ക്വാലാലംപുര്‍: ടി 20 മത്സരത്തില്‍ ചരിത്രം കുറിച്ച് മലേഷ്യന്‍ ബൗളര്‍ സിയാസ്റുള്‍ ഇദ്രസ്. നാല് ഓവറില്‍ എട്ട് റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഏഴ് വിക്കറ്റുകള്‍ വീഴ്ത്തിയാണ് സിയാസ്റുള്‍ ഇദ്രസ് ചരിത്രത്തില്‍ ഇടംപിടിച്ചത്. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ പുരുഷ താരമാണ് സിയാസ്റുള്‍. ടി 20 ലോകകപ്പിന്റെ ഏഷ്യന്‍ യോഗ്യതാ പോരാട്ടത്തില്‍ ചൈനീസ് ക്രിക്കറ്റ് ടീമിനെതിരെയായിരുന്നു ഇദ്രസിന്റെ പ്രകടനം. പുരുഷ ടി20 ക്രിക്കറ്റില്‍ നൈജീരിയന്‍ ബൗളര്‍ പീറ്റര്‍ അഹോയുടെ പേരിലുള്ള റിക്കോര്‍ഡാണ് സിയാസ്റുള്‍ തകര്‍ത്തത്. അഞ്ച് റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റെടുത്തതായിരുന്നു ടി20 പുരുഷ ക്രിക്കറ്റിലെ ഇതിന് മുമ്പത്തെ ബൗളിംഗ് പ്രകടനം. വനിതാ ക്രിക്കറ്റില്‍ നെതര്‍ലന്‍ഡ്സിന്റെ ഫ്രെഡറിക് ഓവര്ഡ്ജിക് മൂന്ന് റണ്‍സ് മാത്രം വഴങ്ങി ഏഴ് വിക്കറ്റെടുത്തതാണ് ടി20 ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം. ഐസിസിയുടെ പൂര്‍ണ അംഗരാജ്യങ്ങളില്‍ ട്വന്റി 20-യില്‍ ഏറ്റവും മികച്ച ബൗളിങ് പ്രകടനം ഇന്ത്യന്‍ താരം ദീപക് ചാഹറിന്റെ പേരിലാണ്. 2019 ബംഗ്ലാദേശിനെതിരേ ഏഴ് റണ്‍സ് വഴങ്ങി ചാഹര്‍ ആറ് വിക്കറ്റ് വീഴ്ത്തിയിരുന്നു.
ചൈനക്കെതിരായ കളിയില്‍ തന്റെ ഇന്‍സ്വിങ്ങറുകള്‍ കൊണ്ട് ചൈനീസ് ബാറ്റര്‍മാരെ വിറപ്പിച്ച താരം ഏഴ് വിക്കറ്റുകളും സ്വന്തമാക്കിയത് ക്ലീന്‍ ബൗള്‍ഡാക്കിയാണ്. ഇദ്രസ് ആഞ്ഞടിച്ചതോടെ ചൈന 11.2 ഓവറില്‍ വെറും 23 റണ്‍സിന് ഓള്‍ഔട്ടായി. മറുപടി ബാറ്റിങ്ങില്‍ മലേഷ്യ 4.5 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: