ന്യൂദല്‍ഹി: മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് ലോക്സഭ ഉച്ചയ്‌ക്ക് 2.00 വരെ നിര്‍ത്തിവച്ചു. സഭ സമ്മേളിച്ചപ്പോള്‍ തന്നെ കോണ്‍ഗ്രസ്, ടിഎംസി, ഡിഎംകെ, ജെഡിയു, തുടങ്ങിയ പ്രതിപക്ഷാംഗങ്ങള്‍ മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവന ആവശ്യപ്പെട്ട് ശക്തമായി രംഗത്തെത്തി.
സഭയില്‍ ശാന്തത പാലിക്കാന്‍ സ്പീക്കര്‍ ഓം ബിര്‍ള അംഗങ്ങളോട് ആവശ്യപ്പെട്ടെങ്കിലും പ്രതിഷേധിച്ച അംഗങ്ങള്‍ ഗൗനിച്ചില്ല. പ്രതിപക്ഷ അംഗങ്ങള്‍ കറുപ്പ് വസ്ത്രം ധരിച്ചാണ് എത്തിയത്.
ബഹളത്തിനിടയില്‍ സ്പീക്കര്‍ ചോദ്യോത്തര വേള നടത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പിന്നീട് അദ്ദേഹം സഭ ഉച്ചയ്‌ക്ക് 2 മണി വരെ നിര്‍ത്തിവച്ചു.
അതേസമയം, മണിപ്പൂര്‍ അക്രമ വിഷയത്തില്‍ രാജ്യസഭയും പ്രതിപക്ഷ പാര്‍ട്ടികളുടെ ബഹളത്തിന് സാക്ഷ്യം വഹിച്ചു, ഉച്ചയ്‌ക്ക് 12 വരെ നിര്‍ത്തിവച്ചു. വീണ്ടും സമ്മേളിച്ചപ്പോഴും ബഹളം ഉണ്ടായതിനെ തുടര്‍ന്ന് സഭ ഉച്ചയക്ക് രണ്ട് മണി വരെ നിര്‍ത്തി വച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: