ചെറുതുരുത്തി: വള്ളത്തോള്‍ നഗര്‍ ഗ്രാമപഞ്ചായത്തിലെ ഇരട്ടക്കുളത്ത് കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റില്‍ മരം കടപുഴകി വീണ് നാല് വീടുകള്‍ തകര്‍ന്നു. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്ക്. ഇരട്ടക്കുളം കോളനി പ്രദേശത്ത് താമസിക്കുന്ന കോന്നനാത്ത് വടക്കേതില്‍ ശാന്ത, തെക്കേതില്‍ കല്യാണി, താഴത്ത് പറമ്പില്‍ മുജീബ്, പള്ളിവളപ്പില്‍ ആമിനക്കുട്ടി എന്നിവരുടെ വീടുകള്‍ക്ക് മുകളിലേക്ക് മരം കടപുഴകി വീഴുകയായിരുന്നു.
നാല് വീടുകളും അടുത്തടുത്താണ് സ്ഥിതി ചെയ്യുന്നത്. വീടിന്റെ മേല്ക്കൂരകള്ക്കും, ചുമരുകള്‍ക്കും കാര്യമായ നാശം സംഭവിച്ചിട്ടുണ്ട്. സംഭവ സമയത്ത് ശാന്തയുടെ വീട്ടിലുണ്ടായിരുന്ന കാളി (84) യുടെ തലയിലേക്ക് മുകളില്‍ നിന്നും ഓട് വീണതിനെ തുടര്‍ന്നാണ് പരിക്കേറ്റത്. ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞദിവസം വൈകുന്നേരത്തോടെയാണ് ചെറുതുരുത്തിയിലും പരിസര പ്രദേശങ്ങളിലും മിന്നല്‍ ചുഴലിക്ക് സമാനമായ കാറ്റടിച്ചത്. അപകടം നടന്ന വീടുകള്‍ക്ക് സമീപം, എപ്പോള്‍ വേണമെങ്കിലും നിലംപൊത്താവുന്ന തരത്തിലുളള വലിയ മരങ്ങള്‍ ഇനിയും നില്‍ക്കുന്നത് അപകട സാധ്യത വര്‍ധിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: