തിരുവനന്തപുരം: നിയമസഭ കൈയാങ്കളി കേസില്‍ ഇടക്കാല തുടരന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് ഹാജരാക്കി. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് റിപ്പോര്‍ട്ട് ഹാജരാക്കിയത്. അന്വേഷണം തുടരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ആഗസ്ത് 17ന് തുടര്‍ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ സിജെഎം ഷിബു ഡാനിയേല്‍ ഉത്തരവിട്ടു. ജൂലൈ 6ന് തുടരന്വേഷണത്തിന് കോടതി അനുമതി നല്‍കിയിരുന്നു. രണ്ട് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാനും ഉത്തരവുണ്ടായിരുന്നു.
മന്ത്രി ശിവന്‍കുട്ടിക്ക് പരിക്ക് പറ്റിയത് സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും ലഭിച്ചില്ലെന്ന് ഇടക്കാല റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് നല്‍കണമെന്നാവശ്യപ്പെട്ട് ആശുപത്രിക്ക് നോട്ടീസ് നല്‍കിയിരുന്നു. അന്വേഷണം രണ്ട് മാസത്തിനുള്ളില്‍ തന്നെ പൂര്‍ത്തിയാക്കി കോടതി ഉത്തരവ് പാലിക്കും.
ഐഷാ പോറ്റി, ജമീല പ്രകാശം, ടി.വി. രാജേഷ്, എ.പി. അനില്‍കുമാര്‍, എം.എ. വാഹിദ്, വി. ശശി, സി. ദിവാകരന്, വി.എസ്. ശിവകുമാര്‍, ബിജിമോള്‍, എ.ടി.ജോര്‍ജ് എന്നിവരുടെ മൊഴിയാണ് ഇതുവരെ രേഖപ്പെടുത്തിയത്. ജൂലൈ 10ന് മുന്‍ സ്പീക്കര്‍ എന്‍. ശക്തന് നോട്ടീസ് അയച്ചെങ്കിലും മൊഴി രേഖപ്പെടുത്താന്‍ കഴിഞ്ഞില്ല. പാര്‍ട്ടിയോട് ആലോചിച്ച ശേഷമേ മൊഴി നല്കാന് കഴിയൂ എന്നും ശക്തന് അറിയിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: