പാലക്കാട്: മുതലമട സ്നേഹം ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്മാന് സുനില്‍ദാസിനെതിരെ 72 കാരന് മുംബൈ പോലീസില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തു. സ്നേഹം ചാരിറ്റബിള്‍ ട്രസ്റ്റ് മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടി.എന്‍. ശേഷന്റെ പേരില്‍ 25 കോടി രൂപയുടെ പുരസ്കാരം പ്രഖ്യാപിച്ച് അഞ്ചര കോടി രൂപ തട്ടിപ്പ് നടത്തിയതായി മുംബൈ സ്വദേശിയും വാരിയര്‍ ഫൗണ്ടേഷന് മാനേജിങ് ട്രസ്റ്റിയുമായ എ.എസ്. മാധവനാണ് പരാതി നല്‍കിയത്.
2018 സപ്തംബറില്‍ സ്നേഹം ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്മാന് സുനില്‍ദാസ് പ്രഭാകരനാണ് ടി.എന്‍. ശേഷന്റെ പേരിലുള്ള അവാര്‍ഡ് മാധവന്റെ ചാരിറ്റബിള്‍ ട്രസ്റ്റിനാണെന്ന് അദ്ദേഹത്തെ വിളിച്ചറിയിച്ചത്. പ്രളയബാധിതര്‍ക്ക് വീടുകള്‍ നിര്‍മിച്ചു നല്‍കിയതിന്റെ പേരിലായിരുന്നുവത്രെ പുരസ്കാരം. പുരസ്കാര തുകയായ 25 കോടി തുടര്‍സേവന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താമെന്ന പ്രതീക്ഷയിലായിരുന്നു ഫൗണ്ടേഷനെന്ന് മാധവന് പോലീസിനെ അറിയിച്ചു. ഐഎസ്ആര്‍ഒ മുന്‍ ചെയര്മാന് മാധവന് നായരാണ് 2018 ല്‍ പാലക്കാട്ടു നടന്ന ചടങ്ങില്‍ മാധവന് അവാര്‍ഡ് കൈമാറിയത്.
ട്രസ്റ്റ് നല്കിയ 25 കോടി രൂപയുടെ ചെക്കില്‍ തീയതി വെച്ചിരുന്നില്ല. ഇതിനാല്‍ ചെക്ക് മാറാന്‍ കഴിഞ്ഞില്ല. എ.എസ്. മാധവന് ഇക്കാര്യം സ്നേഹം ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്മാന് സുനില്ദാസുമായി സംസാരിച്ചപ്പോള്‍ ഒരു വായ്പയുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങള്‍ മൂലമാണ് 25 കോടി രൂപ നല്കാന് വൈകുന്നതെന്നായിരുന്നു മറുപടി. ഇതിന്റെ പേരില്‍ സുനില്‍ദാസ് എ.എസ്. മാധവനില്‍ നിന്ന് രണ്ടു തവണയായി അഞ്ചര കോടി രൂപയോളം വാങ്ങിയെന്നും പരാതിയില്‍ പറയുന്നു.
വായ്പകള്‍ തീര്‍ക്കാനെന്ന പേരിലാണ് ഇത്രയും തുക സുനില്‍ദാസ് വാങ്ങിയത്. ഇതെങ്കിലും തിരികെ തരണമെന്ന് മാധവന് ആവശ്യപ്പെട്ടെങ്കിലും യാതൊരു ഫലവുമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് മാധവന് മുംബൈ പോലീസില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ സെക്ഷന്‍ 420 പ്രകാരം വഞ്ചനാകുറ്റത്തിനും സെക്ഷന്‍ 406 പ്രകാരം വിശ്വാസവഞ്ചനക്കും സുനില്‍ദാസിനെതിരെ മുംബൈ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: