പുതുക്കാട്: വരന്തരപ്പിള്ളി, കാരികുളം കടവ്, പുലിക്കണ്ണി ജനവാസ മേഖലയില്‍ പുഴ കടന്നെത്തിയ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. പുറഞ്ചിറ ജോയ്, തോമസ്, പുളിക്കല്‍ ജോജു, കുഴിയാനിമറ്റത്തില്‍ ഷാജി എന്നിവരുടെ പറമ്പുകളിലാണ് ആനകള്‍ ഇറങ്ങിയത്. വീട്ടുപറമ്പുകളില്‍ ഇറങ്ങിയ ആനക്കൂട്ടം വാഴകളും തെങ്ങുകളും വലിച്ചെറിഞ്ഞു.
വീടുകള്‍ക്ക് ചുറ്റിലും ഇറങ്ങി ഭീതിപരത്തിയ ആനക്കൂട്ടം ബുധനാഴ്ച പുലര്‍ച്ചെയാണ് സമീപത്തെ തോട്ടത്തിലേക്ക് കയറിയത്. കഴിഞ്ഞ രാത്രിയിലാണ് ആനകള്‍ ജനവാസ മേഖലയില്‍ എത്തിയത്. കാരികുളം കടവില്‍ ഇറങ്ങിയ ആനകള്‍ പുഴ കടന്ന് റോഡിലൂടെയാണ് പറമ്പുകളില്‍ എത്തിയത്. കടവിന് സമീപത്തെ വീട്ടുമുറ്റത്തു കൂടി കടന്നുപോയ ആനകള്‍ രണ്ട് പറമ്പുകള്‍ പൂര്‍ണമായും നശിപ്പിച്ചു.
പുറഞ്ചിറ ജോയ്, തോമസ് എന്നിവരുടെ പറമ്പിലാണ് കൂടുതല്‍ നാശം വിതച്ചത്. പിന്നീട് റോഡിലൂടെ പോയ ആനകള്‍ സമീപത്തെ പറമ്പുകളിലെല്ലാം നാശനഷ്ടങ്ങള്‍ വരുത്തി. കുഴിയാനിമറ്റത്തില്‍ ഷാജിയുടെ പറമ്പിലെ മതില് തകര്‍ത്ത ആനകള്‍ പറമ്പിലെ കൃഷി നശിപ്പിച്ചു. വാര്‍ഡ് മെമ്പര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പാലപ്പിള്ളിയില്‍ നിന്നെത്തിയ വനപാലകര്‍ പരിശോധന നടത്തി. കാടുകയറാതെ തോട്ടങ്ങളില്‍ നിലയുറപ്പിച്ചിരിക്കുന്ന ആനക്കൂട്ടം വീണ്ടും എത്തുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: