സി.വി. വാസുദേവന്‍
കവി, ഗാനരചയിതാവ്, പത്രപ്രവര്‍ത്തകന്‍, കലാനിരൂപകന്‍, പ്രഭാഷകന്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍ എന്നീ സര്‍ഗ്ഗപദങ്ങളില്‍ സഞ്ചരിക്കുന്ന ആര്‍.കെ. ദാമോദരന്‍, സപ്തതി നിറവില്‍. ആഗസ്റ്റ് 6 ഞായറാഴ്ച ‘കര്‍ക്കടക രേവതി’ നാളില്‍ ആര്‍കെക്ക് 70 തികയും. ദേവീഭക്തനായ ദാമോദരന്‍ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ മുഖ്യ ആചാര്യന്‍ ഗോവിന്ദ അഡിഗയുടെ കാര്‍മികത്വത്തില്‍ ചണ്ഡികാഹോമവും ഭജനവും ചെയ്ത് കുടുംബസമേതം പിറന്നാള്‍ ആഘോഷിക്കും.
ജന്മംകൊണ്ട് പാലക്കാട്ടുകാരനും കര്‍മംകൊണ്ട് എറണാകുളത്തുകാരനുമായ ദാമോദരന്‍ അധുനാതനം, കഥ രാവണീയം എന്നീ രണ്ട് കാവ്യഗ്രന്ഥങ്ങളുടേയും അമ്മേ നാരായണ, അരവണമധുരം എന്നീ രണ്ട് ഭക്തിഗാന സമാഹാരങ്ങളുടെയും കര്‍ത്താവാണ്. ഗുരുമരം എന്ന പുതിയ കാവ്യസമാഹാരവും ‘ഞാനെന്ന ഗാനം’ എന്ന ഗാനസമാഹാരവും ഉടന്‍ പ്രകാശനം ചെയ്യപ്പെടും. പൂരപ്പറമ്പ്, കണ്ണകിയുടെ മുല എന്നീ രണ്ടുനാടകങ്ങളുടെ രചയിതാവുകൂടിയായ ആര്‍കെ 118 ചലച്ചിത്രഗാനങ്ങളും രണ്ടായിരത്തോളം ഭക്തിഗാനങ്ങളും രചിച്ചിട്ടുണ്ട്. 320 കാസറ്റ്, സിഡി എന്നിവയിലൂടെയായി നാടകം-യുവജനോത്സവ-ലളിത-പരിസ്ഥിതി-പരസ്യ-കായിക-രാഷ്‌ട്രീയ ഗാനങ്ങളായി ആയിരത്തഞ്ഞൂറിലധികം രചനകളും നിര്‍വഹിച്ചിട്ടുണ്ട്.
മാതൃഭൂമി, ഭാഷാപോഷിണി, മലയാളം, കലാകൗമുദി, കേസരി, മാധ്യമം, മനോരമ തുടങ്ങിയ ആനുകാലികങ്ങളില്‍ ആര്‍കെയുടെ കവിതകള്‍ നിരന്തരം പ്രകാശിതമാവാറുണ്ട്.
കാഞ്ഞിലശ്ശേരി ബാബു എന്ന ഗുരുനാഥന് കീഴില്‍ ചെണ്ടവാദനകല അഭ്യസിച്ച ആര്‍കെ വാദ്യകലാനിരൂപണ രംഗത്തെ ശ്രദ്ധേയനാണ്. വര്‍ഷങ്ങളായി തൃശൂര്‍ പൂരത്തിന്റെ ലൈവ് കമന്ററിയിലൂടെയും ആര്‍ കെ. തന്റെ സവിശേഷസര്‍ഗ്ഗ സാന്നിദ്ധ്യം അനുഭവിപ്പിക്കുന്നു.
എറണാകുളം മഹാരാജാസ് കോളജില്‍ 1977ല്‍ പ്രൊഫ. എം. കൃഷ്ണന്‍ നായര്‍, ഡോ.എം.ലീലാവതി, പ്രൊഫ. എം.കെ. സാനു, പ്രൊഫ. എം. അച്യുതന്‍, പ്രൊഫ.എം.തോമസ് മാത്യു എന്നിവരുടെ ഗുരുത്വത്തില്‍ മലയാളം ബിഎയ്‌ക്ക് പഠിക്കുമ്പോഴാണ് ‘രവിവര്‍മ ചിത്രത്തിന്‍ രതിഭാവമേ’ (ചിത്രം രാജു റഹിം, സംഗീതം- എം.കെ. അര്‍ജുനന്‍, ഗായകന്‍- യേശുദാസ്) എന്ന ഗാനം രചിച്ച് ചലച്ചിത്ര ഗാനരചനാരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്.
ശ്രീവാഴും പഴവങ്ങാടിയിലെ… 1981 എന്ന ജയചന്ദ്രന്‍ ഗാനത്തിലൂടെ ടി.എസ്. രാധാകൃഷ്ണന്റെ സംഗീത സംവിധാനത്തില്‍ ഭക്തിഗാന രചനാരംഗത്തും തൂലിക ചലിപ്പിച്ചു. ‘പെണ്ണായാല്‍ പൊന്നുവേണം…’ എന്ന പ്രശസ്ത പരസ്യഗാനം, കണ്ണിലുണ്ണിയാണേ കണ്ണനാണേ… എന്ന കുട്ടികളുടെ അനിമേഷന്‍ ചിത്ര ഗാനം തുടങ്ങിയവയിലൂടെയൊക്കെ മലയാള ഗാനാസ്വാദകരുടെ ഹൃദയത്തില്‍ ഇടംപിടിച്ചു.
2013 ല്‍ കേരള സംഗീത നാടക അക്കാദമി കലാശ്രീ പുരസ്‌കാരം നല്‍കി ദാമോദരനെ ആദരിക്കുകയുണ്ടായി. കുഞ്ഞുണ്ണി മാസ്റ്റര്‍ കവിതാ പുരസ്‌കാരം, അയ്യപ്പഗാനശ്രീ പുരസ്‌കാരം, ഓട്ടൂര്‍ ഉണ്ണി നമ്പൂതിരിപ്പാട് പുരസ്‌കാരം, വാദ്യമിത്ര സുവര്‍ണമുദ്ര, തത്വമസി പുരസ്‌കാരം, നാനാ മിനി സ്‌ക്രീന്‍ അവാര്‍ഡ് തുടങ്ങി 27 അവാര്‍ഡുകള്‍ ആര്‍കെയെ തേടിയെത്തി.
കേരള സംഗീത നാടക അക്കാദമിയിലും ഭാരത് ഭവനിലും നിര്‍വ്വാഹക സമിതി അംഗമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോള്‍ സമസ്ത കേരള സാഹിത്യപരിഷിത്തിന്റെ നിര്‍വ്വാഹക സമിതിയംഗമാണ്.
ആര്‍കെ സപ്തതിയോടനുബന്ധിച്ച് ആഗസ്റ്റ് 13 ഞായറാഴ്ച ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രത്തില്‍ സമാദരണ സമിതിയുടെ ആഭിമുഖ്യത്തില്‍ ‘പ്രായോത്സവം’ ആര്‍കെ സപ്തതി സമ്മേളനം സംഘടിപ്പിച്ചിട്ടുണ്ട്.
വൈകിട്ട് അഞ്ചിന് ചേരുന്ന സമ്മേളനം കേരള സംഗീത നാടക അക്കാദമി ചെയര്‍മാന്‍ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി മാരാര്‍ ഉദ്ഘാടനം ചെയ്യും. കലാമണ്ഡലം മുന്‍ ചെയര്‍മാന്‍ പ്രൊഫ. കെ.ജി. പൗലോസ് ആദ്ധ്യക്ഷം വഹിക്കുന്ന ചടങ്ങില്‍ കവി മങ്കൊമ്പ് ഗോപാലകൃഷ്ണന്‍, പിന്നണി ഗായകന്‍ ഉണ്ണി മേനോന്‍, സംഗീത സംവിധായകന്‍ ടി.എസ്. രാധാകൃഷ്ണന്‍, കലാനിരൂപകന്‍ വി.കലാധരന്‍ എന്നിവര്‍ സമാദരണ ഭാഷണങ്ങള്‍ നടത്തും. ഗായകന്‍ സുദീപ് കുമാര്‍ ആര്‍കെയുടെ ചലച്ചിത്ര ഗാനവും കുമാരി കൃതിഖ ആര്‍കെയുടെ ‘കൃഷ്ണാ നീ ബേഗനേ ബാരോ’ എന്ന കവിതയും ആലപിക്കും. മഹാലക്ഷ്മി സിസ്റ്റേഴ്‌സിന്റെ സംഗീത സത്കാരവും ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: