Categories: Business

മോദിയുടെ നയങ്ങള്‍; ഓഹരി വിപണിയില്‍ പൊതുമേഖലയിലുള്ള പ്രതിരോധ കമ്പനികളും കപ്പല്‍ നിര്‍മ്മാണ ശാലകളും സൂപ്പര്‍ സ്റ്റാറുകള്‍

Published by

ന്യൂദല്‍ഹി:പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ ശക്തമായ പുത്തന്‍നയങ്ങളിലൂടെ ഇന്ത്യയെ ശക്തമാക്കുമ്പോള്‍ പൊതുമേഖലയിലുള്ള ഒരു പിടി കമ്പനികള്‍ക്ക് ഓഹരിവിപണയില്‍ വലിയ ഡിമാന്‍റ്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പ്രതിരോധമേഖലയിലെ കമ്പനികളുടെയും കപ്പല്‍നിര്‍മ്മാണശാലകളുടെയും ഓഹരികള്‍ ചൂടപ്പമാണ്. ഇന്ത്യയിലെ നിക്ഷേപകര്‍ മാത്രമല്ല, വിദേശത്തെ നിക്ഷേപസ്ഥാപനങ്ങളും ഈ ഓഹരികള്‍ വാങ്ങിക്കൂട്ടുമ്പോള്‍ ഇവയുടെ വിലയും കുതിച്ചുകയറുകയാണ്.  

പ്രതിരോധരംഗത്തെ ചുവടുവെയ്പ്

അക്കൂട്ടത്തില്‍ എടുത്തുപറയേണ്ട ഒരു കമ്പനിയാണ് എച്ച് എഎല്‍ എന്ന ബെംഗളൂരുവിലെ ഹിന്ദുസ്ഥാന്‍ എയ്റോ നോട്ടിക്സ്, എച്ച് എഎല്‍ ഓഹരി ഇപ്പോള്‍ 3800 രൂപയില്‍ എത്തിനില്‍ക്കുമ്പോള്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഓഹരി ഉടമകള്‍ക്ക് എച്ച് എഎല്‍ നല്‍കിയത് 395 ശതമാനത്തിന്റെ ലാഭം. അതായത് അഞ്ച് വര്‍ഷത്തിനകം ഓഹരി വില അഞ്ച് മടങ്ങായാണ് വര്‍ധിച്ചത്. ലഘുയുദ്ധവിമാനങ്ങള്‍ ഉള്‍പ്പെടെ പ്രതിരോധമേഖലയ്‌ക്കാവശ്യമായ ഒട്ടേറെ ആയുധങ്ങള്‍ എച്ച് എഎല്‍ നിര്‍മ്മിയ്‌ക്കുന്നു.  

മോദിയുടെ പ്രതിരോധനയമാറ്റത്തെതുടര്‍ന്ന് ശ്രദ്ധാകേന്ദ്രമായ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒട്ടേറെ കപ്പല്‍ നിര്‍മ്മാണശാലകളുടെ ഓഹരികള്‍ക്കും വന്‍ഡിമാന്‍റാണ്. കൊച്ചിന്‍ ഷിപ് യാര്‍ഡിന്റെ ഓഹരി കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് 117 ശതമാനം ലാഭമാണ് നേടിക്കൊടുത്തത്. നേവിക്ക് വേണ്ട പുതിയ യുദ്ധക്കപ്പലുകള്‍ മാത്രമല്ല, വിദേശരാഷ്‌ട്രങ്ങള്‍ക്കാവശ്യമായ യുദ്ധക്കപ്പലുകള്‍  കൂടി നിര്‍മ്മിക്കാനുള്ള കരാറുകള്‍ മൂലം കൊച്ചിന്‍ ഷിപ് യാര്‍ഡ് വളര്‍ച്ചയുടെ കാര്യത്തില്‍ കുതിച്ചുചാടുകയാണ്. ബംഗാളിലുള്ള മറ്റൊരു കപ്പല്‍ നിര്‍മ്മാണ ശാലയാണ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഗാര്‍ഡന്‍ റീച്ച് ഷിപ് ബില്‍ഡേഴ്സ് ആന്‍റ് എഞ്ചിനിയേഴ്സ്. (ജിആര്‍എസ്ഇ). ഈ ഓഹരിയുടെ വില ഒരു വര്‍ഷത്തില്‍ 48 ശതമാനത്തിലധികം വളര്‍ച്ച നിക്ഷേപകര്‍ക്ക് നേടിക്കൊടുത്തു. മോദിയുടെ വരവിന് ശേഷം കോടികളുടെ ഓര്‍ഡറുകളാണ് ഈ പൊതുമേഖലാ സ്ഥാപനം നേടിയത്.  

ഗോവയിലുള്ള കേന്ദ്രസര്‍ക്കാര്‍ കപ്പല്‍നിര്‍മ്മാണശാലയായ മസ്ഗോണ്‍ ഡോക് ഷിപ് ബില്‍ഡേഴ്സിന്റെ ഓഹരി വിലയില്‍ 592 ശതമാനം വളര്‍ച്ചയാണ് ഉണ്ടായത്. 2022 ജൂലായില്‍ വെറും 216 രൂപ വിലയുണ്ടായിരുന്ന ഓഹരി ഇപ്പോള്‍ 1819 രൂപയില്‍ എത്തിനില്‍ക്കുന്നു. പ്രതിരോധമേഖലയിലെ കപ്പലുകള്‍ നിര്‍മ്മിക്കാനുള്ള കോടാനുകോടികളുടെ ബിസിനസാണ് ഈ കമ്പനിക്ക് ലഭിച്ചിരിക്കുന്നത്. 

രാസവള മേഖലയിലെ മാറ്റം

അതുപോലെ മോദിയുടെ രാസവള നയം കൊണ്ട് വന്‍വളര്‍ച്ച നേടിയ കമ്പനിയാണ് എഫ് എസിടി. നേരത്തെ മരണതുല്യമായി ഊര്‍ദ്ധശ്വാസം വലിച്ചിരുന്ന ഈ കമ്പനി ഇപ്പോള്‍ രാസവളങ്ങള്‍ വിദേശരാഷ്‌ട്രങ്ങളിലേക്ക് വരെ കയറ്റുമതി ചെയ്യുന്നു. ഈ സര്‍ക്കാര്‍ സ്ഥാപനത്തിന്റെ ഓഹരി വിലയിലും വന്‍കുതിപ്പുണ്ടായി. പിഎം പ്രണാം പദ്ധതി കൂടി നടപ്പാക്കിയാല്‍ ഈ എഫ് എസിടി കമ്പനികള്‍ കൂടുതല്‍ കുതിയ്‌ക്കും. ഇവിടെ പുതിയ പ്ലാന്‍റുകള്‍ സ്ഥാപിച്ച് ഉല്‍പാദനം കൂട്ടിയതും കമ്പനിയുടെ വളര്‍ച്ചയ്‌ക്ക് കാരണമായി. ഒരു വര്‍ഷം കൊണ്ട് 362 ശതമാനം വളര്‍ച്ചയാണ് ഫാക്ട് എന്നറിയപ്പെടുന്ന എഫ് എസിടി നേടിയത്.  

റെയില്‍വേയുടെ കുതിപ്പ്

റെയില്‍വേയുമായി ബന്ധപ്പെട്ട പൊതുമേഖല സ്ഥാപനങ്ങളായ കണ്‍ടെയ്നര്‍ കോര്‍പറേഷന്‍, ഐആര്‍സിടിസി, ആര്‍വിഎന്‍എല്‍, റൈറ്റ്സ്, ഇര്‍കോണ്‍ എന്നീ കമ്പനികളുടെ ഓഹരിവിലകളും കുതിച്ചുയരുകയാണ്. ഇതും മോദി സര്‍ക്കാര്‍ റെയില്‍വേ മേഖലയില്‍ കൊണ്ടുവന്ന പരിഷ്കാരങ്ങളുടെ ഗുണഫലമാണ്.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക