ധര്‍മേന്ദ്ര പ്രധാന്
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി
അറിവാണ് ശക്തി. വേദങ്ങളിലും ഉപനിഷത്തുകളിലും ഇന്ത്യയുടെ സമ്പന്നമായ വിജ്ഞാനശേഷിയും അറിവും പ്രകടമാണ്. നൂറ്റാണ്ടുകളായി ജ്ഞാനത്തിന്റെ വിശാലമായ ഉറവിടങ്ങളായി പ്രവര്‍ത്തിക്കുന്നവയാണ് അവ. പുരാതന ഇന്ത്യയിലെ സര്‍വകലാശാലകളായ നളന്ദ, തക്ഷശില എന്നിവയിലൂടെ അന്താരാഷ്ട്രതലത്തില്‍ അറിവിന്റെ കേന്ദ്രമായി ഇന്ത്യ വര്‍ത്തിച്ചിരുന്നു. ഇന്ത്യയുടെ വിജ്ഞാനവും സമ്പത്തും മുഗളര്‍, മംഗോളിയക്കാര്‍, ബ്രിട്ടീഷുകാര്‍, ഡച്ചുകാര്‍, പോര്‍ച്ചുഗീസുകാര്‍ എന്നിവരുള്‍പ്പെടെ പലരെയും ആകര്‍ഷിച്ചു, ചരിത്രത്തിന്റെ വിവിധ കാലഘട്ടങ്ങളില്‍ അവര്‍ ഇന്ത്യയെ ആക്രമിച്ചു. അതിന്റെ ഫലമായി ഇന്ത്യയുടെ വിജ്ഞാന നിധികള്‍ കാലക്രമേണ നശിപ്പിക്കപ്പെട്ടു. നമ്മുടെ മണ്ണും മറ്റു സ്വത്തുക്കളും തട്ടിയെടുക്കാനും സര്‍വകലാശാലകളെ നശിപ്പിക്കാനും ആക്രമണങ്ങളിലൂടെ കഴിഞ്ഞുവെങ്കിലും ഗുരുക്കന്മാരിലൂടെയും യോഗികളിലൂടെയും നമ്മുടെ വിജ്ഞാനനിധികള്‍ നിലനിന്നു.
രണ്ടാം വ്യാവസായിക വിപ്ലവത്തില്‍ ബ്രിട്ടന് ലോകത്തെ നയിച്ചപ്പോള്‍ മൂന്നാമത്തേതില്‍ ഊഴം അമേരിക്കയുടേതായിരുന്നു. ഇന്ന്, ബ്രിട്ടനെ മറികടന്ന് ആഗോളതലത്തില്‍ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറുമ്പോള്‍, ഇന്ത്യ വീണ്ടും വിജ്ഞാനത്തിന്റെ പ്രഭവകേന്ദ്രമായി മാറുകയാണ്. പുതിയ സാങ്കേതികവിദ്യയുടെ വളര്‍ച്ച അടയാളപ്പെടുത്തുന്ന നാലാം വ്യാവസായിക വിപ്ലവത്തിലേക്ക് ലോകത്തെ നയിക്കാനുള്ള സമയമായിരിക്കുകയാണ് ഇന്ത്യക്ക്.
സ്കൂളില്‍ വിദ്യാഭ്യാസം നേടുന്ന 260 ദശലക്ഷം കുട്ടികള്‍, ഉന്നത വിദ്യാഭ്യാസം നേടുന്ന 40 ദശലക്ഷം വിദ്യാര്‍ഥികള്‍ എന്നിവരിലൂടെ ആഗോളതലത്തില്‍ നമ്മുടെ നാട്ടിലെ വിദ്യാഭ്യാസ രംഗം ഏറ്റവും വലിയതാണ്. പൊതുജനങ്ങളുടെ അഭിപ്രായം ഉള്‍പ്പെടെ തേടുകയും അവരുമായി ചര്‍ച്ച നടത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് 34 വര്‍ഷങ്ങള്‍ക്ക് ശേഷം 2020ല്‍ ദേശീയ വിദ്യാഭ്യാസ നയം പുതിയതായി രൂപീകരിച്ച് കരട് പുറത്തിറക്കിയത്. 2023 ജൂലൈ 29ല്‍ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ മൂന്നാം വാര്‍ഷികം നാം ആഘോഷിക്കുകയാണ്. ഇതിന്റെ ഭാഗമായി രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന അഖിലേന്ത്യാ വിദ്യാഭ്യാസ സമ്മേളനം സംഘടിപ്പിക്കുകയാണ്.
ദേശീയ വിദ്യാഭ്യാസ നയം കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ വളരെ നിര്‍ണാകമായ നേട്ടങ്ങളാണ് കൈവരിച്ചത്. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി വളരെ നേരത്തെയുള്ള ബാല്യകാല പരിചരണവും വിദ്യാഭ്യാസവും (Early Childhood Care and Education – ECCE) ഔപചാരിക സ്കൂള്‍ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഭാഗമായി സംയോജിപ്പിച്ചിരിക്കുന്നു. കുട്ടികളിലെ മസ്തിഷ്ക വികാസത്തിന്റെ 80 ശതമാനവും എട്ട് വയസ്സിന് മുന്‍പ് സംഭവിക്കുന്നുവെന്ന് തിരിച്ചറിഞ്ഞു കൂടിയായിരുന്നു ഈ നടപടി. അതോടൊപ്പം, ഉല്ലാസ ഉപാധികള്‍ കൂടി ഉള്‍പ്പെടുത്തിയുള്ള വിദ്യാഭ്യാസരീതിയാണ് 3-8 വയസ് പ്രായമുള്ള കുട്ടികള്‍ക്കായി ഒരുക്കിയിട്ടുള്ളത്. ഇതിന് ഊന്നല്‍ നല്‍കിയാണ് അടിസ്ഥാനഘട്ടത്തിനായുള്ള ആദ്യത്തെ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് (National Curriculum Framework for Foundational Stage – NCF FS) വികസിപ്പിച്ചതും. ഈ രീതി അവലംബിക്കുമ്പോള്‍ അതില്‍ പരസ്പരമുള്ള സംഭാഷണങ്ങള്‍, കഥകള്‍, സംഗീതം, കലകള്‍, കരകൗശലവസ്തുക്കള്‍, കളികള്‍, പ്രകൃതിയുമായി ഇണങ്ങിച്ചേരാനുള്ള യാത്രകള്‍, സാമഗ്രികളും കളിപ്പാട്ടങ്ങളും ഉപയോഗിച്ചുള്ള സംവേദനാത്മക വിനോദങ്ങള്‍ എന്നിങ്ങനെയുള്ള വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുന്നു. ഈ സമീപനത്തിന്റെ മാതൃകയായി ‘ജാദുയി പിടാര’ (മാന്ത്രികപ്പെട്ടി) സംവിധാനം സ്കൂളുകള്‍ക്കായി സൃഷ്ടിച്ചു.
എന്‍സിഎഫ്-എഫ്എസ് അടിസ്ഥാനമാക്കിയുള്ള 1, 2 ക്ലാസുകള്‍ക്കുള്ള പാഠപുസ്തകങ്ങള്‍ പുറത്തിറങ്ങി. 2026ഓടെ അടിസ്ഥാനസാക്ഷരതയും സംഖ്യാജ്ഞാനവും കൈവരിക്കുന്നതിനുള്ള ദേശീയ നിപുണ്‍ ഭാരത് മിഷനെ ഇതു സഹായിക്കുന്നു. സ്കൂള്‍ വിദ്യാഭ്യാസത്തിനായുള്ള ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടുമായി (NCF-SE) യോജിച്ച് 150 പുതിയ പാഠപുസ്തകങ്ങള്‍ ലഭ്യമാക്കും. ഇവ അമൃത കാലത്തിന്റെ പുസ്തകങ്ങളായിരിക്കും. കൂടാതെ 22 ഇന്ത്യന്‍ ഭാഷകളിലെങ്കിലും ഇവ വികസിപ്പിക്കുകയും ദേശീയ വിദ്യാഭ്യാസ നയം 2020ന്റെ ഭാഗമായ ബഹുഭാഷാ വിദ്യാഭ്യാസത്തിന്റെ കാഴ്ചപ്പാട് പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ഈ പുസ്തകങ്ങളുടെ ഡിജിറ്റല്‍ പതിപ്പ് പിഎം ഇ-വിദ്യയിലൂടെ ലഭ്യമാക്കും. ഏവര്‍ക്കും ആവശ്യത്തിന് പുസ്തകം ലഭിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. എന്‍ഇപിയുടെ യഥാര്‍ഥ മനോഭാവം പ്രതിനിധാനം ചെയ്യുന്ന പിഎം ശ്രീ റൈസിങ് ഇന്ത്യ സ്കൂളുകളും രാജ്യമെമ്പാടും സ്ഥാപിക്കും.
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസവുമായി സംയോജിപ്പിച്ച് തൊഴിലധിഷ്ഠിത വിദ്യാഭ്യാസ രീതിക്ക് മുഖ്യധാരയിലൂടെ പ്രത്യേക ഊന്നല്‍ നല്‍കിയിട്ടുണ്ട്. സ്കൂള്‍ തലത്തില്‍ നൈപുണ്യ പരിപാടികള്‍ അവതരിപ്പിക്കുന്നതിനായി സമഗ്ര ശിക്ഷയും സ്കില്‍ ഇന്ത്യ മിഷനും ഒരേ പാതയില്‍ കൊണ്ടുവരികയാണ്. വിദ്യാര്‍ഥികള്‍ക്കും, സ്കൂളുകളില്‍ നിന്ന് കൊഴിഞ്ഞുപോയവര്‍ക്കും സമഗ്രമായ നൈപുണ്യവും തൊഴിലധിഷ്ഠിത പരിശീലന പരിപാടിയും നല്‍കുന്നതിനായി സ്കൂളുകളില്‍ 5000 നൈപുണ്യകേന്ദ്രങ്ങള്‍ സ്ഥാപിക്കും.
ഇതുകൂടാതെ, ഔപചാരികവും അനൗപചാരികവുമായ പഠനം, സ്കൂള്‍ – ഉന്നത – നൈപുണ്യ വിദ്യാഭ്യാസം, പരിശീലനം എന്നിവയ്ക്കെല്ലാം ഊന്നല്‍ നല്കുന്ന ദേശീയ ക്രെഡിറ്റ് ചട്ടക്കൂട് (എന്‍സിആര്‍എഫ്) അവതരിപ്പിച്ചു. എന്‍സിആര്‍എഫ് വിവിധ തലങ്ങളില്‍ ഒന്നിലധികം പ്രവേശന-നിര്‍ഗമന ജാലകങ്ങള്‍ സാധ്യമാക്കും. ഇത് വിദ്യാര്‍ഥികള്‍ക്ക് അവരുടെ ജീവിതത്തില്‍ എപ്പോള്‍ വേണമെങ്കിലും ഉന്നത വിദ്യാഭ്യാസ സമ്പ്രദായത്തിലേക്ക് വീണ്ടും പ്രവേശിക്കാന്‍ കഴിയുന്ന തരത്തിലുള്ളതാണ്. അംഗീകാരത്തിനായി വിദ്യാര്‍ഥിയുടെ വിവരങ്ങള്‍ അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റില്‍ (എബിസി) ശേഖരിക്കപ്പെടും.
സാങ്കേതിക വിദ്യയിലൂടെ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി ഡിഗ്രി പഠനം പോലും സാധ്യമാകും. നിലവാരമുള്ള വിദ്യാഭ്യാസം അവര്‍ക്ക് ലഭിക്കും; വിശേഷിച്ചും വിദൂരപ്രദേശങ്ങളിലെ കുട്ടികള്‍ക്ക്. സ്വയം പോര്‍ട്ടലിലെ ഓണ്‍ലൈന്‍ കോഴ്സുകളിലൂടെയും ഇപ്പോള്‍ ക്രെഡിറ്റുകള്‍ നേടാന്‍ കഴിയും. സവിശേഷമായ ഡിജിറ്റല്‍ സര്‍വകലാശാലയും ഉടന്‍ സ്ഥാപിക്കും.
ഏകീകൃത നൈപുണ്യ ഇന്ത്യ ഡിജിറ്റല്‍ സംവിധാനത്തിലൂടെ നൈപുണ്യ വികസനത്തിന്റെ ഡിജിറ്റല്‍ ആവാസവ്യവസ്ഥ കൂടുതല്‍ ശക്തിപ്പെടുത്തി. ഇതിലൂടെ ആവശ്യത്തിനനുസരിച്ച് നൈപുണ്യ മേഖലയിലെ വികസനം പ്രാപ്തമാക്കും. തൊഴില്‍ദാതാക്കള്‍, എംഎസ്എംഇകള്‍ എന്നിവരെ ഉള്‍പ്പെടുത്തി സംരംഭകത്വ പദ്ധതികളും വര്‍ധിപ്പിക്കും. വിദഗ്ധരായ ഉദ്യോഗാര്‍ഥികളുടെ ആഗോള ചലനാത്മകത സുഗമമാക്കുന്നതിനും ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നു. യുവാക്കള്‍ക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള നൈപുണ്യ പരിശീലനം നല്‍കുന്നതിനും വൈദഗ്ധ്യമുള്ള തൊഴിലാളികള്‍ക്ക് വിദേശ അവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് 30 ഇന്ത്യാ ഇന്റര്‍നാഷണല്‍ സ്കില്‍ സെന്ററുകള്‍ സ്ഥാപിക്കുന്നത്. വ്യവസായം 4.0 ന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത 330-ലധികം നവയുഗ കോഴ്സുകളും വികസിപ്പിച്ചെടുത്തിട്ടുണ്ട്.
ഭാഷാതടസം പരിഹരിക്കാനായി രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ബഹുഭാഷാ അടിസ്ഥാനത്തില്‍ സാങ്കേതിക പരിപാടികള്‍ നടത്തുന്നുണ്ട്. നിര്‍മിത ബുദ്ധി ഉപയോഗിച്ചുള്ള പരിഭാഷ സഹായികളിലൂടെ പാഠപുസ്തകങ്ങള്‍ നിരവധി ഇന്ത്യന്‍ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യുന്നു. പ്രധാനപ്പെട്ട എന്‍ട്രന്‍സ് പരീക്ഷകളായ ജെഇഇ, എന്‍ഇഇടി, സിയുഇടി എന്നിവ ഇപ്പോള്‍ 13 ഭാഷകളില്‍ എഴുതാനാകും.
വിദ്യാഭ്യാസ മേഖലയിലെ അന്താരാഷ്ട്രവല്‍ക്കരണം ലക്ഷ്യമിട്ട് ഇന്ത്യന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിദേശ രാജ്യങ്ങളില്‍ പോലും ക്യാമ്പസുകള്‍ സ്ഥാപിക്കുകയാണ്. ഐഐടി മദ്രാസ് തങ്ങളുടെ ക്യാമ്പസ് താന്‍സാനിയയിലെ സാനിബറില്‍ സ്ഥാപിക്കാനൊരുങ്ങുമ്പോള്‍, യുഎഇയില്‍ ക്യാമ്പസ് സ്ഥാപിക്കാനുള്ള ഐഐടി ഡല്‍ഹിയുടെ നീക്കങ്ങള്‍ക്കുള്ള ധാരണാപത്രം ഈ മാസം ആദ്യം ഒപ്പിട്ടു.
പ്രധാനപ്പെട്ട പല വിദേശ സര്‍വകലാശാലകളും തങ്ങളുടെ ക്യാമ്പസുകള്‍ ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയില്‍ (ഗുജറാത്ത് ഇന്റര്‍നാഷണല്‍ ഫിനാന്‍സ് ടെക്-സിറ്റി)യില്‍ സ്ഥാപിക്കുകയാണ്. ഇതു കൂടാതെ സമീപ ഭാവിയില്‍ വിദേശത്ത് സ്കൂള്‍ ബോര്‍ഡ് ഉള്‍പ്പെടെയുള്ള മറ്റ് ഇന്ത്യന്‍ സ്ഥാപനങ്ങളുടെ സാന്നിധ്യം കൂടുതല്‍ വിപുലീകരിക്കാനുള്ള പദ്ധതികളും പുരോഗമിക്കുന്നു.
അമൃതതലമുറയുടെ വികസനസ്വപ്നങ്ങള്‍ നിറവേറ്റുന്നതിലൂടെ മാത്രമേ അമൃതകാലത്തിന് കീഴിലുള്ള വികസിതഭാരതം എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ കഴിയൂ. രാജ്യത്തെ മൊത്തം ജനസംഖ്യയുടെ ഏകദേശം 65% വരുന്ന ജനവിഭാഗം ജോലി ചെയ്യുന്ന പ്രായത്തിലുള്ളവരായതിനാല്‍, ആജീവനാന്ത പഠനവും നൈപുണ്യവും ഇന്നത്തെ ലോകക്രമമായി മാറുമെന്ന് പ്രതീക്ഷിക്കുന്ന ഒരു യുഗത്തിനാവശ്യമായ പുതിയ ചട്ടക്കൂടുകള്‍ ഈ മേഖലയില്‍ സൃഷ്ടിക്കേണ്ടതുണ്ട്.
‘വസുധൈവ കുടുംബകം’ എന്ന മനോഭാവത്തോടെ മുന്നേറി 21-ാം നൂറ്റാണ്ടില്‍ ലോകനേതാവാകാനുള്ള പാതയിലാണ് ഇന്ത്യ. പരിവര്‍ത്തനവും ഇന്നിന്റെ യാഥാര്‍ഥ്യവും പരസ്പരം ബന്ധിപ്പിക്കുന്നതില്‍ ദേശീയ വിദ്യാഭ്യാസ നയം വളരെ വലിയ പങ്ക് വഹിക്കുന്നു. ഇന്ത്യയുടെ വിജ്ഞാന സംവിധാനത്തിലൂന്നി ആഗോള പൗരന്മാരെ സൃഷ്ടിക്കുകയെന്നതാണ് ഇതു ലക്ഷ്യമിടുന്നത്. ദേശീയ വിദ്യാഭ്യാസ നയം 2020ന് ആഗോളതലത്തില്‍ അറിവുള്ള പൗരന്മാരെ സൃഷ്ടിക്കുന്നതിനുള്ള മാര്‍ഗദര്‍ശിയാകാന്‍ കഴിയും; വിശേഷിച്ച്, കോളനിവല്‍ക്കരണത്തിന്റെ നിഴലുകളില്‍നിന്നു മുക്തമാകാന്‍ ആഗ്രഹിക്കുന്ന ദരിദ്രര്‍ക്കും വളര്‍ന്നുവരുന്ന സമ്പദ്വ്യവസ്ഥകള്‍ക്കും. 2020ല്‍ രൂപീകരിച്ച ദേശീയ വിദ്യാഭ്യാസ നയം നാലാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ അതിന്റെ വിജയം അര്‍ഥമാക്കുന്നത് 2047ല്‍ ഇന്ത്യ വികസിത രാജ്യമായി മാറുമെന്ന് തന്നെയാണ്; വിജ്ഞാനം പങ്കിടുന്നതിലും സമാധാനത്തിലും കേന്ദ്രീകരിച്ചുള്ള ആഗോള ലോകക്രമം രൂപപ്പെടുമെന്നും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: