തിരുവനന്തപുരം : സര്‍ക്കാര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ നിയമനത്തിന് അയോഗ്യരായവരെ ഉള്‍പ്പെടുത്താന്‍ വഴിവെച്ചത് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്. ബിന്ദുവിന്റെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍. ഇതുമായി ബന്ധപ്പെട്ട വിവരാവകാശ രേഖയും പുറത്തുവന്നിട്ടുണ്ട്. പ്രിന്‍സിപ്പല്‍ നിയമനത്തിനുള്ള സെലക്ഷന് കമ്മിറ്റി തയ്യാറാക്കിയ പട്ടികയില്‍ മാറ്റം വരുത്തിയത് മന്ത്രിയുടെ ഇടപെടലിനെ തുര്‍ന്നാണ്.
യുജിസി റെഗുലേഷന് പ്രകാരം 43 പേരുടെ പട്ടികയാണ് നിശ്ചയിച്ചത്. ഇത് ഡിപ്പാര്‍ട്ട്മെന്റല്‍ പ്രമോഷന് കമ്മിറ്റി അംഗീകരിക്കുകയും ചെയ്തു. നിയമനത്തിനായി കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍ ശുപാര്‍ശ ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ മന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് ലിസ്റ്റില്‍ നിന്നും നിയമനം നടത്താതെ അയോഗ്യരായവരെ ഉള്‍ക്കൊള്ളിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനായി അപ്പീല്‍ കമ്മിറ്റി രൂപീകരിക്കാനും അയോഗ്യരായവരേയും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പട്ടിക പ്രസിദ്ധീകരിക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കുകയായിരുന്നു. 2022 നവംബര്‍ 12നാണ് മന്ത്ി ഇക്കാര്യം ഫയലില്‍ എഴുതിയിട്ടുള്ളത്.
സെലക്ഷന് കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് പ്രക്രിയ സംബന്ധിച്ച് കാര്യങ്ങള്‍ ഫയലില്‍ ആക്കാനും മന്ത്രിയുടെ നിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്. യുജിസി റഗുലേഷന് പ്രകാരം സെലക്ഷന് കമ്മിറ്റി തയാറാക്കുന്ന അന്തിമ പട്ടിക കരട് പട്ടികയായി പ്രസിദ്ധീകരിക്കാന്‍ നിലവില്‍ നിവ്യവസ്ഥയില്ല. മന്ത്രിയുടെ നിര്‍ദേശ പ്രകാരം കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍ 2023 ജനുവരി 11ന് അന്തിമ പട്ടിക കരട് പട്ടികയായി പ്രസിദ്ധീകരിച്ചു. തുടര്‍ന്നാണ് സര്‍ക്കാര്‍ രൂപവത്കരിച്ച അപ്പീല്‍ കമ്മിറ്റി സെലക്ഷന് കമ്മിറ്റി അയോഗ്യരാക്കിയവരെ കൂടി ഉള്‍പ്പെടുത്തി 76 പേരുടെ പട്ടിക തയാറാക്കിയത്.
43 പേരുടെ പട്ടികയില്‍ നിന്ന് നിയമനം നടത്തുന്നതിന് പകരം 76 പേരുടെ പട്ടികയില്‍ നിന്ന് നിയമനം നടത്താനുള്ള സര്‍ക്കാര്‍ നീക്കം കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ തടഞ്ഞിരുന്നു. കഴിഞ്ഞ 24ന് ട്രൈബ്യുണല്‍ പുറപ്പെടുവിച്ച ഉത്തരവിലൂടെ 43 പേരുടെ പട്ടികയില്‍ നിന്ന് മാത്രമേ നിയമനം നടത്താവൂ എന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം പരാതികള്‍ തീര്‍പ്പാക്കാനാണ് കൂടുതല്‍ പേരെ ഉള്‍പ്പെടുത്താന്‍ നിര്‍ദ്ദേശിച്ചതെന്നാണ് മന്ത്രിയുടെ ഓഫീസ് വിഷയത്തില്‍ വിശദീകരണം നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: