കൊച്ചി : ആലുവയില്‍ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട അഞ്ചു വയസ്സുകാരിക്ക് യാത്രാമൊഴി. പെണ്‍കുട്ടി പഠിച്ചിരുന്ന തായിക്കാട്ടുകര എല്‍പി സ്കൂളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് എത്തിച്ചപ്പോള്‍ നിരവധിപേരാണ് അവസാനമായി ഒരു നോക്ക് കാണാനെത്തിയത്. സ്കൂളിലെ കുട്ടികളും അമ്മമാരും അധ്യാപകരും ഏറെ വൈകാരികമായാണ് പ്രതികരിച്ചത്.
സ്കൂളിലെ പൊതുദര്‍ശനത്തിന് ശേഷം ഞായറാഴ്ച രാവിലെ കീഴ്മാട് പൊതുശ്മശാനത്തിലാണ് സംസ്കാരം. സൗകര്യങ്ങള്‍ പരിമിതമായതിനാല്‍ ബിഹാര്‍ സ്വദേശികള്‍ താമസിക്കുന്ന വീട്ടില്‍ പൊതുദര്‍ശനം വേണ്ടെന്നുവെക്കുകയായിരുന്നു.
പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി അസ്ഫാഖ് ആലം ഒറ്റയ്ക്കാണ് കൃത്യം നടത്തിയതെന്നാണ് പോലീസിന്റെ നിഗമനം. കൂടുതല്‍പേര്‍ക്ക് കൃത്യത്തില്‍ പങ്കുള്ളതായി കരുതുന്നില്ല. അതിന്റെ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും ആലുവ റൂറല്‍ എസ്പി പറഞ്ഞു.
സംഭവത്തില്‍ മറ്റൊരാളെക്കൂടി കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുന്നുണ്ട്. എന്നാല്‍ ഇയാള്‍ക്ക് കൃത്യത്തില്‍ പങ്കുള്ളതായി ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിക്കും അഞ്ചരമണിക്കും ഇടയിലാണ് കൃത്യം നടത്തിയതെന്നാണ് പ്രതി പോലീസിനെ അറിയിച്ചത്. കുട്ടിയുടെ സ്വകാര്യ ഭാഗത്തും ആന്തരിക അവയവങ്ങള്‍ക്കും മുറിലുള്ളതായി കണ്ടെത്തിയിരുന്നു. ബലപ്രയോഗത്തിലും ശരീരത്തില്‍ മുറിവുകളുണ്ടായിട്ടുണ്ട്.
വെള്ളിയാഴ്ച വൈകിട്ടാണ് കുട്ടിയെ കാണാതാവുന്നത്. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങളുടേയും സാക്ഷി മൊഴികളുടേയും അടിസ്ഥാനത്തില്‍ അസ്ഫാഖ് ആലത്തിനെ രാത്രി 9.30ഓടെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ പിടികൂടിയസമയത്ത് മദ്യലഹരിയിലായതിനാല്‍ കൂടുതല്‍ ചോദ്യംചെയ്യാനായിരുന്നില്ല. പിന്നീട് ഇയാള്‍ കുട്ടിയെ സുഹൃത്തിന് കൈമാറിയെന്നാണ് മൊഴി നല്‍കിയത്. അത് കേന്ദ്രീകരിച്ചും അന്വേഷണം നടത്തി.
ഒന്നര വര്‍ഷം മുന്‍പാണ് അസ്ഫക് ആലം കേരളത്തില്‍ എത്തുന്നത്. ഇയാള്‍ വിവിധ സ്ഥലങ്ങളില്‍ നിര്‍മാണ ജോലികള്‍ ചെയ്തിട്ടുണ്ട്. മൊബൈല്‍ മോഷണ കേസില്‍ ഉള്‍പ്പടെ ഇയാള്‍ പ്രതിയാണ്. പ്രതിയെ 11 മണിയോടെ മജിസ്ട്രേട്ടിന്റെ വീട്ടില്‍ ഹാജരാക്കും. കൊലപാതകം, ബലാത്സംഗം, പോക്സോ തുടങ്ങിയ വകുപ്പുകളാകും പ്രതിക്കെതിരേ ചുമത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: