പത്തനംതിട്ട: ഭര്‍ത്താവിനെ കൊന്നു കുഴിച്ചുമൂടിയെന്ന ഭാര്യയുടെ മൊഴി വിശ്വസിച്ച് വീടും പരിസരവും മൃതദേഹത്തിനായി കുഴിച്ച പോലീസ് പിടിച്ചത് പുലിവാല്. ഏറെ കോലാഹലമുണ്ടാക്കിയ സംഭവത്തില്‍ ഭര്‍ത്താവ് ജീവനോടെ തിരികെ എത്തിയപ്പോഴേക്കും ഭാര്യ ജയിലിലാവുകയും ചെയ്തു. കലഞ്ഞൂര്‍-പാടം സ്വദേശികളായ നൗഷാദ്, അഫ്സാന ദമ്പതികളാണ് പോലീസിനെ വട്ടംചുറ്റിക്കുകയും നാട്ടുകാരെ മുള്‍മുനയില്‍ നിര്‍ത്തുകയും ചെയ്തത്.
ഇവര്‍ മുന്‍പ് വാടകയ്ക്ക് താമസിച്ചിരുന്ന അടൂര്‍ പരുത്തിപ്പാറ പാലമുറ്റത്ത് ബിജുകുമാറിന്റെ വീടാണ് പോലീസ് കുഴിച്ച് താമസയോഗ്യമല്ലാതാക്കിയത്. വീടിന്റെ അടുക്കള ഉള്‍പ്പെടെ രണ്ട് മുറികള്‍ കുഴിച്ചു നോക്കിയിരുന്നു. മാലിന്യം തള്ളുന്നതിനായി എടുത്ത നീളത്തിലുള്ള കുഴിയിലും പരിശോധന നടത്തി. നാലു മുറികളുള്ള വീട്ടില്‍ മൂന്നിലും പോലീസ് പരിശോധന നടത്തി. ഇതോടെ വീട് താമസയോഗ്യമല്ലാതെയായി. സെപ്റ്റിക് ടാങ്ക് ഇളക്കി മാറ്റിയതോടെ അസഹനീയമായ ദുര്‍ഗന്ധവുമാണ്.
അയല്‍പക്കത്തുളളവര്‍ അടക്കം ദുര്‍ഗന്ധം വമിക്കുന്ന ചുറ്റുപാടിലാണ് താമസിക്കുന്നത്. ടാപ്പിങ് തൊഴിലാളിയായ ബിജുകുമാര്‍ തുഛമായ വരുമാനത്തിലാണ് ജീവിക്കുന്നത്. നാല് മുറിയും അടുക്കളയും ഉള്ള വീട്ടില്‍ ഒരു ഭാഗം നൗഷാദിന് വാടകയ്ക്ക് നല്‍കിയാണ് ബിജുകുമാര്‍ മറു ഭാഗത്തേക്ക് താമസം ചുരുക്കിയത്. 1500 രൂപ വാടക പറഞ്ഞിരുന്നെങ്കിലും മൂന്ന് മാസം താമസിച്ചിട്ടും തുക നല്കിയിരുന്നുമില്ല.
നൗഷാദ് ജീവനോടെ ഉണ്ടെന്ന് അറിഞ്ഞതില്‍ സന്തോഷമുണ്ടായിട്ടും കിടപ്പാടം പോയതിന്റെ ദുഃഖത്തിലാണ് ബിജുകുമാര്‍. പോലീസ് ഉദ്യോഗസ്ഥരടൊക്കെ വീട് താമസയോഗ്യക്കിത്തരാനുള്ള ആവശ്യമുന്നയിക്കുന്നുണ്ട്. നടപടികള്‍ ഉണ്ടായില്ലെങ്കില്‍ മനുഷ്യാവകാശ കമ്മിഷന്, ജില്ലാ കളക്ടര്‍, പോലീസ് മേധാവി എന്നിവരെ സമീപിക്കാനാണ് ബിജു കുമാറിന്റെ തീരുമാനം. ഒന്നര വര്‍ഷം മുന്‍പ് കാണാതായ നൗഷാദിനെ കണ്ടെത്താനുള്ള അന്വേഷണത്തിനിടെയാണ് അപ്രതീക്ഷിത സംഭവങ്ങള്‍ ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: