജിയാണ് ലക്ഷ്മണ്. മോണ്സന് മാവുങ്കല്‍ കേസില്‍ ലക്ഷ്മണിനെ മൂന്നാം പ്രതിയാക്കിയത് ഇക്കഴിഞ്ഞ ജൂണ്‍ ഒമ്പതിനാണ്. ക്രൈംബ്രാഞ്ച് ഡപ്യൂട്ടി സുപ്രണ്ടാണ് ഇത് സംബന്ധിച്ച കേസ് എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്.
മോണ്സന് മാവുങ്കല്‍ കേസില്‍ സപ്തംബര്‍ 23ന് എടുത്ത ആദ്യ കേസില്‍ തന്റെ പേരുണ്ടായിരുന്നില്ലെന്ന് ലക്ഷ്മണ് ഹര്‍ജിയില്‍ പറയുന്നു. ചോദ്യം ചെയ്യലിന് ജൂലായ് 31ന് ഹാജരാകാന്‍ ക്രൈംബ്രാഞ്ച് ലക്ഷമണിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടയിലാണ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ലക്ഷ്മണ് ഹൈക്കോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: