പൂനെ : പാക് ചാര വനിതയുടെ ഹണിട്രാപ്പില്‍പ്പെട്ട ഡിആര്‍ഡിഒ ശാസ്ത്രജ്ഞന്‍ പ്രദീപ് കുരുല്‍ക്കര്‍ പല നിര്‍ണായക വിവരങ്ങളും പങ്കുവെച്ചതായി വെളിപ്പെടുത്തല്‍. സാറ ദാസ് ഗുപ്തയെന്ന പേരില്‍ ചാറ്റ് ചെയ്ത് പാക് ചാര വനിതയോട് കുരുല്‍ക്കര്‍ മെറ്റിയോര്‍ മിസൈല്‍, ബ്രഹ്‌മോസ് മിസൈല്‍, റഫാല്‍, ആകാശ്, അസ്ത്ര മിസൈല്‍ സിസ്റ്റംസ്, അഗ്‌നി – 6 മിസൈല്‍ ലോഞ്ചര്‍ എന്നിവ സംബന്ധിച്ചുള്ള വിവരങ്ങള്‍ പങ്കുവെച്ചതായാണ് ഭീകര വിരുദ്ധ സേനയുടെ റിപ്പോര്‍ട്ട്. പൂനെ പ്രത്യേക കോടതയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം വിശദമാക്കുന്നത്.
പാക് ചാര വനിതയുമായി അടുപ്പം സ്ഥാപിക്കുന്നതിനായി നിര്‍ണായകമായ വിവരങ്ങള്‍ കുരുല്‍ക്കര്‍ അവര്‍ക്ക് കൈമാറി. അറുപത് വയസ്സുകാരനായ ഇയാള്‍ ഡിആര്‍ഡിഒയുടെ വിശ്രാന്ദ് വാഡിയിലുള്ള പ്രീമിയര്‍ സിസ്റ്റംസ് എഞ്ചിനീയറിങ് വിഭാഗത്തിന്റെ ചുമതലയുള്ള ഡയറക്ടറായിരുന്നു. യുകെയില്‍ ജോലി ചെയ്യുന്ന സോഫ്ട്‌വെയര്‍ എഞ്ചിനീയറെന്ന് പരിചയപ്പെടുത്തിയാണ് ചാരവനിത ഇയാളുമായി അടുത്തത്. ഇതിനായി അവര്‍ തന്റെ ഫോട്ടോയും വീഡിയോകളുമെല്ലാം അയച്ചു നല്‍കി.
പകരം ചാരവനിത നല്‍കിയ സോഫ്ട്‌വെയറുകള്‍ കുരുല്‍ക്കര്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയും ചെയ്തു. രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട പല കാര്യങ്ങളും ഇവര്‍കുരുല്‍ക്കറില്‍ നിന്നും ചോദിച്ചറിഞ്ഞിട്ടുണ്ട്. ഡിആര്‍ഡിഒ നിലവില്‍ വികസിപ്പിക്കുന്ന ആളില്ലാ വിമാനങ്ങളായ ഭാരത് ക്വാഡ്‌കോപ്റ്റര്‍ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ഇവര്‍ക്ക് കൈമാറിയിട്ടുണ്ട്. ഇന്ത്യന്‍ സൈന്യത്തിന് സാധനങ്ങള്‍ വിതരണം ചെയ്യുന്ന ഒരു സ്വകാര്യ കമ്പനിയുടെ സിഇഒയുടെ വിവരങ്ങളും ഇത്തരത്തില്‍ കൈമാറി. ഇയാളുടെ ജോലി സ്ഥലവും സൈന്യത്തിന് വേണ്ടി ഇയാളുടെ കമ്പനി നിര്‍മിച്ചു നല്‍കുന്ന സാധനങ്ങളുടെ വിവരങ്ങളും ചോര്‍ത്തി നല്‍കി.
ഒപ്പം ചാരവനിത രണ്ട് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ കുരുല്‍ക്കറിന്റെ മൊബൈല്‍ ഫോണില്‍ നിര്‍ബന്ധിച്ച് ഇന്‍സ്റ്റാള്‍ ചെയ്യിപ്പിച്ചു. ഇതിലൂടെ ഫോണില്‍ മാല്‍വെയറുകള്‍ നിക്ഷേപിച്ച് വിവരങ്ങള്‍ ചോര്‍ത്തിയിരിക്കാന്‍ സാധ്യതയുണ്ടെന്ന് കുറ്റപത്രം പറയുന്നു. ചാര വനിതയുമായുള്ള അടുപ്പം ദൃഢമായതോടെ ദൈനംദിന ജീവിതത്തിലെ ചെറിയ കാര്യങ്ങള്‍ വരെ ഇയാള്‍ യുവതിയുമായി പങ്കുവെച്ചിരുന്നു. കുരുല്‍ക്കറിന് വിശ്വാസം ഉണ്ടാക്കിയെടുക്കുന്നതിനായി ചാരവനിത അവരുടെ മൂന്ന് ഇമെയില്‍ വിലാസങ്ങളുടെ പാസ്‌വേഡും കൈമാറി. 2022 സെപ്റ്റംബറിനും 2023 ഫെബ്രുവരിക്കും ഇടയിലായിരുന്നു ഈ സംഭാഷണങ്ങളെല്ലാമെന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്. 1837 പേജുള്ള കുറ്റപത്രമാണ് എടിഎസ് കോടതിയില്‍ സമര്‍പ്പിച്ചത്.
യുവതി ഉപയോഗിച്ചിരുന്ന മൊബൈല്‍ നമ്പറുകളും ഇമെയില്‍ വിലാസങ്ങളും നിലവില്‍ പാക്കിസ്ഥാനില്‍ നിന്നാണ് ഉപയോഗിച്ചിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി 203 സാക്ഷികളുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: