തിരുവനന്തപുരം: വ്യത്യസ്ത കാഴ്ചപ്പാട് നൽകിയും ഭാവാത്മക സമീപനത്തിലൂടെയും മദൻദാസ് ദേവി എബിവിപിയെ ശക്തിപ്പെടുത്തിയെന്ന് മുതിർന്ന ആർഎസ്എസ് പ്രചാരകൻ എസ്.സേതുമാധവൻ. എബിവിപി സംഘടിപ്പിച്ച ആർഎസ്എസ് മുൻ സഹ സർകാര്യവാഹ് മദൻദാസ് ദേവിയുടെ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്നത്തെ വിദ്യാർത്ഥി നാളത്തെ പൗരനെന്ന തത്വം മാറ്റി ഇന്നത്തെ വിദ്യാർത്ഥി ഇന്നത്തെ പൗരനാണെന്ന് മാർഗദർശനം നൽകികൊണ്ട് ദേശീയ വിഷയങ്ങളിൽ ഇടപെടാൻ വിദ്യാർഥി പരിഷത്തിനെ ബലപ്പെടുത്തിയത് മദൻദാസ് ദേവിയാണെന്ന് അദ്ദേഹം അനുസ്മരിച്ചു. എഴുപതുകളിൽ ഭാരതത്തിലെ അഴിമതിക്കെതിരായി യുവാക്കളെ അണിനിരത്തി.
ആയിരക്കണക്കിന് യുവാക്കൾക്ക് തന്റെ ജീവിതത്തിലൂടെ ദിശാബോധം നൽകി. ഒരു പ്രചാരകന്റെ ജീവിതത്തിലെ കർക്കശം എന്താണെന്ന് സ്വന്തം ജീവിതത്തിലൂടെ കാട്ടി തന്നു. ഒരു കാലഘടത്തിലും സ്ഥാനമാനങ്ങൾക്ക് പോകാതെ നിശബ്ദമായി പിന്നിൽ നിന്നും പ്രവർത്തിച്ചു. പിന്നിൽ നിന്നുകൊണ്ട് നിരവധി പേരെ മദൻദാസ് ദേവി സമൂഹത്തിന്റെ ഉന്നതിയിൽ എത്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
പ്രവർത്തകരുടെ കാര്യശേഷി വർദ്ധിപ്പിക്കാനും സ്വഭാവരൂപീകരണത്തിനും മദൻദാസ്‌ദേവി കൂടുതൽ പ്രാധാന്യം നൽകിയിരുന്നുവെന്ന് പ്രാന്തീയ സഹ സമ്പർക്ക പ്രമുഖ് എം. ജയകുമാർ അനുസ്മരിച്ചു. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ഇന്ന് കാണുന്ന മാറ്റത്തിന് അടിസ്ഥാനം അദ്ദേഹം വിഭാവനം ചെയ്ത സ്റ്റുഡന്റ് എക്‌സ്പീരിയൻസ് ഇൻ ഇന്റര്‍സ്റ്റേറ്റ് ലിവിംഗ് (എസ്ഇഐഎൽ)പോലുള്ള പ്രവർത്തനങ്ങളാണ്. 18-ാംവയസിൽ വോട്ടവകാശം, രാജ്യം അണു ബോംബ് നിർമ്മിക്കണം അടക്കമുള്ള ആവശ്യങ്ങൾ എബിവിപി ഉയർത്തുന്നത് മദൻദാസ് ദേവിയുടെ മാർഗദർശനത്തിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു.
മദൻദാസ് ദേവിയുടെ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനയ്‌ക്ക് ശേഷമായിരുന്നു അനുസ്മരണ സമ്മേളനം. എബിവിപി സംസ്ഥാന പ്രസിഡന്റ് ഡോ. അരുൺ കടപ്പാൾ അധ്യക്ഷനായിരുന്നു. ആർഎസ്എസ് പ്രാന്തപ്രചാരക് എസ്. സുദർശൻ, പ്രാന്തീയ സഹ പ്രചാരക് വി. അനീഷ്, ഭാരതീയ വിചാര കേന്ദ്രം ഡയറക്ടർ ആർ. സഞ്ജയൻ, മുതിർന്ന ബിജെപി നേതാവ് ഒ. രാജഗോപാൽ, എ ബി പി വി സംസ്ഥാന സെക്രട്ടറി എൻസിടി ശ്രീഹരി തുടങ്ങിയവർ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: