കൊച്ചി: താന്‍ ഉള്‍പ്പെടെയുളള ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ അവഗണിക്കുകയാണെന്നും ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിനുളള അവാര്‍ഡില്‍ അട്ടിമറി നടക്കുകയാണെന്നും നടിയും ട്രാന്‍സ്‌ജെന്‍ഡറുമായ റിയ ഇഷ ആരോപിച്ചു. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ സ്ത്രീ സംവിധായകയ്‌ക്ക് അവാര്‍ഡ് നല്കിയത് നീതികരിക്കാന്‍ കഴിയില്ല. അവാര്‍ഡ് പുനഃപരിശോധിക്കാന്‍ ആവശ്യപ്പെട്ട് മന്ത്രി സജി ചെറിയാനും ചലച്ചിത്ര അക്കാദമിക്കും പരാതി നല്കി. അവാര്‍ഡ് നിര്‍ണയവുമായി ബന്ധപ്പെട്ട് ജൂറി നിലപാട് വ്യക്തമാക്കാത്ത പക്ഷം കോടതിയെ സമീപിക്കും. കഴിഞ്ഞ വര്‍ഷം മുതലാണ് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തെ അവാര്‍ഡില്‍ ഉള്‍പ്പെടുത്തിയത്.
ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ മുഴുനീള ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രമായി മലയാളത്തില്‍ ആദ്യമായി എത്തിയ ചിത്രമാണ് ശ്രീകാന്ത് ശ്രീധരന്‍ സംവിധാനം ചെയ്ത ‘അദേഴ്‌സ്. ട്രാന്‍സ്‌ജെന്‍ഡര്‍ റിയ ഇഷ നായികയായ ഈ ചിത്രം ഉള്‍പ്പടെ നിരവധി ചിത്രങ്ങളാണ് ഇത്തവണത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ ഉണ്ടായിരുന്നത്. ഈ ചിത്രങ്ങളൊന്നും പരിഗണിക്കാതെയാണ് മറ്റൊരു ചിത്രത്തിന്റെ സംവിധായകയ്‌ക്ക് ഈ കാറ്റഗറിയില്‍ അവാര്‍ഡ് നല്കിയതെന്ന് സംവിധായകന്‍ ശ്രീകാന്ത് ശ്രീധരനും ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: