ഗുരുവായൂര്‍: റെയില്‍വെയുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്, ചേമ്പര്‍ ഓഫ് കൊമേഴ്സ് മെട്രോമാന് ഇ. ശ്രീധരനെ കണ്ട് നിവേദനം സമര്‍പ്പിച്ചു. ഗുരുവായൂര്‍ മേല്‍പ്പാലം ശബരിമല സീസണ് മുമ്പ് നിര്‍മാണം പൂര്‍ത്തിയാക്കുന്നതിനുള്ള നടപടി സ്വീകരിക്കുക, വൈകിട്ട് 5 മണിക്കുള്ള തൃശൂര്‍ പാസഞ്ചര്‍ പുന:രാരംഭിക്കുക, ഗുരുവായൂര്‍ – താനൂര്‍ പാതയുടെ പണി തുടങ്ങുക, വടക്കോട്ട് ട്രെയിന്‍ ആരംഭിക്കുക, തിരുവെങ്കിടം അടിപ്പാത നിര്‍മാണം എന്നീ വിഷയങ്ങള്‍ റെയില്‍വേ അധികൃതരുടെ ശ്രദ്ധയില്പെടുത്തണമെന്നാശ്യപ്പെട്ടാണ് നിവേദനം. ഗുരുവായൂര്‍ മേല്‍പ്പാലം മൂന്നു മാസത്തിനകം പൂര്‍ത്തീകരിക്കുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചതായി ശ്രീധരന് അറിയിച്ചു.
ലക്നോവിലുള്ള ആര്‍ഡിഎസ് ഓഫീസില്‍ നിന്നും ഡിസൈന്‍ ക്ലിയറന്‍സ് ലഭിക്കുന്ന മുറയ്ക്ക് ഗര്‍ഡറുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടി ആരംഭിക്കും. ഗര്‍ഡറുകള്‍ അസംബിള്‍ ചെയ്ത ശേഷം ബാംഗ്ലൂരിലെ റെയില്‍വേ സേഫ്റ്റി കമ്മീഷണറില്‍ നിന്ന് അനുമതി ലഭിക്കുന്നതോടെ ഗുരുവായൂര്‍ മേല്‍പ്പാലം തുറന്നുകൊടുക്കാന്‍ കഴിയുമെന്നാണ് റെയില്‍വേ അധികൃതര്‍ ഉറപ്പു നല്‍കിയിരിക്കുന്നത്. ഈ കാര്യങ്ങള്‍ മൂന്നുമാസത്തിനകം നടക്കുമെന്ന് അദ്ദേഹം ചേമ്പര്‍ ഓഫ് കൊമേഴ്സ് ഭാരവാഹികളെ അറിയിച്ചു. തിരുവെങ്കിടം അടിപ്പാത പുതിയ നിയമപ്രകാരം റെയില്‍വേ തന്നെയാണ് പൂര്‍ത്തീകരിക്കുക. റെയില്‍വേ അടുത്ത ആഴ്ച തന്നെ അതിനുള്ള ഉത്തരവ് നല്‍കുമെന്ന് ശ്രീധരന് വ്യക്തമാക്കി.
തൃശൂര്‍ പാസഞ്ചര്‍ പുനരാരംഭിക്കുന്ന കാര്യം റെയില്‍വെ ജനറല്‍ മാനേജരുമായി സംസാരിക്കും. ഗുരുവായൂര്‍ – താനൂര്‍ പാതയ്ക്കുള്ള സര്‍വ്വേ ഉടന്‍ ആരംഭിക്കുന്നതിനുള്ള നടപടികളായി. അതിനുള്ള ഉത്തരവ് ഉടന്‍ വരുമെന്നും അറിയിച്ചു. പ്രസിഡന്റ് പി.വി. മുഹമ്മദ് യാസിന്, സെക്രട്ടറി അഡ്വ. രവി ചങ്കത്ത്, മെമ്പര്‍ ഡോ. കൃഷ്ണദാസ് എന്നിവരടങ്ങിയ സംഘമാണ് നിവേദനവുമായി ശ്രീധരനെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: