മലമ്പുഴ: മലയാളികളുടെ ഓണസദ്യക്ക് വിഷരഹിത പച്ചക്കറിയും സുഭിക്ഷതയും കണക്കിലെടുത്ത് മലമ്പുഴയില്‍ നിന്നും വിതരണം ചെയ്തത് ഒന്നരലക്ഷം പച്ചക്കറിതൈകള്‍. മലമ്പുഴയിലെ ഹോര്‍ട്ടി കള്‍ച്ചറല്‍ ഫാമില്‍ നിന്നും കൃഷി ഭവനുകളിലൂടെയായിരുന്നു വിതരണം. കൂടാതെ വില്‍പ്പനശാലയിലൂടെ ആയിരത്തോളം പച്ചക്കറി തൈകളും ഓണക്കാലം കഴിഞ്ഞാലുള്ള തണുപ്പുകാല കൃഷിക്കായി കാബേജ്, കോളിഫ്ളവര്‍ എന്നിവയുടെ ഒരു ലക്ഷത്തോളം തൈകളും തയ്യാറാക്കുന്നുണ്ട്.
മലമ്പുഴ ഫാമില്‍ വിത്തുല്‍പ്പാദനത്തിനായി വിവിധയിനം പച്ചക്കറി കൃഷികളും നടത്തുന്നുണ്ട്. കാര്‍ഷിക സര്‍വകലാശാലയില്‍ നിന്നും ലഭിക്കുന്ന ഉത്പാദന ശേഷി കൂടുതലുള്ള വിവിധയിനം വിത്തുകള്‍ മുളപ്പിച്ചാണ് തൈകള്‍ തയ്യാറാക്കുന്നത്.
പ്രധാന വിത്തിനങ്ങളായ വൃത്താങ്കര ചീര, വേങ്ങേരി വഴുതിന, സല്‍ക്കീര്‍ത്തി വെണ്ട, ലോലപയര് തുടങ്ങിയവയാണ് മലമ്പുഴ ഫാമില്‍ ഉത്പാദിപ്പിക്കുന്നത്. ഇതിനുപുറമെ ഗജേന്ദ്ര ചേനയുടെ വിത്തുകളും കൂര്‍ക്ക തൈകളും തയ്യാറാക്കുന്നുണ്ട്. പുതിയ ഇനം പച്ചമുളക്, കാന്താരി എന്നിവയുടെ വിത്തുകളും ഫാമില്‍ കൃഷി ചെയ്യുന്നുണ്ട്. മഴക്കാലത്ത് വിത്തുകള്‍ തയ്യാറാക്കാന്‍ കഴിയാതെ വരുന്ന സാഹചര്യത്തില്‍ പച്ചക്കറികളായും വില്‍പ്പന നടത്തുന്നുണ്ട്.
പച്ചക്കറി ചെടികളിലുണ്ടാകുന്ന കീടനാശിനി ശല്യമൊഴിവാക്കുന്നതിനായി അതിരുകളില്‍ ചെണ്ടുമല്ലിച്ചെടികളും നടാറുണ്ട്. ഇതിനകം ഒന്നരലക്ഷത്തോളം കുരുമുളക് വള്ളികളാണ് ഫാമില്‍ വില്‍പ്പന നടത്തിയത്. കാസര്‍കോട്ടെ വിതരണത്തിനായി ഒന്നരലക്ഷത്തോളം വള്ളികള്‍ മാറ്റിവെച്ചിട്ടുണ്ട്. പതിനാറിനം ഒട്ടുമാവിന് തൈകള്‍ തയ്യാറാക്കുമ്പോള്‍ പുതിയ മാവിന്‍തൈകളും നട്ടുപിടിപ്പിക്കും. ഓട്ടുകമ്പുകള് എടുക്കുന്ന മാതൃസസ്യങ്ങള്ക്കെല്ലാം അരനൂറ്റാണ്ടിലധികം പഴക്കമായതിനാല് സപ്പോട്ടയുടെ ഒട്ടുതൈകള്‍ തയ്യാറാക്കുന്നതിനായി ഫാമില്‍ രണ്ടേക്കര്‍ സ്ഥലത്ത് കീര്‍ത്തി എന്ന പുതിയ ഇനവും രണ്ടേക്കറില്‍ അശോകം, കറുവപ്പെട്ട എന്നിവയുടെ തൈകളും വളര്‍ത്തുന്നുണ്ട്.
ചെറുധാന്യങ്ങളുടെ ലഭ്യതക്കായി ചിമയും റാഗിയും ഫാമില്‍ കൃഷി ചെയ്യുന്നു. കൂടാതെ ആമ്പല്‍ മുതല്‍ ഓര്‍ക്കിഡ് വരെയുള്ള പൂച്ചെടികളും ഇവിടെ സജ്ജമാണ്. 300ഓളം ഓര്‍ക്കിഡ് തൈകളാണ് പുനരുത്പാദനത്തിനായി ഫാമില്‍ സംരക്ഷിച്ച് വളര്‍ത്തുന്നത്. നൂറുമാസം തുടര്‍ച്ചയായി പൂക്കള്‍ വിരിയുന്ന ഫെലനോസ് ഇനത്തിന്റെ തൈകള്‍ അടുത്തവര്‍ഷം മുതല്‍ വില്‍പ്പന നടത്തും. സ്വകാര്യ നഴ്സറികളില്‍ നിന്നും ലഭിക്കുന്നതിനേക്കാള്‍ കുറഞ്ഞ വിലക്കാണ് മലമ്പുഴയില ഫാമില്‍ നിന്നും തൈകളും വിത്തുകളും നല്‍കുന്നത്.
പച്ചക്കറി തൈകള്‍, പൂച്ചെടികള്‍ എന്നിവക്കു പുറമെ വര്‍ണം വിതറുന്ന ഇലച്ചെടികളുടെ ശേഖരവുമുണ്ട്. ഫേണ്‍ ചെടികള്‍, വിവിധയിനം ആമ്പല്‍, താമര എന്നിവയും ഉദ്യാനപ്രേമികളെ ലക്ഷ്യമിട്ട് വളര്‍ത്തുന്നുണ്ട്. മുറ്റങ്ങളില്ലാത്തവര്ക്ക് ഗ്രോ ബാഗുകളില്‍ വിവിധയിനം ചെടികള്‍ തയ്യാറാക്കി നല്‍കുന്നുണ്ട്. ഓണക്കാലത്ത് വിഷരഹിത പച്ചക്കറി കഴിക്കാനുള്ള സംവിധാനമാണ് മലമ്പുഴയില്‍ ചെയ്തുവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: