മണിപ്പൂര്‍ കലാപത്തിന്റെ പേരില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളെയും പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതെ പ്രതിപക്ഷ പാര്‍ട്ടികള്‍ ബഹളം തുടരുകയാണ്. വിഷയം ചര്‍ച്ച ചെയ്യാന്‍ ഒരുക്കമാണെന്ന് വര്‍ഷകാല സമ്മേളനം ആരംഭിക്കുന്നതിനു മുന്‍പു നടന്ന സര്‍വകക്ഷി സമ്മേളനത്തില്‍ സര്‍ക്കാര്‍ വ്യക്തിമാക്കിയിട്ടും ഏറ്റുമുട്ടലിന്റെ പാതയാണ് പ്രതിപക്ഷം സ്വീകരിക്കുന്നത്. മണിപ്പൂരില്‍ ഏകപക്ഷീയമായി വംശഹത്യ നടക്കുകയാണെന്ന കുപ്രചാരണമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്നത്. ഈ പ്രചാരത്തിലൂടെ ആ സംസ്ഥാനം ഭരിക്കുന്ന ബിജെപി സര്‍ക്കാരിനെയും കേന്ദ്ര സര്‍ക്കാരിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്താമെന്ന ദുഷ്ടലാക്കാണ് പ്രതിപക്ഷത്തിനുള്ളത്. പാര്‍ലമെന്റില്‍ വിഷയം ചര്‍ച്ച ചെയ്താല്‍ ഈ കുതന്ത്രം പൊളിയുമെന്നതാണ് പ്രതിപക്ഷത്തിന്റെ പ്രശ്നം. അതുകൊണ്ടാണ് മണിപ്പൂര്‍ കലാപത്തെ എതിര്‍ക്കുകയാണെന്ന പേരില്‍ ചര്‍ച്ചയ്ക്ക് തയ്യാറാവാത്തത്. മണിപ്പൂരിലെ ജനവിഭാഗങ്ങളെക്കുറിച്ച് പ്രാഥമികമായ ധാരണപോലുമില്ലാത്തവരും, അവിടത്തെ യഥാര്‍ത്ഥ പ്രശ്നം മറച്ചുവയ്ക്കുന്നവരുമാണ് മറ്റ് സംസ്ഥാനങ്ങളില്‍ അതിന്റെ പേരില്‍ കോലാഹലമുണ്ടാക്കുന്നത്. മണിപ്പൂരിലേത് ഹിന്ദു-ക്രൈസ്തവ സംഘര്‍ഷമായി ലഘൂകരിക്കുകയാണ് ഇക്കൂട്ടര്‍ ചെയ്യുന്നത്. ഹിന്ദുക്കളായ മെയ്തേയികളും ക്രൈസ്തവരായ കുക്കികളും തമ്മിലുള്ള പ്രശ്നമായി മണിപ്പൂരിലെ സംഘര്‍ഷത്തെ കാണുന്നത് വസ്തുതകള്‍ക്ക് വിരുദ്ധമാണ്. മെയ്തേയികളില്‍ തന്നെ ക്രൈസ്തവരും മുസ്ലിങ്ങളുമുണ്ടെന്ന സത്യം ഇക്കൂട്ടര്‍ മൂടിവയ്ക്കുന്നു.
മണിപ്പൂരിലെ തനതു ജനവിഭാഗമായ മെയ്തേയികള്‍ക്ക് ഗോത്രവര്‍ഗ പദവി നല്‍കുന്നതിനെ അനുകൂലിക്കുന്ന ഹൈക്കോടതി വിധി വന്നതിനെ തുടര്‍ന്ന് അതിനെതിരെ കുക്കി വിഭാഗത്തില്‍പ്പെട്ടവര്‍ അക്രമത്തിന് തുടക്കമിടുകയായിരുന്നു. ആരാധനാലയങ്ങള്‍ക്കു നേരെയും അക്രമങ്ങള്‍ ഉണ്ടായപ്പോള്‍ അതിന് തിരിച്ചടിയുണ്ടായി. കുക്കികള്‍ ഇതുവരെ അനുഭവിച്ചിരുന്ന സംവരണാനുകൂല്യം മെയ്തേയി വിഭാഗത്തിനും ലഭിക്കുമെന്നതാണ് ഒരു പ്രശ്നം. മണിപ്പൂരിന്റെ തൊണ്ണൂറ് ശതമാനം വരുന്ന മലനിരകളില്‍ സ്ഥലം വാങ്ങാനും താമസിക്കാനും മെയ്തേയികള്‍ക്കുള്ള നിയമപരമായുണ്ടായ തടസ്സം നീങ്ങും. ഇത് രണ്ടുമാണ് കുക്കി വിഭാഗത്തെ കലാപത്തിന് പ്രേരിപ്പിച്ചത്. എതിരായ ഒരു കോടതിവിധിയുണ്ടായാല്‍ അതിനെ മറികടക്കാന്‍ നിയമപരമായ മാര്‍ഗങ്ങളുള്ളപ്പോള്‍ അതിന് നില്‍ക്കാതെ കലാപത്തിലേക്ക് എടുത്തുചാടിയതിനുപിന്നില് ആഭ്യന്തര-വൈദേശിക ശക്തികളുടെ കൈകളുണ്ട്. ചൈനയില്‍നിന്നും മ്യാന്മറില്നിന്നും മറ്റും സാമ്പത്തിക- സായുധ സഹായങ്ങള്‍ കുക്കി വിഭാഗത്തില്‍പ്പെട്ട അക്രമികള്‍ക്ക് വന്‍തോതില്‍ ലഭിച്ചതായാണ് വിവരം. കലാപം അടിച്ചമര്‍ത്താനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളെ അട്ടിമറിക്കുന്ന വിധത്തില്‍ സമൂഹമാധ്യമങ്ങളിലൂടെ അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ചത് എരിതീയില്‍ എണ്ണയൊഴിച്ചു. മറ്റിടങ്ങളില്‍ നടന്ന കൊലപാതകങ്ങളുടെ ദൃശ്യങ്ങള്‍പോലും മണിപ്പൂരിലേതാണെന്ന് കാണിച്ച് പ്രചരിപ്പിച്ചത് വന്‍ പ്രകോപനത്തിനിടയാക്കി. മെയ് മൂന്നിന് രണ്ട് സ്ത്രീകള്‍ ക്രൂരമായി ആക്രമിക്കപ്പെട്ടതിനു പിന്നില്‍ ഇത്തരം കുപ്രചാരണമായിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്. ഇന്റര്‍നെറ്റിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം അധികൃതര്‍ നീക്കിയതോടെ ഇത്തരം തെറ്റായതും പ്രകോപനപരവുമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ തുടങ്ങിയത് സ്ഥിതിഗതികളെ വഷളാക്കി.
മണിപ്പൂര്‍ കലാപത്തിന്റെ പേരില്‍ ആര്‍എസ്എസിനെയും ബിജെപിയെയും അപകീര്‍ത്തിപ്പെടുത്താനുള്ള ആസൂത്രിതമായ ശ്രമം നടന്നത് ഇപ്പോള്‍ പുറത്തായിരിക്കുകയാണ്. മെയ് മൂന്നിലെ സംഭവത്തിന് ഉത്തരവാദികള്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് കാണിച്ച് അവരുടെ ചിത്രം സഹിതം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. എന്നാല്‍ ഈ സംഭവവുമായി യാതൊരു ബന്ധവുമില്ലാത്ത ബിജെപി നേതാവിന്റെയും മകന്റെയും ചിത്രമായിരുന്നു ഇത്. സിപിഎമ്മിന്റെ പൊളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലിയും ദല്‍ഹി ജെഎന്‍യുവിലെ ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ വനിതാ നേതാവും ഈ ചിത്രങ്ങള്‍ അങ്ങേയറ്റം നിരുത്തരവാദപരമായി ട്വിറ്ററില്‍ പങ്കുവച്ചു. ഇവരാണ് കൊലപാതകികള്‍ എന്ന കുറിപ്പോടെയായിരുന്നു സുഭാഷിണിയുടെ ട്വീറ്റ്. ഇതിനെതിരെ പോലീസില്‍ പരാതിവന്നതോടെ അവര്‍ മാപ്പുപറഞ്ഞു. തനിക്ക് തെറ്റിയെന്നു പറഞ്ഞ് ട്വീറ്റു ചെയ്തപ്പോഴും ആദ്യത്തെ ട്വീറ്റ് തിരുത്താന്‍ അവര്‍ തയ്യാറായില്ല എന്നത് സഹജമായ കാപട്യത്തിന് തെളിവാണ്. സംഘപരിവാറിനെതിരെ അടിസ്ഥാനരഹിതമായ വിമര്‍ശനമുന്നയിച്ച സിപിഎം നേതാവും ആരോഗ്യമന്ത്രിയുമായിരുന്ന കെ.കെ. ശൈലജയ്ക്കെതിരെയും നിയമനടപടി വരികയാണ്. സുഭാഷിണി അലിയെപ്പോലെ ശൈലജയും മാപ്പു പറയേണ്ടിവരും. മണിപ്പൂരില്‍ നടക്കുന്നത് ക്രൈസ്തവ വേട്ടയായി ചിത്രീകരിച്ച് കേരളത്തില്‍ രാഷ്ട്രീയ മുതലെടുപ്പിനാണ് സിപിഎമ്മും ഇടതുമുന്നണി സര്‍ക്കാരും ശ്രമിക്കുന്നത്. ഉമ്മന്‍ചാണ്ടിയുടെ സ്വന്തം മണ്ഡലമായ പുതുപ്പള്ളിയില്‍ നടക്കാന്‍ പോകുന്ന ഉപതെരഞ്ഞെടുപ്പില്‍ ഇത്തരമൊരു കാര്‍ഡിറക്കി നേട്ടം കൊയ്യാമെന്ന് സിപിഎം കണക്കുകൂട്ടുന്നു. വസ്തുതകള്‍ മനസ്സിലാക്കി ഈ നീചമായ രാഷ്ട്രീയത്തെ തള്ളിപ്പറയാന്‍ ക്രൈസ്തവ ന്യൂനപക്ഷം തയ്യാറാവുമെന്ന് പ്രതീക്ഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: