ജയ്പൂര്‍: രാജസ്ഥാനില്‍ കഴിഞ്ഞ ദിവസം മന്ത്രിസഭയില്‍ നിന്നും പുറത്താക്കിയ രാജേന്ദ്ര സിങ് ഗൂഢയ്‌ക്കുനേരെ നിയമസഭയില്‍ കോണ്‍ഗ്രസ് അക്രമം. മണിപ്പൂരിലേക്ക് നോക്കുന്നതിനുമുന്‍പ് രാജസ്ഥാനില്‍ സ്ത്രീകള്‍ക്കുനേരെ നടക്കുന്ന അക്രമങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് മന്ത്രിസഭയില്‍ നിന്നും ഗൂഢയെ പുറത്താക്കിയത്.
ഇന്നലെ സഭയിലെത്തിയ ഗൂഢയെ സഭാ കവാടത്തില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ തടഞ്ഞു. സഭാനടപടികള്‍ നടക്കുന്നതിനിടെയായിരുന്നു രാജേന്ദ്ര സിങ് സഭയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചത്. തുടര്‍ന്ന് സ്പീക്കറുടെ ചേംബറിന് മുമ്പിലെത്തിയെങ്കിലും കൈയിലുള്ള ‘റെഡ് ഡയറി’യിലെ ‘രഹസ്യം’ വെളിപ്പെടുത്താന്‍ അദ്ദേഹത്തെ അനുവദിച്ചില്ല. ഡയറിയില്‍ ഗെഹ്‌ലോട്ട് സര്‍ക്കാരിന്റെ അഴിമതിയുടെ രേഖകളാണെന്ന് അദ്ദേഹം അവകാശപ്പെട്ടു.
സഭാ കവാടത്തില്‍ വച്ച് തടഞ്ഞതിന് പിന്നാലെ രാജേന്ദ്ര സിങ് ഗൂഢ തന്റെ കൈയിലിരിക്കുന്ന റെഡ് ഡയറി ഉയര്‍ത്തിക്കാട്ടി. തുടര്‍ന്ന് സ്പീക്കര്‍ സി.പി. ജോഷി അദ്ദേഹത്തോട് ചേംബറിലേക്ക് വരാന്‍ പറഞ്ഞു. കുറച്ചുസമയത്തിനുള്ളില്‍ പാര്‍ലമെന്ററികാര്യ മന്ത്രി ശാന്തി ധരിവാളിന് മുമ്പിലെത്തി ഗൂഢ അദ്ദേഹവുമായി സംസാരിക്കുന്നതിനിടെ കോണ്‍ഗ്രസ് എംഎല്‍എ റാഫിക് ഖാന്‍ ചീറിയടുത്ത് ഗുഢയെ പിടിച്ചുതള്ളി. മറ്റുപാര്‍ട്ടികളിലെ എംഎല്‍എമാരെത്തിയാണ് അദ്ദേഹത്തെ രക്ഷിച്ചത്. അക്രമത്തിനെതിരെ ബിജെപി എംഎല്‍എമാര്‍ ശക്തമായി പ്രതിഷേധിച്ചതോടെ സ്പീക്കര്‍ സഭ പിരിച്ചു വിട്ടു.
റെഡ് ഡയറിയില്‍ അതീവ രഹസ്യരേഖകള്‍ അടങ്ങിയിട്ടുണ്ടെന്നാണ് സഭ സമ്മേളിക്കുന്നതിനുമുന്‍പ് ഗൂഢ വാര്‍ത്താലേഖകരോട് പറഞ്ഞത്. റെഡ് ഡയറിയെക്കുറിച്ച് പ്രസ്താവന നടത്താന്‍ ശ്രമിച്ചെങ്കിലും സ്പീക്കര്‍ അനുവദിച്ചില്ലെന്നും ഗൂഡ പറഞ്ഞു. അമ്പതോളം വരുന്ന ആളുകള്‍ ആക്രമിച്ചു. അവര്‍ ഇടിക്കുകയും ചവിട്ടുകയും നിയമസഭയില്‍ നിന്ന് കോണ്‍ഗ്രസ് നേതാവ് വലിച്ചിഴച്ചതായും ഗൂഢ പൊട്ടിക്കരഞ്ഞുകൊണ്ട് മാധ്യമങ്ങളോട് പറഞ്ഞു. സഭാ ചെയര്‍മാന്‍ എന്നെ സംസാരിക്കാന്‍ അനുവദിച്ചില്ല. ഞാന്‍ ബിജെപിയിലാണെന്നാണ് അവരുടെ ആരോപണം. എന്നാല്‍ എന്താണ് ഞാന്‍ ചെയ്ത തെറ്റെന്ന് അറിയണമെന്നും ഗൂഢ പറഞ്ഞു. എന്റെ ‘റെഡ് ഡയറി’ നിയമസഭയില്‍ അവതരിപ്പിക്കണമെന്നുണ്ടായിരുന്നു, അദ്ദേഹം പറഞ്ഞു. തന്നെ പിടിച്ചുതള്ളിയശേഷം മന്ത്രി ശാന്തി ധരിവാളും മറ്റും ഡയറി കൈയില്‍ നിന്നും തട്ടിപ്പിറിക്കാന്‍ ശ്രമിക്കുകയും കൂറെ ഭാഗങ്ങള്‍ കീറിപ്പോവുകയും ചെയ്തതായി ഗൂഢ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: