കാര്‍ഗില്‍ മലനിരകളില്‍ നുഴഞ്ഞുകയറിയ പാക് സൈന്യത്തെ തുരത്തി ഇന്ത്യ നേടിയ ഐതിഹാസിക വിജയത്തിന് ഇന്ന് 24 വയസ്സ്. യുദ്ധത്തില്‍ രാജ്യത്തിന് വേണ്ടി ജീവന് നല്കിയ വീര യോദ്ധാക്കളേയും ഇന്ന് അനുസ്മരിക്കും. കാര്‍ഗില്‍ യുദ്ധത്തില്‍ 527 ധീര ജവാന്മാരെയാണ് രാജ്യത്തിന് നഷ്ടമായത്. ഇവരുടെ ഓര്‍മ്മ പുതുക്കലിനുള്ള ദിവസം കൂടിയാണിന്ന്.
സിയാചിന്‍ മേഖലയുമായി ബന്ധിപ്പിക്കുന്ന ശ്രീനഗര്‍- കാര്‍ഗില്‍ ലേ ഹൈവേ ഉള്‍പ്പെടെ നിര്‍ണായക പ്രദേശങ്ങള്‍ അധീനതയിലാക്കാന്‍ ലക്ഷ്യമിട്ടാണ് പാക്കിസ്ഥാന് സൈനികര്‍ കാര്‍ഗില്‍ മലനിരകളിലേക്ക് നുഴഞ്ഞുകയറിയത്. 16,000 മുതല്‍ 18,000 അടി വരെ ഉയരത്തിലുള്ള മലനിരകളില്‍ 5000-ത്തോളം പാക് സൈനികരും ഭീകരരും നുഴഞ്ഞുകറി.
തുടര്‍ന്ന് 1999 മെയ് 8നാണ് കാര്‍ഗില്‍ യുദ്ധം ആരംഭിക്കുന്നത്. ഓപ്പറേഷന് വിജയ് എന്ന പേരില്‍ രണ്ടര മാസത്തോളം നീണ്ട പോരാട്ടത്തില്‍ ഇന്ത്യന്‍ സൈന്യം പാക്കിസ്ഥാന് പിടിച്ചെടുത്ത പ്രദേശങ്ങളെല്ലാം തിരിച്ചുപിടിച്ചു. 1999 ജൂലൈ 14-ന് ഇന്ത്യ പാക്കിസ്ഥാന് മേല്‍ വിജയം നേടിയതായി അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി അറിയിച്ചു. തുടര്‍ന്ന് ജൂലൈ 26-ന് യുദ്ധം അവസാനിച്ചതായും അദ്ദേഹം ഔദ്യോഗിക പ്രഖ്യാപനം നടത്തി.
എന്നാല്‍ യുദ്ധത്തിന് പിന്നില്‍ ഭീകരര്‍ ആണെന്നാണ് പാക്കിസ്ഥാന് പ്രതികരിച്ചത്. പിന്നീട് ലോകത്തിന് മുന്നില്‍ പാക്കിസ്ഥാന്റെ മുഖംമുടി അഴിഞ്ഞുവീഴുകയും പാക് പങ്ക് കൃത്യമായി പുറത്തുവരികയും ചെയ്തു. യുദ്ധത്തില്‍ 527 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യുവരിച്ചപ്പോള്‍ 1,200 പാക് സൈനികരെങ്കിലും കൊല്ലപ്പെട്ടതായാണ് കണക്കുകള്‍.
കാര്‍ഗില്‍ വിജയ് ദിവസില്‍ ലഡാക്കിലെ യുദ്ധസ്മാരകത്തിലും ദല്‍ഹിയിലും വിവിധ പരിപാടികള്‍ നടക്കും. രാഷ്ട്രപതി ദ്രൗപദി മുര്‍മു ഉള്‍പ്പെടെയുള്ളവര്‍ ധീരസൈനികരുടെ ഓര്‍മകള്‍ക്കു പ്രണാമമര്‍പ്പിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യ ഗേറ്റിലെ അമര്‍ ജവാന് ജ്യോതിയിലെത്തി പ്രണാമങ്ങള്‍ അര്‍പ്പിക്കും. ലഡാക്കിലെ ചടങ്ങില്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പങ്കെടുക്കും. കാര്‍ഗില്‍ സന്ദേശവുമായി ദല്‍ഹിയില്‍നിന്ന് കശ്മീരിലേക്ക് വനിതകളുടെ ബൈക്ക് റാലിയുമുണ്ട്. കൂടാതെ ലാചെന്‍ വ്യു പോയിന്റില്‍ ഇന്ത്യന്‍ സൈനികരുടെ ത്യാഗം വ്യക്തമാക്കുന്ന പ്രത്യേക വിഡിയോയും പ്രദര്‍ശിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: