കൊടുങ്ങല്ലൂര്‍: ചേരരാജ ഭരണകാലത്തെ തമിഴ് – മലയാള സാംസ്‌കാരിക സമന്വയത്തിന്റെ ഓര്‍മപ്പെടുത്തലായി തിരുവഞ്ചിക്കുളത്ത് ചോതി മഹോത്സവം ആഘോഷിച്ചു. തിരുവഞ്ചിക്കുളം കേന്ദ്രമാക്കി നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഭരണം നടത്തിവന്നിരുന്ന ചേരരാജാക്കന്മാരുടെ കാലത്തോളം പഴക്കമുണ്ട് കര്‍ക്കടക മാസത്തിലെ ചോതി ആഘോഷത്തിന്.
ശിവഭക്തരായ ചേരമാന്‍ പെരുമാളും തോഴനായ സുന്ദരമൂര്‍ത്തി നായനാരും ഉടലോടെ സ്വര്‍ഗാരോഹണം നടത്തിയതിനെ അനുസ്മരിച്ചാണ് ചോതി മഹോത്സവം നടത്തുന്നത്. തിരുവഞ്ചിക്കുളം മഹാദേവ ക്ഷേത്രത്തിലെ ഇരുവരുടേയും വിഗ്രഹങ്ങള്‍ വെള്ളാനയുടെയും വെള്ളക്കുതിരയുടെയും പുറത്തിരുത്തി ഘോഷയാത്രയും തേവാര ഗാനാലാപനത്തോടെയും നടത്തുന്ന ആഘോഷങ്ങളില്‍ നൂറുകണക്കിന് തമിഴ് ഭക്തര്‍ പങ്കെടുത്തു. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രിക്ക് ചെങ്കോല്‍ കൈമാറിയ തമിഴ്‌നാട്ടിലെ അഞ്ച് അധീനങ്ങളിലെ സന്യാസിമാര്‍ ചടങ്ങുകളില്‍ പങ്കെടുത്തു. ഇവര്‍ക്ക് തിരുവഞ്ചിക്കുളത്തെ ശിവശക്തി സേവാകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി. കൊടുങ്ങല്ലൂര്‍ വിവേകാനന്ദ കേന്ദ്രം ഡയറക്ടര്‍ ഡോ. എം. ലക്ഷ്മികുമാരി, സത്യധര്‍മന്‍ അടികള്‍, ഗായിക ദുര്‍ഗ വിശ്വനാഥ്, കൗണ്‍സിലര്‍ കെ.എ. സുനില്‍കുമാര്‍, ശിവശക്തി കേന്ദ്രം സെക്രട്ടറി എം.കെ. മുരുകേശന്‍ എന്നിവര്‍ സ്വീകരണ ചടങ്ങുകളില്‍ പങ്കെടുത്തു. സ്വാമിമാര്‍ അനുഗ്രഹ പ്രഭാഷണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക