തൃശൂര്‍: സര്‍ക്കാര്‍ കോളേജുകളിലെ പ്രിന്‍സിപ്പല്‍ നിയമനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തില്‍ കൃത്യമായി മറുപടി പറയാനാകാതെ മന്ത്രി ഡോ. ആര്‍. ബിന്ദു. സെലക്ഷന്‍ കമ്മിറ്റി തയ്യാറാക്കിയ ലിസ്റ്റ് പരിഷ്‌കരിക്കാന്‍ താനാണ് നിര്‍ദേശം നല്കിയതെന്ന് ബിന്ദു അംഗീകരിച്ചു. യുജിസി ചട്ടങ്ങള്‍ ലംഘിക്കുന്നതിനോ സ്പെഷ്യല്‍ റൂള്‍സിലെ നിബന്ധനകള്‍ ലംഘിക്കുന്നതിനോ ശ്രമിച്ചിട്ടില്ലെന്ന് മന്ത്രി ബിന്ദു വാര്‍ത്താസമ്മേളനത്തില്‍ അവകാശപ്പെട്ടു.
സര്‍ക്കാര്‍ കോളേജുകളിലെ അധ്യാപക സര്‍വ്വീസില്‍ നിന്നും സീനിയോറിറ്റി അടിസ്ഥാനത്തിലാണ് ഇതുവരെ പ്രിന്‍സിപ്പല്‍മാരെ നിയമിച്ചിരുന്നത്. യുജിസി റെഗുലേഷന്‍ 2010 നിലവില്‍ വന്നതോടെ കോളേജ് പ്രിന്‍സിപ്പല്‍ നിയമനത്തിന് യുജിസിയുടെ നിബന്ധന നിലവില്‍ വരികയും എയ്ഡഡ് കോളേജ് പ്രിന്‍സിപ്പല്‍ നിയമനവുമായി ബന്ധപ്പെട്ട നടപടികള്‍ കോടതികളുടെ പരിശോധനകള്‍ക്ക് വിധേയമാകുകയും യുജിസി റെഗുലേഷന്‍ പൂര്‍ണമായും നടപ്പിലാക്കേണ്ടതാണ് എന്ന ഉത്തരവ് വരികയും ചെയ്തു. ഇപ്രകാരം സെലക്ഷന്‍ കമ്മിറ്റിയെ നിയമിച്ച് നടത്തിയ പരിശോധനയിലാണ് 43 പേരുടെ ലിസ്റ്റ് തയ്യാറാക്കപ്പെട്ടത്. മാനദണ്ഡമനുസരിച്ചല്ല സെലക്ഷന്‍ നടന്നതെന്ന് നിരവധി പരാതികള്‍ ഉയര്‍ന്നുവന്നു. കേസുകള്‍ക്ക് കാരണമാകുമെന്നതിനാല്‍ പരാതികള്‍ പരിശോധിക്കണമെന്ന നിലപാടെടുക്കുകയും അതിനുള്ള സംവിധാനം നടപ്പാക്കുകയുമാണ് സര്‍ക്കാര്‍ ചെയ്തതെന്നാണ് മന്ത്രിയുടെ ന്യായീകരണം. എന്നാല്‍ മന്ത്രിയുടെ അവകാശവാദങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നും ലിസ്റ്റില്‍ മന്ത്രി ഇടപെട്ടു എന്ന് വ്യക്തമാവുകയാണ് ഈ പ്രസ്താവനയിലൂടെയെന്നും നിയമവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
സര്‍ക്കാര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ നിയമന പട്ടികയില്‍, അയോഗ്യരായവരെ ഉള്‍പ്പെടുത്താന്‍ വഴിവച്ചത് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇടപെടലാണെന്ന് തെളിയിക്കുന്ന രേഖകളാണ് നേരത്തെ പുറത്തുവന്നത്. സെലക്ഷന്‍ കമ്മിറ്റി തയാറാക്കിയ പട്ടിക, കരട് പട്ടികയാക്കി മാറ്റിയത് മന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്നായിരുന്നു. 43 പേരുടെ പട്ടിക ഡിപ്പാര്‍ട്ടുമെന്റല്‍ പ്രൊമോഷന്‍ കമ്മിറ്റി അംഗീകരിക്കുകയും, നിയമനത്തിന് കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍ ശുപാര്‍ശയും ചെയ്തിരുന്നു. നിയമനത്തിനായി സമര്‍പ്പിച്ച ശുപാര്‍ശ ഫയലിലാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ഇടപെട്ടത്. കമ്മിറ്റി അംഗീകരിച്ച 43 പേരുടെ പട്ടികയില്‍ നിന്ന് പ്രിന്‍സിപ്പല്‍ നിയമനം നല്‍കുന്നതിന് പകരം, ഈ പട്ടിക കരടായി പ്രസിദ്ധീകരിക്കാനും അപ്പീല്‍ കമ്മിറ്റി രൂപീകരിക്കാനും 2022 നവംബര്‍ 12 നാണ് മന്ത്രി ആര്‍. ബിന്ദു ഫയലില്‍ എഴുതിയത്.
യുജിസി റഗുലേഷന്‍ പ്രകാരം സെലക്ഷന്‍ കമ്മിറ്റി തയാറാക്കുന്ന അന്തിമ പട്ടിക കരട് പട്ടികയായി പ്രസിദ്ധീകരിക്കാന്‍ വ്യവസ്ഥയില്ല. മന്ത്രിയുടെ നിര്‍ദേശപ്രകാരം കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍ 2023 ജനുവരി 11 ന് അന്തിമ പട്ടിക കരട് പട്ടികയായി പ്രസിദ്ധീകരിച്ചു. തുടര്‍ന്നാണ് അയോഗ്യരാക്കിയവരെ കൂടി ഉള്‍പ്പെടുത്തി 76 പേരുടെ പട്ടിക തയാറാക്കിയത്. 43 പേരുടെ പട്ടികയില്‍ നിന്ന് നിയമനം നടത്തുന്നതിന് പകരം 76 പേരുടെ പട്ടികയില്‍ നിന്ന് നിയമനം നടത്താനുള്ള സര്‍ക്കാര്‍ നീക്കം കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ തടഞ്ഞിരുന്നു. കഴിഞ്ഞ 24 ന് ട്രിബ്യുണല്‍ പുറപ്പെടുവിച്ച ഉത്തരവിലൂടെ 43 പേരുടെ പട്ടികയില്‍ നിന്ന് മാത്രമേ നിയമനം നടത്താവൂ എന്ന് വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: