ആലപ്പുഴ: മണിപ്പൂരില്‍ നടക്കുന്നത് വര്‍ഗീയ പ്രശ്നമോ ഹിന്ദുക്രൈസ്തവ സംഘര്‍ഷമോ അല്ലെന്നും ഗോത്രങ്ങള്‍ തമ്മിലുള്ള തര്‍ക്കം മാത്രമാണെന്നും ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി. സംസ്ഥാന സര്‍ക്കാര്‍ കുടുംബശ്രീയെ മണിപ്പൂര്‍ വിഷയത്തില്‍ രാഷ്ട്രീയ ആയുധമാക്കുന്നതിനെതിരെ മഹിളാ മോര്‍ച്ച ജില്ലാ കമ്മിറ്റി കളക്ട്രേറ്റിനു മുന്നില്‍ നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മണിപ്പൂരിലെ പ്രശ്നങ്ങള്‍ ബിജെപിയുടെ കാലത്ത് തുടങ്ങിയതല്ല. പക്ഷേ, ബിജെപി വന്നപ്പോള്‍ അവിടെ സൈനികര്‍ മരിച്ചുവീഴുന്നത് കുറഞ്ഞു. കലാപങ്ങള്‍ കുറഞ്ഞു. സാധാരണക്കാര്‍ മരിച്ചുവീഴുന്നതും കുത്തനെ കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ട്. ഇങ്ങനെ ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ കേരളത്തില്‍ ദുഷിച്ച പ്രചാരണങ്ങള്‍ സംഘടിപ്പിക്കാനും കുടുംബശ്രീയെ കൊണ്ട് പ്രതിജ്ഞയെടുപ്പിക്കാനും ശ്രമിക്കുകയാണ്.
നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ മഹാഭൂരിപക്ഷം വരുന്ന ഹിന്ദു സമൂഹത്തോട് കാണിച്ചത് വലിയ ക്രൂരതയാണ്. ഹിന്ദുക്കളെ മുഴുവന്‍ അപമാനിച്ച അദ്ദേഹം സത്യപ്രതിജ്ഞാ ലംഘനവും ഭരണഘടനാ ലംഘനവുമാണ് നടത്തിയത്. ഷംസീര്‍ എംഎല്‍എ പദവിയില്‍ പോലും ഇരിക്കാന്‍ യോഗ്യനല്ല.
ജിഹാദികളുടെ പിന്തുണ നേടാനാണ് റിയാസും ഷംസീറും മത്സരിക്കുന്നതെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് കലാ രമേശ് അധ്യക്ഷയായി. ബിജെപി സംസ്ഥാന സെക്രട്ടറി കരമന ജയന്, ജില്ലാ പ്രസിഡന്റ് എം. വി. ഗോപകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: