തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടി അനുസ്മരണ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കുന്നതിനിടെ മൈക്ക് തടസപ്പെട്ട സംഭവത്തില്‍ എടുത്ത കേസിൽ നിന്നും സർക്കാർ തലയൂരി. പോലീസ് കസ്റ്റഡിയിലെടുത്ത ഉപകരണങ്ങൾ ഉടമയ്‌ക്ക് തിരികെ നൽകി. തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസാണ് സ്വമേധയാ കേസെടുത്തത്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധവും പരിഹാസവും ഉയർന്നു വന്നു. തുടർന്ന് മുഖ്യമന്ത്രി ഇടപെട്ട് കേസ് അവസാനിപ്പിക്കുകയായിരുന്നു.
പൊതുസുരക്ഷയെ ബാധിക്കുംവിധം മൈക്കില്‍ മനഃപൂര്‍വം തകരാറുണ്ടാക്കിയെന്ന് കാട്ടിയാണ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. പിന്നാലെ മൈക്കും ആംപ്ളിഫയറും പിടിച്ചെടുക്കുകയും ചെയ്തിരുന്നു. അനുസ്മരണ പരിപാടിക്കിടെ തിരക്കിനിടയിൽ ആളുകളുടെ കൈ കണ്‍സോളിൽ തട്ടിയതാണ് മൈക്കിൽനിന്നു മുഴക്കമുണ്ടാകാൻ കാരണമെന്ന് മൈക്ക് സെറ്റ് ഉടമ രഞ്ജിത്ത് പോലീസിനെ അറിയിച്ചിരുന്നു. പത്ത് സെക്കൻഡിനുള്ളിൽ തന്നെ തകരാർ പരിഹരിച്ചു. വിഐപിയുടെ സംസാരം മനഃപൂർവം ആരും തടസപ്പെടുത്തില്ലെന്നും ഉടമ പറഞ്ഞു.
സാധാരണ എല്ലാ പരിപാടികൾക്കും ഹൗളിംഗൊക്കെ പതിവാണ്. ചൊവ്വാഴ്ച രാവിലെ പോലീസ് ആംപ്ലിഫയറും മൈക്കും ഹാജരാക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇതെല്ലാം വിദഗ്ധ പരിശോധനയ്‌ക്കു ശേഷം തിരിച്ചു തരാമെന്നാണ് പറഞ്ഞതെന്ന് രഞ്ജിത്ത് പറയുന്നു. പ്രധാനമന്ത്രി ഉൾപ്പെടെയുള്ള ദേശീയ നേതാക്കൾ പങ്കെടുത്ത പരിപാടികളിലെല്ലാം തന്റെ മൈക്ക് സെറ്റ് പ്രവർത്തിപ്പിച്ചിട്ടുണ്ട്. രാഹുൽ ഗാന്ധിക്ക് സ്ഥിരമായി മൈക്ക് നൽകാറുണ്ട്. ഇതുപോലെയുള്ള ഹൗളിംഗ് സാധാരണമാണ്. നേരത്തെ ഇതുപോലെ ഒന്നിനും കേസ് വന്നിട്ടില്ലെന്നും രഞ്ജിത്ത് പറയുന്നു.
കഴിഞ്ഞ പതിനേഴ് വർഷക്കാലത്തിനിടെ കേസ് വരുന്നത് ആദ്യത്തെ അനുഭവമാണെന്നും എസ്.വി. സൗണ്ട്സ് ഉടമ രഞ്ജിത്ത് കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: