പശ്ചിമബംഗാളില്‍ ഇക്കഴിഞ്ഞ രാമനവമി ആഘോഷത്തിനിടെ പോലീസിന്റെ സഹായത്തോടെ തൃണമൂല്‍ കോണ്ഗ്രസ്സുകാര് അഴിച്ചുവിട്ട അക്രമസംഭവങ്ങള്‍ എന്‍ഐഎ അന്വേഷണിക്കമെന്ന കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി നിരസിച്ചത് മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്. ബിജെപി നേതാവും ബംഗാള്‍ നിയമസഭയിലെ പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരിയുടെ ഹര്‍ജിയെ തുടര്‍ന്ന് ഹൈക്കോടതി നല്കിയ ഉത്തരവില്‍ കേസ് സംബന്ധിച്ച എല്ലാ രേഖകളും അക്രമങ്ങളുടെ സിസിടിവി ദൃശ്യങ്ങളും എന്‍ഐഎയ്ക്ക് നല്കാന് പോലീസിനോട് നിര്‍ദേശിച്ചിരിക്കുന്നു. അക്രമത്തിന് സ്ഫോടകവസ്തുക്കളൊന്നും ഉപയോഗിച്ചിട്ടില്ലെന്നും, ഹര്‍ജി രാഷ്ട്രീയപ്രേരിതമാണെന്നും പറഞ്ഞ് എന്‍ഐഎ അന്വേഷണം വേണ്ടെന്ന സര്‍ക്കാര്‍ നിലപാട് കോടതി അംഗീകരിച്ചില്ല. മാര്‍ച്ച് മാസത്തില്‍ ഹൗറ, ഹുഗ്ലി, ഉത്തര ദിനാജ്പൂര്‍ ജില്ലകളിലാണ് വ്യാപകമായ അക്രമങ്ങള്‍ നടന്നത്. അക്രമികളുടെ അഴിഞ്ഞാട്ടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും കടകള്‍ തല്ലിതകര്‍ക്കുകയും വാഹനങ്ങള്‍ അഗ്നിക്കിരയാക്കുകയും ചെയ്തിരുന്നു. അക്രമത്തിന് ഒത്താശ ചെയ്ത പോലീസ് അതിനെക്കുറിച്ച് സ്വതന്ത്രമായ അന്വേഷണം നടത്താന്‍ തയ്യാറായില്ല. സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് തൃണമൂലുകാരായ അക്രമികളെ രക്ഷിക്കുന്നതിനുവേണ്ടിയായിരുന്നു ഇത്. അക്രമങ്ങളെ ന്യായീകരിക്കുന്ന വിധത്തിലാണ് മുഖ്യമന്ത്രി മമതാ ബാനര്‍ജിയും തൃണമൂല്‍ നേതാക്കളും പെരുമാറിയത്. നിയമവാഴ്ച ഉറപ്പുവരുത്താതെ ക്രമസമാധാനനില തകര്‍ത്ത് ജനങ്ങളെ ഭയപ്പെടുത്തി പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ പ്രവര്‍ത്തനം അസാധ്യമാക്കുകയെന്ന തന്ത്രമാണ് തൃണമൂലിന്റെ അക്രമത്തിനു പിന്നിലുള്ളത്.
സുപ്രീംകോടതി ഉത്തരവിനു പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ അക്രമവാഴ്ചയ്ക്കെതിരെ മറ്റൊരു നടപടിയുമുണ്ടായി. പഞ്ചായത്ത് തെരഞ്ഞെടുപ്പിനുവേണ്ടി നിയോഗിച്ച കേന്ദ്രസേനയെ ഉടന്‍ പിന്‍വലിക്കില്ലെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനത്തെ കൊല്‍ക്കത്ത ഹൈക്കോടതി ശരിവച്ചതാണിത്. കേന്ദ്രസേന 10 ദിവസം കൂടി സംസ്ഥാനത്ത് തുടരും. സാധ്യമായ എല്ലാ വഴികളിലൂടെയും കേന്ദ്രസേനയുമായി സഹകരിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദ്ദേശവും നല്‍കിയിരിക്കുകയാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്‍പും പിന്പുമായി വ്യാപകമായ അക്രമങ്ങളാണ് ബംഗാളില്‍ അരങ്ങേറിയത്. പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രചാരണം നടത്തുന്നതും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നതും തടയുകയായിരുന്നു ഇതിന്റെ ലക്ഷ്യം. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുമായി ഒത്തുകളിച്ച് വിജ്ഞാപനം വൈകി പുറപ്പെടുവിച്ചതിനാല്‍ പലയിടങ്ങളിലും പ്രതിപക്ഷ സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ പോലും കഴിഞ്ഞില്ല. പത്രിക നല്കിയ പലരെയും ഭീഷണിപ്പെടുത്തി പിന്‍വലിപ്പിക്കുകയും ചെയ്തു. കേന്ദ്ര സേനയുടെ സാന്നിധ്യമുണ്ടായിരുന്നിട്ടും വോട്ടെടുപ്പു ദിവസം തൃണമൂല്‍ കോണ്ഗ്രസ്സുകാര് വ്യാപകമായ അക്രമങ്ങള്‍ നടത്തി. പ്രതിപക്ഷത്തിന് സ്വാധീനമുള്ളയിടങ്ങളില്‍ ജനങ്ങളെ വോട്ടുചെയ്യാന്‍ അനുവദിക്കാതെ പിന്തിരിപ്പിച്ചു. ബൂത്ത് കയ്യേറി ബാലറ്റ് ബോക്സുകള്‍ പിടിച്ചെടുത്തു. എല്ലാവരും തൃണമൂല്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടു ചെയ്തതായി നേരത്തെ തയ്യാറാക്കി വച്ച ബാലറ്റു ബോക്സുകള്‍ പകരംവച്ചു. സ്ട്രോങ് റൂമിലേക്കു കൊണ്ടുപോവുകയായിരുന്ന ബാലറ്റ് ബോക്സുകള്‍ വാഹനങ്ങളില്‍ നിന്ന് പിടിച്ചെടുത്ത് തിരിമറി നടത്തിയതായി കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി പോലും പറയുകയുണ്ടായി. ഇതിന്റെയൊക്കെ അനന്തരഫലമായാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ വിജയിച്ചതായി പ്രഖ്യാപിക്കപ്പെട്ടത്. എന്നിട്ടും മുഖ്യപ്രതിപക്ഷമായ ബിജെപി വന്‍ മുന്നേറ്റമുണ്ടാക്കി. ബംഗാളിനകത്തും പുറത്തും തൃണമൂലുമായി ഒത്തുകളിക്കുകയും സഖ്യമുണ്ടാക്കുകയും ചെയ്യുന്ന സിപിഎമ്മും കോണ്‍ഗ്രസ്സുമല്ല, ബിജെപിയാണ് മമതയുടെ മുഖ്യശത്രു.
മൂന്നരപ്പതിറ്റാണ്ട് കാലം ഇടതുപക്ഷം ഭരിച്ച ബംഗാളില്‍ അരങ്ങേറിയ അക്രമ സംഭവങ്ങളുടെയും അട്ടിമറികളുടെയും തനിയാവര്‍ത്തനമാണ് മമതയുടെ ഭരണത്തിലും നടക്കുന്നത്. 2011 ല്‍ അധികാരത്തില്‍ വന്ന മമത തികഞ്ഞ ഏകാധിപതിയായി മാറുകയായിരുന്നു. അക്രമപ്രവര്‍ത്തനം ഭരണകൂടത്തിന്റെ നയം തന്നെയായി. രാഷ്ട്രീയ കൊലപാതകങ്ങള്‍ തുടര്‍ക്കഥയായിരിക്കുന്നു. ബലം പ്രയോഗിച്ച് അധികാരം പിടിക്കാന്‍ ഇടതുഭരണകാലത്ത് സ്വീകരിച്ചിരുന്ന സയന്റിഫിക് റിഗ്ഗിങ് അഥവാ ശാസ്ത്രീയ ബൂത്തുപിടുത്തമാണ് മമതയുടെ ഭരണത്തിലും നടക്കുന്നത്. മമതയുടെ കുടുംബം സഹസ്രകോടികളുടെ അഴിമതി നടത്തുക മാത്രമല്ല, പാര്‍ട്ടി നേതാക്കളെയും ഉദ്യോഗസ്ഥരെയും അഴിമതി നടത്താന്‍ അനുവദിക്കുകയുമാണ്. സര്‍ക്കാരിന്റെ എല്ലാ വൃത്തികേടുകള്‍ക്കും ഇവര്‍ കൂട്ടുനില്‍ക്കുന്നു. മമതയുടെ മരുമകന് അടക്കം പാര്‍ട്ടി നേതാക്കളും മന്ത്രിമാരുമായ നിരവധി പേര് അഴിമതി കേസുകളില്‍ പ്രതികളായി ജയിലിനകത്തും പുറത്തുമായി കഴിയുകയാണ്. ശാരദാ ചിട്ടിതട്ടിപ്പ്, അധ്യാപക നിയമനം എന്നിങ്ങനെ വന്‍ അഴിമതിക്കേസുകളാണ് ഇവര്‍ക്കെതിരെയുള്ളത്. ഭരണം പോയാല്‍ ഇവരൊക്കെ ശിക്ഷിക്കപ്പെടും. അതിനാല്‍ ഏതുവിധേനയും അധികാരത്തില്‍ തുടരാന്‍ നോക്കുകയാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കൃത്രിമം കാണിച്ച് ജയിച്ചിട്ടുള്ളത് ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടാനാണ്. ഏതുവിധത്തിലാണോ ബംഗാളില്‍ നിലനിന്ന ഇടതുഫാസിസത്തെ അധികാരത്തില്‍ നിന്ന് പുറന്തള്ളിയത് അതുപോലെയുള്ള ശക്തമായ ജനമുന്നേറ്റം സൃഷ്ടിച്ചും നീതിപൂര്‍വമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്തിയും മാത്രമേ മമതയുടെ ഏകാധിപത്യ വാഴ്ചയ്ക്ക് അന്ത്യംകുറിക്കാനാവുകയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: