ന്യൂദല്‍ഹി: ദ്രൗപദി മുര്‍മു രാഷ്ട്രപതിയായി ചുമതലയേറ്റിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായി. കഴിഞ്ഞ വര്‍ഷം ജൂലൈ 25ന് ആയിരുന്നു സത്യപ്രതിജ്ഞ. ഒരു വര്‍ഷത്തിനിടെ കൂടുതല്‍ ജനങ്ങളിലെത്താന്‍ രാഷ്ട്രപതി ഭവനു സാധിച്ചതില്‍ രാഷ്ട്രപതി സന്തോഷം പ്രകടിപ്പിച്ചു. രാഷ്ട്രപതി പദവിയില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായി നിരവധി പദ്ധതികള്‍ക്ക് ദ്രൗപദി മുര്‍മു തുടക്കം കുറിച്ചു.
പ്രസിഡന്റ്സ് എസ്റ്റേറ്റിലെ ശിവക്ഷേത്രത്തിന്റെ നവീകരണത്തിന് ശിലാസ്ഥാപനം നടത്തി. പ്രസിഡന്റ്സ് എസ്റ്റേറ്റിലെ ഡോ. രാജേന്ദ്ര പ്രസാദ് കേന്ദ്രീയ വിദ്യാലയത്തിലെ ഗ്രൗണ്ടില്‍ ക്രിക്കറ്റ് പവിലിയന് നിര്‍മിക്കുന്നതിനും തറക്കല്ലിട്ടു.
ഇന്റല്‍ ഇന്ത്യയുമായി സഹകരിച്ച് രാഷ്ട്രപതി ഭവന് വികസിപ്പിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കിയ ഗാലറി, രാഷ്ട്രപതി ഭവന്റെ തുണിത്തരങ്ങളുടെ ശേഖരമായ സൂത്ര-കല ദര്‍പ്പണ്‍, വിവിധ ഗോത്ര സമുദായങ്ങളുടെ സാംസ്കാരിക സവിശേഷതകള്‍ പ്രദര്‍ശിപ്പിക്കുന്ന ഗാലറിയായ ജന്‍ജാതിയ ദര്‍പ്പണ്‍ എന്നിവയും ഉദ്ഘാടനം ചെയ്തു.
രാഷ്ട്രപതിയുടെയും രാഷ്ട്രപതി ഭവന്റെയും നവീകരിച്ച വെബ്സൈറ്റും രാഷ്ട്രപതി ഉദ്ഘാടനം ചെയ്തു. ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ സമാഹാരം ഇ-ബുക്ക് രൂപത്തില്‍ പുറത്തിറക്കിയിട്ടുണ്ട്. രാഷ്ട്രപതിയുടെ സെക്രട്ടറി രാജേഷ് വര്‍മ, എന്‍ഐസി ഡയറക്ടര്‍ ജനറല്‍ രാജേഷ് ഗേര, രാഷ്ട്രപതി ഭവനിലെയും എന്ഐസിയിലെയും മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: