അയോധ്യ: ശ്രീരാമജന്മഭൂമിയില് നിര്‍മ്മിക്കുന്ന ശ്രീരാമക്ഷേത്രത്തിന്റെ ഉദ്ഘാടനം അടുത്ത വര്‍ഷം ആദ്യം നിശ്ചയിച്ചിരിക്കെ അയോധ്യയിലെ ഹോട്ടലുകളും അതിഥി മന്ദിരങ്ങളും ധര്‍മ്മശാലകളും കൂട്ടത്തോടെ ബുക്ക് ചെയ്യുകയാണ് ട്രാവല്‍ ഏജന്റുമാര്‍.
ക്ഷേത്രത്തിന്റെ ഉദ്ഘാടനം നടക്കാന്‍ സാധ്യതയുള്ള ജനുവരി 20 നും 26 നും ഇടയില്‍ കൂട്ടത്തോടെ ബുക്കിംഗിനാണ് ട്രാവല്‍ ഏജന്റുമാര്‍ നീക്കം നടത്തുന്നത്.പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷേത്രത്തിന്റെ സമര്‍പ്പണം നിര്‍വഹിക്കുന്ന വേളയില്‍ അയോധ്യയിലെത്താന്‍ താത്പര്യമുളള ഭക്തര്‍ക്ക് പിന്നീട് കൂടിയ നിരക്കില്‍ വാടകയ്ക്ക് നല്‍കുന്നതിനാണ് മുന്‍കൂര്‍ ബുക്കിംഗ് നടത്തുന്നത്.
10,000 അതിഥികള്‍ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുമെന്ന് രാം മന്ദിര്‍ ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായി അറിയിച്ചു. ജനുവരി 15 നും 24 നും ഇടയിലുള്ള തീയതികള്‍ പ്രധാനമന്ത്രിക്ക് നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ യഥാര്‍ത്ഥ തീയതി അദ്ദേഹം തീരുമാനിക്കുമെന്നും റായ് പറഞ്ഞു.
ട്രാവല്‍ ഏജന്റുമാര്‍ മുഴുവന്‍ പണവും മുന്‍കൂറായി നല്കി ഹോട്ടല്‍ പൂര്‍ണമായി ബുക്ക് ചെയ്യാമെന്ന് വാഗ്ദാനം ചെയ്തതായി ഒരു ആഡംബര ഹോട്ടലിന്റെ ഉടമ പറഞ്ഞു. ബുക്കിംഗ് നടത്താന്‍ ഈ ട്രാവല്‍ കമ്പനികള്‍ അവരുടെ പ്രാദേശിക ഏജന്റുമാരെ നിയോഗിച്ചിട്ടുണ്ട്.
അയോധ്യയില്‍ നിലവില്‍ 100-ലധികം ഹോട്ടലുകളുണ്ട്. ഒരു പഞ്ചനക്ഷത്രവും രണ്ട് ഫോര്‍ സ്റ്റാറും 12 ത്രീ സ്റ്റാറും കൂടാതെ 50 അതിഥി മന്ദിരങ്ങളും ഇത്രയും തന്നെ ധര്‍മ്മശാലകളും ഉണ്ട്. ഇതിന് പുറമെ സ്ഥലം സ്വന്തമായുളള പ്രദേശവാസികളും അവരുടെ വീടുകളെ ഹോംസ്റ്റേകളാക്കി മാറ്റുന്നതിനുളള തിരക്കിലാണ്.
മുന്‍കൂര്‍ ബുക്കിംഗിനായി ഡല്‍ഹി, മുംബൈ, മറ്റ് മെട്രോ നഗരങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് പതിവായി ഫോണ്‍ വിളികള്‍ വരുന്നുണ്ടെന്ന് അയോധ്യയിലെ ഏറ്റവും പഴയ ഹോട്ടലായ ഷാന്‍-ഇ-അവധ് മാനേജിംഗ് ഡയറക്ടര്‍ ശരദ് കപൂര്‍ പറഞ്ഞു. ‘ഭക്തരെ സ്വാഗതം ചെയ്യാന്‍ ഞങ്ങള്‍ തയാറാണ്, എന്നാല്‍ വിഐപികള്‍ക്കായി കുറഞ്ഞത് 40% മുറികളെങ്കിലും മാറ്റി വയ്ക്കുന്നുണ്ട്.
അതേസമയം അയോധ്യയിലെ ബുക്കിംഗ് തിരക്ക മൂലം സമീപ പ്രദേശങ്ങളിലും ട്രാവല്‍ ഏജന്റുമാര്‍ ഹോട്ടലുകള്‍ ബുക്ക് ചെയ്യുന്നുണ്ട്.ഗോണ്ട, ബല്റാംപൂര്, തരാബ്ഗഞ്ച്, ഡൊമാരിയഗഞ്ച്, തണ്ട, മുസാഫിര്‍ഖാന, ബന്‍സി തുടങ്ങിയ സ്ഥലങ്ങളിലെ ഹോട്ടലുകളിലാണ് ബുക്കിംഗിന് സാധ്യത ആരായുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: